"ടോക്സിക് അത്ഭുതപ്പെടുത്തി, അവസാന അരമണിക്കൂർ അതിമനോഹരം"; പ്രശംസിച്ച് ഹേമന്ത് റാവു

ഗീതു മോഹൻദാസ്, കെ.വി.എൻ പ്രൊഡക്ഷൻസ്, യഷ് എന്നിവരോട് വലിയ ബഹുമാനം തോന്നുന്നുവെന്ന് ഹേമന്ത്
"ടോക്സിക് അത്ഭുതപ്പെടുത്തി, അവസാന അരമണിക്കൂർ 
അതിമനോഹരം"; പ്രശംസിച്ച് ഹേമന്ത് റാവു
Published on
Updated on

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺഅപ്സി'നെ പ്രശംസിച്ച് കന്നഡ സംവിധായകൻ ഹേമന്ത് എം റാവു. സിനിമ യാഥാർത്ഥ്യമാക്കാൻ എടുത്ത പല തീരുമാനങ്ങളും തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ സംവിധായകൻ അവസാന അരമണിക്കൂർ അതിമനോഹരമാണെന്നും അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.

"കഥപറച്ചിൽ എന്നത് ശക്തമായ നിലപാടുകളെയും ധൈര്യത്തെയും കുറിച്ചുള്ളതാണ്. വളരെ കുറച്ചുപേർ മാത്രമേ ആ വഴിയിലൂടെ സഞ്ചരിക്കാറുള്ളൂ. നിർമാതാവും സംവിധായികയും മുതൽ അഭിനേതാക്കൾ വരെ, 'ടോക്സിക്' എന്ന ചിത്രം യാഥാർത്ഥ്യമാക്കാൻ എടുത്ത പല തീരുമാനങ്ങളും എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരുടെയും മനോഹരമായ പ്രകടനം, പ്രത്യേകിച്ച് മുതിർന്ന, കുറച്ചുകൂടി ഭ്രാന്തമായ രൂപത്തിലുള്ള 'റായ' മികച്ചതായിരുന്നു! എന്നെ സംബന്ധിച്ചിടത്തോളം, അവസാന അരമണിക്കൂർ അതിമനോഹരമായിരുന്നു. തീർച്ചയായും ബിഗ് സ്ക്രീനിൽ തന്നെ കണ്ടനുഭവിക്കേണ്ട ഒന്നാണിത്. ഗീതു മോഹൻദാസ്, കെ.വി.എൻ പ്രൊഡക്ഷൻസ്, യഷ് എന്നിവരോട് വലിയ ബഹുമാനം തോന്നുന്നു. പിന്നെ രുക്മിണി വസന്ത്, നിങ്ങൾ ഒരു ഒന്നൊന്നര റോക്ക്സ്റ്റാർ തന്നെയാണ്!," ഹേമന്ത് റാവു എക്സിൽ കുറിച്ചു. ഹേമന്ത് സംവിധാനം ചെയ്ത 'സപ്തസാഗര ദാച്ചെ യെല്ലൊ' എന്ന ചിത്രത്തിലൂടെയാണ് രുക്മിണി ശ്രദ്ധിക്കപ്പെടുന്നത്.

അതേസമയം, വിമർശനങ്ങൾക്കും ട്രോളുകൾക്കുമിടയിലും ഗംഭീര കളക്ഷനാണ് ആഗോളതലത്തിൽ 'ടോക്സിക്' സ്വന്തമാക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ 73.43 കോടി രൂപ സ്വന്തമാക്കിയ ചിത്രം ആദ്യ ദിനം തന്നെ 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. റിലീസ് ചെയ്ത് അഞ്ച് ദിനം പിന്നിടുമ്പോൾ സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 214 കോടി രൂപയാണ്.

"ടോക്സിക് അത്ഭുതപ്പെടുത്തി, അവസാന അരമണിക്കൂർ 
അതിമനോഹരം"; പ്രശംസിച്ച് ഹേമന്ത് റാവു
വിമർശനങ്ങൾക്കിടയിലും മുന്നോട്ട്! 'ടോക്സിക്' 200 കോടി ക്ലബിൽ

1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് 'ടോക്സിക്കി'ന്റെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് നടൻ എത്തുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം.

News Malayalam 24x7
newsmalayalam.com