"അർഹതപ്പെട്ടവർക്കല്ല അവാർഡ് ലഭിച്ചത്, അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്"; തമിഴ്നാട് ചലച്ചിത്ര അവാർഡിനെതിരെ 'കൈതി' താരം മോണിക്ക ശിവ

'കൈതി', 'രാക്ഷസൻ', 'കനാ' തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നടിയാണ് മോണിക്ക
'കൈതി' താരം മോണിക്ക ശിവ
'കൈതി' താരം മോണിക്ക ശിവSource: Instagram / monicasiva_offl
Published on
Updated on

ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെ വിമർശനവുമായി നടി മോണിക്ക ശിവ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൈതി', 'രാക്ഷസൻ', 'കനാ' തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായി മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച നടിയാണ് മോണിക്ക. എന്നാൽ, 2016 മുതൽ 2022 വരെയുള്ള ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച അവാർഡ് കമ്മറ്റി മോണിക്കയെ പരിഗണിച്ചില്ല. അർഹതയുള്ള ഒട്ടേറെ ബാലതാരങ്ങൾ ഉണ്ടായിരുന്നിട്ടും അവരെ അവഗണിച്ച് അർഹതയില്ലാത്തവർക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതെന്നാണ് മോണിക്കയുടെ വിമർശനം.

ഇതൊരു സ്വകാര്യ അവാർഡല്ലെന്നും സർക്കാർ നൽകുന്ന അംഗീകാരമാണെന്നും മോണിക ഓർമിപ്പിക്കുന്നു. രാഷ്ട്രീയ സ്വാധീനമോ വ്യക്തിപരമായ താൽപ്പര്യങ്ങളോ ഇത്തരം പുരസ്കാരങ്ങളെ സ്വാധീനിക്കാൻ പാടില്ല. അർഹരായവർക്ക് അംഗീകാരം ലഭിക്കാതെ വരുമ്പോൾ അത് പുരസ്കാരങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് താരം പറയുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരോടും ബന്ധപ്പെട്ട അധികാരികളോടും ഈ കാര്യത്തിൽ ഇടപെടണമെന്നും അർഹമായ പ്രതിഭകളെ അംഗീകരിക്കണമെന്നും മോണിക അഭ്യർത്ഥിച്ചു.

'കൈതി' താരം മോണിക്ക ശിവ
'പേരൻപി'ലെ മമ്മൂട്ടിയെ ജൂറി കണ്ടില്ലേ? തമിഴ്‌നാട് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിമർശനം

2019ൽ ഇറങ്ങിയ 'കൈതി'ൽ അമുദ എന്ന കഥാപാത്രമായി വൈകാരികമായ പ്രകടനമാണ് മോണിക്ക കാഴ്ചവച്ചത്. ഈ സിനിമയിലൂടെയാണ് വലിയ പ്രേക്ഷക ശ്രദ്ധ നടിക്ക് ലഭിക്കുന്നത്. വിജയ്‌ ചിത്രം 'ഭൈരവ' (2017), വിഷ്ണു വിശാലിന്റെ 'രാക്ഷസൻ' (2018) എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് മോണിക്ക കാഴ്ചവച്ചത്. മമ്മൂട്ടി ചിത്രം 'പ്രീസ്റ്റി'ലൂടെ മലയാളത്തിലും ശ്രദ്ധിക്കപ്പെട്ട താരമാണ് മോണിക്ക ശിവ.

മോണിക്ക ശിവയുടെ കുറിപ്പ്:

എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ദിവസം തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടിക പുറത്തു വരികയുണ്ടായി, ഞാനത് വായിച്ചു.

അഞ്ചു വയസ്സു മുതൽ ഞാൻ ഈ മേഖലയിൽ അഭിനയിക്കുന്നുണ്ട്. 2016-നും 2022-നും ഇടയിൽ 20-ലധികം സിനിമകളിൽ ഞാൻ പ്രവർത്തിച്ചു. ഇതിൽ പല സിനിമകളും പ്രേക്ഷകർ ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തവയാണ്. ചില സിനിമകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ലെങ്കിലും, ഞാൻ അവതരിപ്പിച്ച പല കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഓരോ വേഷത്തിനും വേണ്ടി എന്റെ പരമാവധി ഞാൻ നൽകിയിട്ടുണ്ട്. കൈതി, രാക്ഷസൻ, കനാ, ആൺ ദേവതൈ, ശങ്കുചക്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്.

എങ്കിലും, ഇത്തവണ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച വ്യക്തി, അത്തരമൊരു അംഗീകാരത്തിന് അർഹമായ പ്രകടനമാണോ കാഴ്ചവെച്ചത് എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.

എനിക്ക് അവാർഡ് ലഭിക്കാത്തതുകൊണ്ടല്ല ഞാൻ ഇത് സംസാരിക്കുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലായിരുന്നെങ്കിൽ ഞാൻ ഇതിനെക്കുറിച്ച് സംസാരിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. എന്നാൽ ആ കാലയളവിൽ എന്നെപ്പോലെ തന്നെ കരുത്തുറ്റതും അർത്ഥവത്തുമായ വേഷങ്ങൾ ചെയ്ത, പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ മറ്റു പലരും ഉണ്ടായിരുന്നു. അവർക്ക് ആർക്കെങ്കിലും ഈ അവാർഡ് നൽകിയിരുന്നെങ്കിൽ, അർഹതപ്പെട്ടവർക്കാണ് അത് ലഭിച്ചതെന്ന് കരുതി എനിക്ക് അത് അംഗീകരിക്കാമായിരുന്നു. പക്ഷേ ഈ സാഹചര്യം അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.

ഏറ്റവും പ്രധാനമായി, ഇതൊരു സ്വകാര്യ അവാർഡല്ല, വ്യക്തികൾക്കോ വ്യക്തിപരമായ അഭിപ്രായങ്ങൾക്കോ സ്വാധീനിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. ഇത് സർക്കാർ നൽകുന്ന അവാർഡാണ്—യഥാർത്ഥ പ്രതിഭകൾക്കുള്ള അഭിനന്ദനവും ഓരോ അഭിനേതാവിനും അങ്ങേയറ്റം പ്രധാനപ്പെട്ട വലിയൊരു അംഗീകാരവുമാണിത്. അർഹരായവരിലേക്ക് ഇത്തരം അംഗീകാരങ്ങൾ എത്താതിരിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. വാസ്തവത്തിൽ, ഈ പ്രശ്നത്തെക്കുറിച്ച് ചോദിക്കാനും സംസാരിക്കാനും എനിക്ക് അവകാശമുണ്ടെന്ന് ഞാൻ കരുതുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അവാർഡുകളിലുള്ള വിശ്വാസവും പ്രതീക്ഷയും സാവധാനം നഷ്ടപ്പെടും.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ഈ വിഷയം ശ്രദ്ധിക്കണമെന്നും ഇതിലേക്ക് കണ്ണോടിക്കണമെന്നും ഞാൻ ആദരവോടെ അഭ്യർത്ഥിക്കുന്നു.

ആത്മാർത്ഥതയോടെ, മോണിക്ക ശിവ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com