

തൊണ്ണൂറുകളിൽ ചാനൽ വി യിലൂടെ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ അവതാരക എന്ന നിലയിൽ വലിയ തരംഗമുണ്ടാക്കിയ താരമാണ് റൂബി ഭാട്ടിയ. അക്കാലത്ത് ഈ രംഗത്ത് മത്സരങ്ങൾ ഇല്ലാതിരുന്നതിനാൽ അതിവേഗമായിരുന്നു റൂബിയുടെ വളർച്ച. ടെലിവിഷൻ മേഖലയ്ക്ക് പുറമേ മോഡലിങ്ങിലും തിളങ്ങിയ താരം മിസ് ഇന്ത്യ കാനഡ പട്ടവും സ്വന്തമാക്കിയിരുന്നു. ഒരു ഷോയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് അവർ പ്രതിഫലമായി വാങ്ങിയിരുന്നത്. അന്ന് ഒരു വീഡിയോ ജോക്കിയെ സംബന്ധിച്ച് ഇത് വലിയൊരു തുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ഷോ ബിസിനസിൽ സജീവമല്ലാത്ത റൂബി ഇപ്പോഴിതാ വീണ്ടും ചർച്ചയാകുകയാണ്.
1000 രൂപയ്ക്ക് ലൈഫ് കോച്ചിങ് നൽകാമെന്ന് പറയുന്ന ഒരു വീഡിയോ പങ്കുവച്ചതോടെയാണ് റൂബി വീണ്ടും വൈറലായത്. സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കുള്ളിൽ ഈ വീഡിയോ പ്രചരിച്ചു. 90കളിൽ റൂബിയുടെ ആരാധകരായിരുന്നവർ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്ക അറിയിച്ചു. എന്തുകൊണ്ടാണ് ഇത്ര ചെറിയ തുക ഈടാക്കി ലൈഫ് കോച്ചിങ് നൽകുന്നതെന്നും ചോദ്യങ്ങൾ ഉയർന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് റൂബി. ബോളിവുഡ് തിക്കാനയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിശദീകരണം.
വർഷങ്ങളായി ലോഖണ്ഡ്‌വാലയിൽ കുടുംബവുമായി സ്വസ്ഥ ജീവിതം നയിച്ചു വരികയായിരുന്നു റൂബി ഭാട്ടിയ. അതിനിടയിലാണ്, ഏകദേശം 30 വർഷം പഴക്കമുള്ള തന്റെ വീട് ഒന്ന് പുതുക്കിപ്പണിയാൻ റൂബി തീരുമാനിക്കുന്നത്. എന്നാൽ പണി വിചാരിച്ച പോലെയല്ല പുരോഗമിച്ചത്. ദിവസവും 20,000 രൂപയോളം ഇതിനായി ചെലവാക്കേണ്ടി വന്നു. ഇതിനിടയിൽ കോവിഡ് ലോക്ക്ഡൗൺ വന്നതോടെ പണികൾ തടസപ്പെടുകയും ചെലവുകൾ ഇരട്ടിക്കുകയും ചെയ്തു. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ഇതിനായി ചെലവഴിക്കേണ്ടി വന്നുവെന്നും റൂബി പറയുന്നു.
സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിൽ അല്ലാതിരുന്നിട്ടും പഴയ ജോലിയിലേക്ക് മടങ്ങാൻ റൂബി തയ്യാറായിരുന്നില്ല. പകരം ലൈഫ് കോച്ചിങ് കരിയറായി തിരഞ്ഞെടുത്തു. എന്നാൽ, വലിയ തുക പ്രതിഫലമായി ഈടാക്കാൻ നിന്നില്ല. ഇന്ത്യയിൽ മിക്കവരും മനഃശാസ്ത്രജ്ഞരെ കാണാൻ മടിക്കുന്നവരാണെന്നും എന്നാൽ ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ സംസാരിക്കാൻ അവർക്ക് താൽപ്പര്യമുണ്ടെന്നും റൂബി പറയുന്നു. താൻ വലിയ തുക ഈടാക്കിയാൽ സെലിബ്രിറ്റികൾക്ക് മാത്രമേ തന്നെ സമീപിക്കാൻ കഴിയൂ എന്നും, തന്റെ സേവനം സാധാരണക്കാർക്കും ലഭ്യമാകാനാണ് ഫീസ് 1,000 രൂപയായി കുറച്ചതെന്നും അവർ വ്യക്തമാക്കി.
12 മണിക്കൂർ നീളുന്ന ഷൂട്ടിങ് ഷെഡ്യൂളുകളിലേക്ക് മടങ്ങിപ്പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നാണ് റൂബി പറയുന്നത്. ഇപ്പോഴിങ്ങനെ ഫോണിലൂടെ ജോലി ചെയ്ത് ദിവസവും 2,000-3,000 രൂപ സമ്പാദിക്കുന്നത് തനിക്ക് സന്തോഷം നൽകുന്നു. വീട്ടുകാര്യങ്ങളും മക്കളുടെ കാര്യങ്ങളും നോക്കുന്നതിനൊപ്പം ഈ വരുമാനം തന്റെ ദൈനംദിന ജീവിതത്തിന് മതിയാകുമെന്നും റൂബി ഭാട്ടിയ കൂട്ടിച്ചേർത്തു.