"അതുല്യ കലാകാരി, അസാധാരണ സംഗീതയാത്ര"; ആശാ ഭോസ്‌ലെയുടെ വേർപാടിൽ വിതുമ്പി രാജ്യം

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു ആശയുടെ അന്ത്യം
ആശാ ഭോസ്‌ലെ
ആശാ ഭോസ്‌ലെSource: ANI
Published on
Updated on

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചിച്ച് സിനിമ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു ആശയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകുന്നേരം നാല് മണിക്ക് ശിവാജി പാർക്കിലാണ് സംസ്കാരം.

ആശ ഭോസ്‌ലയുടെ വേർപാടിന് പിന്നാലെ എട്ട് ദശാബ്ദം നീണ്ട ആ സംഗീത ജീവിതത്തെ അനുസ്മരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. "ശബ്ദത്തിലൂടെയും വ്യക്തിത്വത്തിലൂടെയും അവർ എന്നെന്നും ജീവിക്കും... എത്ര വലിയ കലാകാരി!" എന്നാണ് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ കുറിച്ചത്. റഹ്‌മാന്റെ 'രംഗീല', 'താൽ', 'ലഗാൻ', 'ദൗഡ്', 'ഇരുവർ', 'ലഗാൻ' തുടങ്ങിയ ചിത്രങ്ങളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആശ പാടിയിട്ടുണ്ട്.

"അവരുടെ മഹത്വത്തെ വർണിക്കാൻ എന്ത് പറഞ്ഞാലും അത് മതിയാകുമോ? അവർക്ക് സാധിക്കാത്തതായി എന്തെങ്കിലും ഉണ്ടോ? ഒറിജിനലായ ഒരു പാത തെളിയിച്ച ആ അതുല്യ കലാകാരി - അത് എങ്ങനെ ചെയ്യണമെന്ന് നമുക്കെല്ലാവർക്കും കാണിച്ചുതന്നു," എന്നാണ് ഗായിക ചിന്മയി ശ്രീപാദ എക്സിൽ കുറിച്ചത്.

ആശാ ഭോസ്‌ലെ
സംഗീതത്തിന്റെ മഹാറാണിക്ക് വിട; ആശാ ഭോസ്‌ലെ അന്തരിച്ചു

"ആശാ തായ് നമ്മോട് വിടപറഞ്ഞു! ഇത്രയധികം ജീവസുറ്റ, തന്റെ പാട്ടുകൾക്ക് അത്രമേൽ ഊർജവും വ്യക്തിത്വവും നൽകിയ ഒരാൾ നമ്മെ ഇത്രയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആശാജിയുമായി വൈകാരികമായ ഒരു ബന്ധമുള്ളതുകൊണ്ട് എനിക്കിത് വളരെ പ്രയാസകരമാണ് - തന്റെ തനതായ ശബ്ദത്തിലൂടെയും ശൈലിയിലൂടെയും എന്റെ പല ഗാനങ്ങളും അവർ ജനപ്രിയമാക്കിയിട്ടുണ്ട്. സിനിമാരംഗത്തെ എന്റെ വളർച്ചയിൽ ചെറുതല്ലാത്ത സംഭാവനകൾ നൽകിയ ലതാജിയുമായും ആശാജിയുമായും എനിക്ക് വളരെ പ്രത്യേകമായ ഒരു ബന്ധമുണ്ടായിരുന്നു. മഹാരാഷ്ട്രയ്ക്കും ഇന്ത്യയ്ക്കും മുഴുവനും ഒരിക്കലും നികത്താനാവാത്തതോ പകരം വെക്കാനില്ലാത്തതോ ആയ വലിയൊരു നഷ്ടമാണിത്!," എന്നാണ് നടി ഹേമാ മാലിനി കുറിച്ചത്.

സംവിധായകൻ പ്രിയദർശനും ആശാ ഭോസ്‌ലയുടെ വിയോഗത്തിൽ അനുശോചിച്ചു. "ആശാജി, താങ്കളുടെ വേർപാട് എനിക്ക് വളരെ വ്യക്തിപരമായ ഒരു നഷ്ടമായാണ് അനുഭവപ്പെടുന്നത്. കാരണം എനിക്ക് അങ്ങനെയൊക്കെ തന്നെയാണ്. താങ്കളുടെ ശബ്ദം എന്റെ സിനിമകളെ അനുഗ്രഹിച്ചിട്ടുണ്ട്. ആ വരികളും വികാരങ്ങളും ആ ശബ്ദത്തിലൂടെ കേൾക്കുമ്പോഴെല്ലാം, എന്റെ സൃഷ്ടിയെ എന്തോ ഒന്ന് സ്പർശിച്ചുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്," പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു.

ആശ ഭോസ്‌ലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആശയുടെ അസാധാരണമായ സംഗീതയാത്ര നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തുവെന്ന് മോദി അനുസ്മരിച്ചു.

കരൺ ജോഹർ, സോയാ അക്തർ, ജൂനിയർ എൻടിആർ, വിക്കി കൗശൽ, രാജ്‌പാൽ യാദവ്, ഹർഷ്ദീപ് കൗർ, മമത ബാനർജി, എന്നിങ്ങനെ നിരവധി പ്രമുഖർ ആ അതുല്യ കലാകാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com