

രജനികാന്ത് - നെൽസൺ ചിത്രം 'ജയിലർ 2'ൽ മോഹൻലാലിന്റെ സ്ക്രീൻ ടൈം കുറഞ്ഞതിൽ വലിയ നിരാശയിലാണ് നടന്റെ ആരാധകർ. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചയുമായിരുന്നു. മോഹൻലാലിന്റെ സീനുകൾ വെട്ടിക്കുറച്ചതാണെന്ന തരത്തിൽ പലകോണുകളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു. ഇതിനിടയിലാണ് ചിത്രത്തിൽ മോഹൻലാലിന്റെ ഡ്യൂപ്പായി അഭിനയിച്ച മിമിക്രി കലാകാരനും നടനുമായ ജോബി കൊടകരയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. 'ജയിലർ 2' പോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിലെ സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളും ജോബി പങ്കുവച്ചിരുന്നു. ഇത് വലിയ സൈബർ ചർച്ചകൾക്കാണ് വഴിവച്ചത്. സിനിമയുടെ ക്ലൈമാക്സ് സീനുകളിൽ നടന് പകരം ഡ്യൂപ്പിനെയാണ് ഉപയോഗിച്ചതെന്ന തരത്തിൽ ജോബിയുടെ പോസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടു.
എന്നാൽ, മോഹൻലാലിന്റെ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിത്ര വലിയ വിവാദമാകുമെന്ന് വിചാരിച്ചില്ലെന്ന് വ്യക്തമാക്കുകയാണ് ജോബി കൊടകര. സിനിമയിൽ താൻ ബോഡി ഡബിളായ ഭാഗങ്ങളേതൊക്കെയെന്നും ജോബി വെളിപ്പെടുത്തി. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.
"സത്യത്തിൽ എന്റെ ഒന്ന് രണ്ട് ഷോട്ടുകൾ മാത്രമാണ് ചിത്രത്തിലുള്ളത്. ക്ലൈമാക്സ് സീനിൽ.. എന്റെ കയ്യും കാലും മാത്രമാണ് കാണിച്ചിട്ടുള്ളത്. എയർപോർട്ടിലെയും ക്ലൈമാക്സിലെയും ചില ഷോട്ടുകളിൽ ഗിയർ മാറ്റുന്നതും ആക്സിലേറ്ററും ബ്രേക്കും ചവിട്ടുന്നതുമായ കയ്യുടെയും കാലിന്റെയും ഭാഗങ്ങൾ മാത്രമാണ് എന്റേത്.. എന്റെ മുഖം ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല," ജോബി പറയുന്നു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു എന്നതാണ് തനിക്ക് പറ്റിയ തെറ്റെന്നും ജോബി കൂട്ടിച്ചേർത്തു.
"അന്ന് ആ ചിത്രങ്ങളെടുക്കുന്ന സമയത്ത് പടത്തിന്റെ പ്രൊഡക്ഷൻ മാനേജർ ഇത് റിലീസിന് മുൻപ് ഇടരുതെന്ന് പറഞ്ഞിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് ലൊക്കേഷനിൽ നിന്ന് എസ്.ജെ. സൂര്യക്കും, ജാക്കി ഷ്റോഫിനും ഒപ്പമുള്ള ചിത്രങ്ങൾ ഞാൻ ഇട്ടിരുന്നു. അതിൽ ഞാൻ എന്റെ രൂപത്തിലായിരുന്നല്ലോ. മാത്യുവിന്റെ ലുക്കിൽ അല്ലായിരുന്നല്ലോ. കാരവനിൽ മേക്കപ്പ് ചെയ്ത് നിൽക്കുന്ന സമയത്ത് മാത്യുവിന്റെ അപ്പിയറൻസിൽ ഒരു ഫോട്ടോ എടുക്കാൻ തോന്നി. അത് കയ്യിൽ സൂക്ഷിച്ചു. റിലീസിന്റെ അന്ന് രാവിലെ എന്റെ എക്സൈറ്റ്‌മെന്റിലാണ് ആ ചിത്രം പോസ്റ്റ് ചെയ്തത്. ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാൻ ഒരു മലയാളി ഡ്യൂപ്പ് ആർട്ടിസ്റ്റിന് സാധിച്ചു എന്ന് നാലാളെ അറിയിക്കണമെന്ന ആഗ്രഹം കൊണ്ട് ചെയ്തതാണ്. ആ സമയത്ത് ഡ്യൂപ്പ് ചെയ്യുന്ന കലാകാരന്മാരുടെ പ്രൊഫഷണലിസം എന്റെ മനസിൽ വന്നില്ല. ആ തെറ്റ് ഞാൻ അംഗീകരിക്കുന്നു," ജോബി പറഞ്ഞു.
കഴിഞ്ഞ ദിവസം, 'ജയിലർ 2'ൽ മോഹൻലാലിന് ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്ന് സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫർ ചേതൻ ഡിസൂസ സ്ഥിരീകരിച്ചിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരു ആരാധകൻ കുറിച്ച കമന്റിന് മറുപടി നൽകുകയായിരുന്നു ചേതൻ. "സർ, എനിക്ക് രണ്ട് സംശയങ്ങളുണ്ട്. എന്തുകൊണ്ടാണ് മോഹൻലാൽ സാറിന്റെ ഇൻട്രോ വെട്ടിച്ചുരുക്കിയത്. താരങ്ങളുടെ നല്ലൊരു ഭാഗം സീനുകളും വെട്ടിച്ചുരുക്കിയതായി തോന്നി. അടുത്ത ചോദ്യം കാർ സീനിനെപ്പറ്റിയാണ് - ആ സീനിൽ മോഹൻലാൽ സാറാണോ ഡ്യൂപ്പ് ആണോ അഭിനയിച്ചത്. ആ സീനിൽ ഡ്യൂപ്പാണ് അഭിനയിച്ചതെന്ന് പ്രചാരണമുണ്ട് - എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി, "അത് അദ്ദേഹം തന്നെയാണ്", എന്നാണ് ചേതൻ കുറിച്ചത്.