
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്ത നടി സുമി ഹർ ചൗധരിയെ വഴിയോരത്ത് അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തി. ജൂലൈ 14ന് പൂർബ ബർധമാൻ ജില്ലയിൽ അമില ബസാർ എന്ന സ്ഥലത്തിനടുത്തുള്ള ബർധമാൻ അരമ്പാഗ് സംസ്ഥാന പാതയിൽ കറുത്ത ഷർട്ടും ഷോർട്ട്സും ധരിച്ച് ഒരു കടലാസിൽ എന്തോ എഴുതിക്കൊണ്ടിരുന്ന നിലയിലാണ് സുമിയെ പ്രദേശവാസികൾ കണ്ടെത്തിയത്.
"ഞാൻ സുമി ഹർ ചൗധരി, ഒരു നടിയാണ്," എന്ന് അവർ പ്രദേശവാസികളോട് പറഞ്ഞതോടെയാണ് ആളുകൾ അവരെ തിരിച്ചറിഞ്ഞത്. തുടർന്ന്, സോഷ്യൽ മീഡിയയിൽ തിരഞ്ഞപ്പോൾ, അവർ ശരിക്കും ഒരു ബംഗാളി സിനിമ, ടെലിവിഷൻ നടിയാണെന്ന് വ്യക്തമായി. ശ്രീജിത് മുഖർജി സംവിധാനം ചെയ്ത 'ദ്വിതീയ പുരുഷ്' എന്ന സിനിമയിലും നസറുദ്ദീൻ ഷാ നായകനായ 'ഖാഷി കഥ: എ ഗോട്ട് സാഗ' എന്ന ചിത്രത്തിലും സുമി സഹനടിയായി അഭിനയിച്ചിട്ടുണ്ട്.
'രൂപ്‌സാഗോർ മോനേർ മനുഷ്', 'തുമി ആഷേ പാഷേ താഖ്‌ലെ' തുടങ്ങിയ ബംഗാളി ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചു. സുമിയുടെ സംസാരത്തിൽ അസ്വാഭാവികത ശ്രദ്ധിച്ച പ്രദേശവാസികൾ, അവർ മാനസികമായി അസ്വസ്ഥയാണെന്ന് സംശയിച്ചു. സുമിയെ മൂന്ന് മാസമായി കാണാതായിരിക്കുകയാണ് എന്ന് റിപ്പോർട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബർധമാൻ സദർ സൗത്തിന്റെ സബ്-ഡിവിഷണൽ പൊലീസ് ഓഫീസർ അഭിഷേക് മണ്ഡലിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം നടിയെ ഒരു ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
"ഞങ്ങൾ ബെഹാല പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അവരുടെ കുടുംബത്തെ കണ്ടെത്താൻ ശ്രമിക്കുകയാണ്" അഭിഷേക് മണ്ഡൽ പറഞ്ഞു. സുമി ഇടയ്ക്ക് കൊൽക്കത്തയിലാണ് താമസമെന്നും, മറ്റൊരു സമയത്ത് ബോൾപൂരിൽ നിന്നാണെന്നും പറയുന്നതിനാൽ അവരുടെ കുടുംബത്തിന്റെ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ഒരുകാലത്ത് ബംഗാളി സിനിമ, ടെലിവിഷൻ രംഗങ്ങളിൽ തിളങ്ങിയിരുന്ന സുമിയുടെ ഇപ്പോഴത്തെ അവസ്ഥ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അവരുടെ കുടുംബത്തെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ തുടരുകയാണ് എന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങളിലെ വാർത്ത.