

ന്യൂ ഡൽഹി: രാജ്യത്തിന് അകത്തും പുറത്തും വലിയ ആരാധകവൃന്ദമുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. വിദേശ താരങ്ങൾ ഉൾപ്പെടെ ബോളിവുഡിന്റെ ബാദ്ഷയുടെ ഫാൻസ് ആണ്. ഇപ്പോഴിതാ, 'അക്വാമാൻ' താരം ജേസൺ മോമയും തനിക്ക് ഷാരൂഖിനോടുള്ള ആരാധനയെപ്പറ്റി മനസുതുറന്നിരിക്കുന്നു.
'ദ റെക്കിങ് ക്രൂ' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജേസൺ മോമ. അപ്പോഴാണ് ഷാരൂഖിനെപ്പറ്റിയുള്ള ചോദ്യം ഉയർന്നത്. ഒരു ചിരിയോടെ ആയിരുന്നു നടന്റെ മറുപടി. "അദ്ദേഹം സുന്ദരനാണ്. അദ്ദേഹം അതീവ സുന്ദരനാണ്," എന്ന് പറഞ്ഞാണ് നടൻ തുടങ്ങിയത്. തുടർന്ന്, ഷാരൂഖുമായുള്ള ബന്ധവും പരസ്പര ബഹുമാനത്തെപ്പറ്റിയും ഹോളിവുഡ് താരം സംസാരിച്ചു.
"ഞങ്ങൾ സുഹൃത്തുക്കളും പരസ്പരം മറ്റൊരാളുടെ സിനിമകളുടെ ആരാധകരുമാണ്. അദ്ദേഹം വളരെ മാന്യനാണ്. എന്നേക്കാൾ മികച്ച നടനും പെർഫോമറുമാണ്," ജേസൺ മോമ പറഞ്ഞു. സൗദി അറേബ്യയിൽ നടന്ന ജോയ് അവാർഡ്‌സിൽ ഇരുതാരങ്ങളും കണ്ടുമുട്ടിയിരുന്നു.
ജേസൺ മോമ കേന്ദ്ര കഥാപാത്രമാകുന്ന അമേരിക്കൻ കോപ്പ് ആക്ഷൻ കോമഡിയാണ് 'ദ റെക്കിങ് ക്രൂ'. ജനുവരി 28ന് ആമസോൺ പ്രൈമിലാണ് സിനിമ റിലീസ് ആയത്. ഡേവ് ബാറ്റിസ്റ്റ, ക്ലേസ് ബാങ്, ടെമുവേര മോറിസൺ, ജേക്കബ് ബറ്റലോൺ, ഫ്രാങ്കി ആഡംസ്, മിയാവി, സ്റ്റീഫൻ റൂട്ട്, മൊറേന ബാക്കറിൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഞ്ചൽ മാനുവൽ സോട്ടോ സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചിരിക്കുന്നത് ജോനാഥൻ ട്രോപ്പർ ആണ്. സിക്സ്ത് & ഐഡഹോ പ്രൊഡക്ഷൻസ്, ഹാർഡ് ജെ പ്രൊഡക്ഷൻസ്, റീയൂണിയൻ പസഫിക് എന്റർടെയ്‌ൻമെന്റ് എന്നിവർ ചേർന്നാണ് നിർമാണം.
അതേസമയം, വമ്പന്‍ ഹിറ്റായി മാറിയ 'പഠാൻ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന 'കിംഗ്' ആണ് ഷാരൂഖ് ഖാന്റെ അടുത്ത റിലീസ്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് സിനിമയുടെ നിർമാണം. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, റാണി മുഖര്‍ജി, രാഘവ് ജുയല്‍, അഭയ് വര്‍മ, സൗരഭ് ശുക്ല, ജയ്‌ദീപ് അഹ്‍ലാവത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിലെത്തുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും സിനിമയില്‍ ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്.