

കൊച്ചി: മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പോപ്പ് ഗായിക കാറ്റി പെറി. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ് കാറ്റി പെറിയുടെ ഔദ്യോഗിക പ്രഖ്യാപനം.
ഇരുവരും ചേർന്ന് നിൽക്കുന്ന സെൽഫിയും ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുന്ന ദൃശ്യങ്ങളുമാണ് കാറ്റി പെറി പങ്കുവച്ചിരിക്കുന്നത്. ഇവർ പ്രണയത്തിലാണെന്ന് ഏറെ നാളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ജപ്പാൻ ട്രിപ്പിലെ ചിത്രങ്ങളാണ് ഗായിക സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെയും ഭാര്യ യൂക്കോയെയും സന്ദർശിക്കുന്നതിനിടെ ട്രൂഡോയ്‌ക്കൊപ്പം കാറ്റിയും ഉണ്ടായിരുന്നു. തന്റെ എക്സ് പോസ്റ്റിൽ ഗായികയെ ട്രൂഡോയുടെ പങ്കാളി എന്നാണ് കിഷിദ വിശേഷിപ്പിച്ചത്.
"കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്റെ പങ്കാളിയോടൊപ്പം ജപ്പാൻ സന്ദർശിച്ചു. എനിക്കും ഭാര്യക്കും ഒപ്പം ഉച്ചഭക്ഷണത്തിന് ചേർന്നു. പ്രധാനമന്ത്രിയായിരുന്ന കാലത്ത്, സഹ നേതാക്കളെന്ന നിലയിൽ ഞങ്ങൾ നിരവധി തവണ കണ്ടുമുട്ടിയിട്ടുണ്ട്. ഞാൻ കാനഡ സന്ദർശിച്ചപ്പോൾ, 'ജപ്പാൻ-കാനഡ ആക്ഷൻ പ്ലാൻ' രൂപീകരിക്കുന്നതുൾപ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു. ഈ രീതിയിൽ ഞങ്ങൾ തുടർന്നും ഈ സൗഹൃദം നിലനിർത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്," എന്നാണ് കിഷിദ എഴുതിയത്.
ഒക്ടോബർ 25ന് പാരിസിൽ വച്ചാണ് ജസ്റ്റിൻ ട്രൂഡോയും കാറ്റി പെറിയും ആദ്യമായി പൊതുവേദയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. ജൂലൈ ആദ്യം കാനഡയിൽ ഇരുവരും തങ്ങളുടെ നായകളുമായി നടക്കുന്നതായി കണ്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അക്കാലം മുതൽ ഇരുവരും ഡേറ്റിങ്ങിലാണ്.