'ഫ്രണ്ട്സ്', 'ചിയേഴ്സ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സിറ്റ്‌കോം പരമ്പരകളുടെ സംവിധായകൻ ജെയിംസ് ബറോസ് (85) അന്തരിച്ചു. കുടുംബമാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണമോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
1974ൽ 'ദ മേരി ടൈലർ മൂർ ഷോ'യിലൂടെയാണ് ജെയിംസ് ബറോസ് ടെലിവിഷൻ കരിയർ ആരംഭിക്കുന്നത്. തുടർന്ന് അമ്പതിലധികം ടെലിവിഷൻ പൈലറ്റ് എപ്പിസോഡുകൾ സംവിധാനം ചെയ്തു. അമേരിക്കൻ സിറ്റ്‌കോമുകളുടെ ശൈലി തന്നെ മാറ്റിയെഴുതുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. ടെലിവിഷനിലെ ഏറ്റവും മികച്ച കോമഡി പരമ്പരകളിലൊന്നായ 'ചിയേഴ്സി'ന്റെ സഹ സ്രഷ്ടാവാണ്. ഇതിന് പുറമേ 'ടാക്‌സി', 'വിൽ ആൻഡ് ഗ്രേസ്', 'ഫ്രോസിയർ', 'ദ ബോബ് ന്യൂഹാർട്ട് ഷോ', 'മൈക്ക് ആൻഡ് മോളി' തുടങ്ങിയ നിരവധി ജനപ്രിയ ഷോകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ടെലിവിഷൻ രംഗത്തെ ഇതിഹാസങ്ങൾക്കൊപ്പമാണ് ജെയിംസ് ബറോസിന്റെ സ്ഥാനം. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ 11 എമ്മി അവാർഡുകളാണ് അദ്ദേഹം നേടിയത്. കൂടാതെ അഞ്ച് ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക അവാർഡുകളും സ്വന്തമാക്കി. ടെലിവിഷൻ സംവിധാന രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2015ൽ ഡയറക്ടേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു.