

കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്‌സ്' എന്ന ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) ആവശ്യപ്പെട്ട് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ. സിനിമയിലെ നായകൻ യഷിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിൽ 'അശ്ലീലത' ആരോപിച്ചതാണ് സിബിഎഫ്സിക്ക് കമ്മീഷൻ കത്തെഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആം ആദ്‌മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.
ടീസറിൽ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നു കാട്ടിയുമായിരുന്നു ആം ആദ്മി സംസ്ഥാന സെക്രട്ടറി ഉഷാ മോഹന്റെ പരാതി. ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങളുടെ പൊതുപ്രചാരണം തടയാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ടീസറിലെ 'അശ്ലീല രംഗങ്ങൾ' സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തിന് അത്യന്തം ദോഷകരമാണെന്ന പരാതിയിൽ വേണ്ട നടപടി ആവശ്യപ്പെട്ടാണ് കമ്മീഷൻ സെൻസർ ബോർഡിന് കത്തെഴുതിയത്.
യാതൊരു പ്രായപരിധിയോ മുന്നറിയിപ്പോ ഇല്ലാതെയാണ് ഈ രംഗങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇത് സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തുന്നതും കന്നഡ സംസ്കാരത്തിന് അപമാനവുമാണെന്ന് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവാദമായ ടീസർ റദ്ദാക്കണമെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ സെൻസർ ബോർഡിനോട് അഭ്യർത്ഥിച്ചു.
മാർച്ച് 19ന് ആണ് 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്‌സ്' തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ടീസർ ഇതിനോടകം ചർച്ചയായി കഴിഞ്ഞു. ടീസറിൽ സ്ത്രീകളെ അമിതമായി ഒബ്ജക്റ്റിഫൈ ചെയ്തിട്ടുണ്ടെന്ന പേരിൽ ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംവിധായിക ഗീതു മോഹൻദാസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കർണാടക വനിതാ കമ്മീഷന്റെ നടപടി.
യഷും ഗീതു മോഹൻദാസും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 'കെജിഎഫ് 2' വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്ക് ശേഷമാണ് യഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. നയൻതാര, രുക്മിണി വസന്ത്, താര സുതര്യ, കിയാര അദ്വാനി എന്നിങ്ങനെ ശക്തമായ സ്ത്രീ സാന്നിധ്യവും സിനിമയിലുണ്ട്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂര്‍, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ടി പി അബിദ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ജെ.ജെ. പെറിയോടൊപ്പം ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍പറിവും കെച്ച ഖംഫാക്ഡിയും ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്.