

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കിയ 'ടോക്സിക്' സിനിമയുടെ ട്രെയ്‌ലറിലെ ചില രംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കന്നഡ നടി ഋഷീക സിംഗ്. ട്രെയ്‌ലറിലെ ഇന്റിമേറ്റ് രംഗങ്ങൾക്കെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലെ പരാമർശങ്ങൾ ഇതിനോടകം വിവാദമായിക്കഴിഞ്ഞു.
യഷ് ഒരു കുടുംബനാഥനും പിതാവുമാണെന്ന് ഓർമിപ്പിച്ച നടി, സിനിമകളിൽ സ്ത്രീകളോട് കൂടുതൽ ബഹുമാനം പുലർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പറഞ്ഞു. ട്രെയ്‌ലറിലെ ഇന്റിമേറ്റ് രംഗങ്ങളിൽ കടുത്ത നിരാശ രേഖപ്പെടുത്തിയ ഋഷീക "സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കർണാടകയിൽ നിന്ന് ഒഴിപ്പിക്കും" എന്ന തരത്തിൽ യഷിനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിക്കുന്നത്. വീഡിയോയുടെ അവസാനം "ഐ ആം ടോക്സിക്" എന്ന് നടി ആവർത്തിച്ച് പറയുന്നുണ്ട്.
വീഡിയോ വൈറലായതോടെ യഷിന്റെ ആരാധകരും ഒരു വിഭാഗം പ്രേക്ഷകരും നടിക്കെതിരെ രംഗത്തെത്തി. ഒരു ഫിക്ഷണൽ സിനിമയിലെ രംഗങ്ങളെ ഇത്തരത്തിൽ എതിർക്കുന്നത് അർഥശൂന്യമാണെന്നാണ് ഇവരുടെ വാദം. ഋഷീകയുടെ മുൻകാല ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ചൂണ്ടിക്കാട്ടിയാണ് ചിലരുടെ വിമർശനം. അതേസമയം, ഋഷീകയെ പിന്തുണയ്ക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന 'ടോക്സിക്' ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.
നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.