

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി യാത്ര തുടരുകയാണ് 'ലോക-ചാപ്റ്റർ വണ്‍: ചന്ദ്ര'. നിരവധി റെക്കോർഡുകളാണ് ഇതിനോടകം തന്നെ ഈ ഡൊമനിക് അരുണ്‍ ചിത്രം സൃഷ്ടിച്ചത്. തിയേറ്ററുകളില്‍ ആഘോഷമാക്കിയ സിനിമയുടെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസമാണ്, ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ഒഫിഷ്യല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്‌സ്റ്റാർ ടീസർ പുറത്തുവിട്ടത്. ഈ ടീസറിലെ കല്യാണി പ്രിയദർശന്റെ ഡബ്ബിങ് മാറിയിരിക്കുന്നത് ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങള്‍ വന്നിരുന്നു. വിമർശനങ്ങള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പരിഹാരവുമായി എത്തിയിരിക്കുകയാണ് ജിയോ ഹോട്ട്‌സ്റ്റാർ.
പിന്നണി ഗായിക, അഭിനേത്രി, സംഗീത സംവിധായിക എന്നീ നിലകളില്‍ കഴിവു തെളിയിച്ച സയനോരയാണ് ലോകയുടെ തിയേറ്റർ വേർഷനില്‍ കല്യാണിയുടെ 'ചന്ദ്ര' എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നത്. മികച്ച അഭിപ്രായമാണ് ഈ ഡബ്ബിങ്ങിന് ലഭിച്ചത്. ഇതാദ്യമായല്ല സയനോര ഡബ്ബിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഹേയ് ജൂഡില്‍ തൃഷ കൃഷ്ണയ്ക്കും, സ്റ്റാന്‍ഡ് അപ്പില്‍ നിമിഷ സജയനും മുമ്പ് സയനോര ശബ്ദം നല്‍കിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ജിയോ ഹോട്ട്സ്റ്റാർ പുറത്തിറക്കിയ ഒടിടി റിലീസ് പ്രഖ്യാപന ടീസറില്‍ സയനോരയുടെ ശബ്‌ദമായിരുന്നില്ല കല്യാണിക്ക് ഉപയോഗിച്ചിരുന്നത്. ഉടനടി 'ചന്ദ്രയുടെ ശബ്‌ദത്തിന് എന്തുപറ്റി' എന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. സയനോരയുടെ ശബ്ദം പുനസ്ഥാപിക്കണമെന്ന് ആവശ്യങ്ങള്‍ ഉയർന്നു. ഇതിനു പിന്നാലെയാണ് സയനോരയുടെ ഡബ്ബില്‍ ഒടിടി റിലീസ് പ്രൊമോ ജിയോ ഹോട്ട്സ്റ്റാർ അപ്‌ലോഡ് ചെയ്തത്.
മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോക ഉടന്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ജിയോ ഹോട്ട്സ്റ്റാർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളം നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായും മാറി. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തെ ആവേശകരമാക്കി. ടൊവിനോയെ നായകനാക്കി 'ലോക: ചാപ്റ്റർ 2' നിർമാതാക്കളായ ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് പ്രഖ്യാപിച്ചിട്ടുണ്ട്.