"യഷ് , ചുറ്റുമുള്ളവർ എന്റെ കഴിവിൽ സംശയിച്ചപ്പോൾ, എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചതിന് നന്ദി"; കണ്ണുനിറഞ്ഞ് ഗീതു മോഹൻദാസ്

സിനിമയുടെ ഭാഗമായി നിന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നതായും ഗീതു
'ടോക്സിക്' ട്രെയ്‌ലർ ലോഞ്ചിൽ ഗീതു മോഹൻദാസ്
'ടോക്സിക്' ട്രെയ്‌ലർ ലോഞ്ചിൽ ഗീതു മോഹൻദാസ്
Published on
Updated on

ബെംഗളൂരു: ഇന്ത്യൻ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് യഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. 'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ട്രെയ്‌ലർ ലോഞ്ചിങ് ചടങ്ങിൽ സിനിമയുടെ നിർമാതാവും സഹ രചയിതാവും കൂടിയായ യഷിനെപ്പറ്റി ഗീതു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

" കണ്ടുമുട്ടുന്നവരെല്ലാം യഷിനൊപ്പം വർക്ക് ചെയ്തത് എങ്ങനെയുണ്ടെന്നാണ് എന്നോട് ചോദിക്കുന്നത്. എല്ലാവർക്കും അദ്ദേഹം എന്താണെന്ന് നിങ്ങൾ ഇപ്പോൾ നേരിട്ട് കണ്ടതാണ്. അതുകൊണ്ടുതന്നെ, അതിനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ കിട്ടാറില്ല. അവിടെയിരുന്നപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു, 'ഞാൻ എന്താണ് പറയുക? എന്താണ് പറയുക?' എന്ന്. കാരണം യഷ് എനിക്ക് ഒരു മികച്ച നിർമാതാവോ, പ്രതിഭയുള്ള നടനോ, അപാരപ്രതിഭയുള്ള ഒരു കോ റൈറ്ററോ മാത്രമല്ല. എനിക്ക് യഷ് ഒരു വികാരമാണ്, വളരെ ആഴത്തിലുള്ള ഒരു വികാരം. ഈ സിനിമയ്ക്ക് ശേഷം എന്റെ വഴി എന്തായിരിക്കും, ഞാൻ എങ്ങോട്ടാണ് പോകുക എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ഞാൻ നിങ്ങളുടെ ഒരു ഭാഗം എന്നോടൊപ്പം കൊണ്ടുപോകും. എന്റെ ജീവിതത്തിൽ ഇനി എന്തൊക്കെ സൃഷ്ടിച്ചാലും, അതിന്റെ ആത്മാവിൽ നിങ്ങളുണ്ടാകും യഷ്. ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു," എന്നാണ് ഗീതു മോഹൻദാസ് പറഞ്ഞത്. കണ്ണുനീരോടെയാണ് ഗീതു ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചത്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന 'ടോക്സിക്' ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.

'ടോക്സിക്' ട്രെയ്‌ലർ ലോഞ്ചിൽ ഗീതു മോഹൻദാസ്
ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്! 'ടോക്സിക്' ട്രെയ്‌ലർ പുറത്ത്

നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com