

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് നിതേഷ് തിവാരി ഒരുക്കുന്ന 'രാമായണ'. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു. വലിയ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ വിഎഫ്‌എക്സ് നിലവാരമാണ് കാണികളെ ചൊടിപ്പിച്ചത്.
ഏകദേശം 4,000 കോടി രൂപയാണ് ഈ സിനിമകളുടെ ബജറ്റായി കണക്കാക്കുന്നത്. അതിൽ വലിയൊരു പങ്ക് വിഷ്വൽ എഫക്ടുകൾക്കും സെറ്റുകൾക്കുമായിട്ടാണ് ചെലവഴിച്ചിരിക്കുന്നത്. സിനിമയുടെ വിഎഫ്‌എക്‌സിന് പിന്നിൽ, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ്. എന്നാൽ, ടീസറിലെ വിഷ്വലുകളിൽ ഇത് പ്രതിഫലിക്കുന്നില്ല എന്നാണ് വിമർശനം. വീഡിയോ ഗെയിം എന്ന് വിളിച്ച് ടീസറിനെ പരിഹസിക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം. ഈ പശ്ചാത്തലത്തിൽ, സിനിമകളിലെ വിഎഫ്‌എക്സിനെപ്പറ്റി ഹൃത്വിക് റോഷൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പ് ചർച്ചയാകുന്നു.
അതെ, മോശം വിഎഫ്‌എക്സ് ഉണ്ട്. ചിലപ്പോൾ അത് കാണുന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും എനിക്ക്... അതിലുപരി ഞാൻ ഭാഗമായ ഒരു സിനിമയിലാണ് അത് സംഭവിക്കുന്നതെങ്കിൽ.
11 വയസുള്ളപ്പോൾ ഒരു ലണ്ടൻ യാത്രയ്ക്കിടയിലാണ് ഞാൻ 'ബാക്ക് ടു ദ ഫ്യൂച്ചർ' കാണുന്നത്. അത് എന്നെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. പിന്നീട് അതൊരു ഭ്രാന്തായി മാറി.അച്ഛന്റെ വിഎച്ച്എസ് പ്ലെയർ കേടാകുന്നത് വരെ ഓരോ ഫ്രെയിമും പോസ് ചെയ്തും പ്ലേ ചെയ്തും ഞാൻ പഠിക്കുമായിരുന്നു.
എന്റെ പോക്കറ്റ് മണി ഉപയോഗിച്ച് റീഡേഴ്സ് ഡൈജസ്റ്റിൽ നിന്ന് ഞാൻ 'ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക് - ദ ആർട്ട് ഓഫ് സ്പെഷ്യൽ ഇഫക്ട്സ്' എന്ന പുസ്തകം ഓർഡർ ചെയ്തു. ജുഹു പോസ്റ്റ് ഓഫീസിൽ അത് വരുന്നതും കാത്ത് മാസങ്ങളോളം ഞാൻ ഇരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമായിരുന്നു അത്. ആ പുസ്തകത്തിന്റെ പൊതി അഴിക്കുമ്പോൾ ഉണ്ടായിരുന്ന മണം ഇപ്പോഴും എന്റെ ഓർമയിലുണ്ട്. പിന്നീട് അങ്ങോട്ട് അത്തരം ഒരുപാട് പുസ്തകങ്ങൾ വാങ്ങി.
ഇന്ന് നമുക്കിടയിലുള്ള ചില പ്രത്യേക മനുഷ്യർ - 'കൽക്കി', 'ബാഹുബലി', 'രാമായണം' തുടങ്ങിയ സിനിമകളുടെ അണിയറപ്രവർത്തകർ (തീർച്ചയായും കോയി മിൽ ഗയയും ക്രിഷും ചെയ്ത എന്റെ അച്ഛനും) എന്റെ ഹീറോകളാണ്. ഇതുവരെ ആരും ചെയ്യാത്തത് ചെയ്യാൻ അവർക്ക് ധൈര്യവും കാഴ്ചപ്പാടുമുണ്ട്. സിനിമയോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് അവർ ഇതൊക്കെ ചെയ്യുന്നത്; ഇതുവരെ കാണാത്ത ഒന്ന് പ്രേക്ഷകരായ നമുക്ക് അനുഭവിക്കാൻ വേണ്ടി. എന്റെ കാഴ്ചപ്പാടിൽ, അന്ന് ആ 11 വയസുകാരനായ ഞാൻ അനുഭവിച്ച അതേ വികാരം മറ്റൊരു കുട്ടിക്കും അനുഭവപ്പെടാൻ വേണ്ടി മാത്രമാണ് അവർ ഇത്രയധികം പണവും വർഷങ്ങളുടെ പരിശ്രമവും പണയപ്പെടുത്തുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം അത് ഉന്നതമായ ഒന്നാണ്. ആ ലക്ഷ്യത്തിന് തന്നെ കയ്യടി അർഹിക്കുന്നു! എന്റെ സഹ ഇന്ത്യക്കാരെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഇത്തരം സ്വപ്നങ്ങളുടെ ഭാഗമാകാൻ, ഒരു അസിസ്റ്റന്റായിട്ടാണെങ്കിൽ പോലും ഞാൻ എന്തും നൽകും.
പക്ഷേ ഈ പോസ്റ്റ് എന്നെക്കുറിച്ചല്ല, മറിച്ച് പ്രേക്ഷകരായ നമ്മളെക്കുറിച്ചാണ്. കാര്യം ഇതാണ്, ഇത്തരം വിഎഫ്എക്സ് (VFX) സിനിമകൾ യാഥാർത്ഥ്യമാക്കാൻ ആയിരക്കണക്കിന് കലാകാരന്മാർ വർഷങ്ങളോളം രാപ്പകൽ പണിയെടുക്കുന്നുണ്ട്. അതുകൊണ്ട് അവരെ വിമർശിക്കുമ്പോൾ കുറച്ചുകൂടി ബോധവാന്മാരായിരിക്കുക എന്നത് നമുക്ക് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ കാര്യമാണ്.
പ്രത്യേകിച്ച് ഫന്റസി സിനിമകളിൽ നിന്നും പുരാണങ്ങളിൽ നിന്നും ആളുകൾ 'ഫോട്ടോറിയലിസ്റ്റിക്' (യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന) ദൃശ്യങ്ങൾ പ്രതീക്ഷിക്കുമ്പോൾ. എന്റെ പരിമിതമായ അറിവിൽ നിന്ന് ഞാൻ മനസിലാക്കിയത്, ഓരോ സംവിധായകനും അവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് വ്യത്യസ്ത വിഎഫ്എക്സ് ശൈലികളാണ് സ്വീകരിക്കുന്നത്.
കോമിക്സുകളിലോ അനിമേഷനിലോ ഉള്ളതുപോലെ തന്നെയാണിത് - ചിലർ അനിമേ ശൈലി ഇഷ്ടപ്പെടുന്നു, പക്ഷേ അത് 'സ്പൈഡർമാൻ: ഇൻടു ദ സ്പൈഡർ വേഴ്സ്' പോലെ റിയലിസ്റ്റിക് അല്ല. നിങ്ങൾക്ക് ഒരു ശൈലിയോട് കൂടുതൽ താൽപ്പര്യം തോന്നാം. പക്ഷേ മറ്റേ ശൈലി തെറ്റാണെന്ന് പറയാനാകില്ല.
സിനിമകൾ ചിലപ്പോൾ ഫോട്ടോറിയലിസ്റ്റിക് ആകാം. അവിടെ വിഎഫ്എക്സ് ഉപയോഗിച്ച കാര്യം നിങ്ങൾ ശ്രദ്ധിക്കാനേ പാടില്ല. ജെയിംസ് ബോണ്ട് സിനിമകൾ, ഡൈ ഹാർഡ്, വാർ 1 തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇതല്ലെങ്കിൽ, സ്റ്റോറിടെല്ലിങ് സ്റ്റൈലൈസ്ഡ് VFX ആകാം. നിറങ്ങൾ വർധിപ്പിച്ചും, യാഥാർഥ്യത്തിന് നിരക്കാത്ത ലൈറ്റിങ്ങും മനോഹരമായ പെയിന്റിങ്ങുകൾ പോലെ തോന്നിപ്പിക്കുന്ന മാന്ത്രിക ലോകം സൃഷ്ടിക്കുന്ന ശൈലി. ഉദാഹരണത്തിന് 300, ലോർഡ് ഓഫ് ദ റിംഗ്സ് തുടങ്ങിയവ.
പിന്നെയുള്ള ഒരു ശൈലി, ഹൈപ്പർറിയൽ/എൻഹാൻസ്ഡ് റിയാലിറ്റി ആണ്. സൂപ്പർഹീറോ സിനിമകളും ഇൻസെപ്ഷൻ പോലെയുള്ള സിനിമകളും...
സർറിയൽ/എക്സ്പിരിമെന്റൽ വിഎഫ്എക്സ്, യാഥാർത്ഥ്യത്തെയും യുക്തിയെയും മനഃപൂർവം ലംഘിക്കുന്ന ശൈലിയാണ്. ഇതിൽ അസാധ്യമായ രൂപങ്ങളും ജ്യോമിട്രിയും കാണാം.
ഒരു സിനിമ 'ഫോട്ടോറിയലിസം' വാഗ്ദാനം ചെയ്തിട്ട് അത് പൂർണമായി പാലിക്കാൻ കഴിയാതെ വരുമ്പോഴാണ് അതിനെ 'മോശം വിഎഫ്എക്സ്' എന്ന് വിളിക്കുന്നത്. ഫിസിക്സിലോ ഗ്രാവിറ്റിയിലോ ഉണ്ടാകുന്ന ചെറിയൊരു പിഴവ് പോലും ആ മായക്കാഴ്ചയെ തകർക്കും. അല്ലെങ്കിൽ ഒരു കഥാപുസ്തക ശൈലിയാണ് ഉദ്ദേശിച്ചതെങ്കിൽ, അതിനെ മനോഹരമോ ദൈവീകമോ ആക്കാൻ പരാജയപ്പെട്ടാലും അത് പ്രേക്ഷകരെ ആകർഷിക്കില്ല. എന്നാൽ ഒരു കഥാപുസ്തക ശൈലിക്ക് 'ഫോട്ടോറിയലിസം' ഇല്ല എന്ന് പരാതിപ്പെടുന്നത് ശരിയല്ല. കാരണം അത് അങ്ങനെ ഉദ്ദേശിച്ചിട്ടുള്ളതല്ല.
സംവിധായകൻ തിരഞ്ഞെടുത്ത ശൈലി നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതുകൊണ്ട് മാത്രം അവരെ വിമർശിക്കാൻ കഴിയില്ല. അത് നീതിയല്ല. അതുകൊണ്ട് ചിലപ്പോൾ നിങ്ങൾ 'മോശം വിഎഫ്എക്സ്' എന്ന് വിളിക്കുന്നത് ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ശൈലിയായതുകൊണ്ടാകാം. അതുകൊണ്ട് അടുത്ത തവണ: "ഇത് ശരിക്കുള്ളതാണോ?" എന്ന് ചോദിക്കുന്നതിന് പകരം ആദ്യം, "ഈ കഥയ്ക്ക് ഇത് അനുയോജ്യമാണോ? സംവിധായകൻ ഉദ്ദേശിച്ച വികാരം എന്നിൽ എത്തിക്കാൻ ഇതിന് കഴിയുന്നുണ്ടോ?" എന്ന് ചോദിക്കൂ. അതിൽ ചർച്ചയുണ്ടാകട്ടെ...പക്ഷേ കുറച്ചുകൂടി ബോധവാന്മാരായിട്ടാകണം ചർച്ച.