

ബെംഗളൂരു: കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്കുമേൽ രണ്ട് ശതമാനം പ്രത്യേക നികുതി ഈടാക്കാനുള്ള സർക്കാർ നിർദേശം റദ്ദാക്കി ഹൈക്കോടതി. 2024ലെ കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ് ക്ഷേമനിയമ പ്രകാരം സെസ് പിരിക്കാൻ തിയേറ്ററുകൾക്ക് നിർദേശം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും സർക്കുലറുകളുമാണ് കോടതി റദ്ദാക്കിയത്.
സെപ്റ്റംബർ ഒന്ന് മുതൽ സിനിമാ ടിക്കറ്റ് വരുമാനത്തിൽ നിന്ന് രണ്ട് ശതമാനം സെസ് പിരിച്ചെടുക്കണമെന്ന് കാട്ടി തൊഴിൽ വകുപ്പ് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും പി.വി.ആർ ഐനോക്സ് ലിമിറ്റഡും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എച്ച്.ടി. നരേന്ദ്ര പ്രസാദിന്റെ നടപടി.
നിയമപ്രകാരം നികുതി പിരിക്കാനുള്ള തീയതി സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ കോടതിയിൽ ബോധിപ്പിച്ചു. 2024ലെ നിയമം നിലവിൽ വരുന്ന തീയതി വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഗസറ്റ് സംസ്ഥാന സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് വാദത്തിനിടെ സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് നികുതി പിരിക്കാനുള്ള സർക്കാർ നിർദേശം കോടതി തള്ളിയത്. ഭാവിയിൽ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.