ബിഗ് ബോസ് 'ഹൗസ്' തുറന്നുകൊടുത്തു; ഡി.കെ. ശിവകുമാറിന് നന്ദി അറിയിച്ച് കിച്ചാ സുദീപ്

എക്സിലൂടെയാണ് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കിച്ചാ സുദീപ് നന്ദി അറിയിച്ചത്
ബിഗ് ബോസ് കന്നഡ
ബിഗ് ബോസ് കന്നഡ
Published on

കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോ അടച്ചുപൂട്ടാനുള്ള നിർദേശം നീക്കുന്നതില്‍ ഇടപെട്ട ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നന്ദി അറിയിച്ച് കന്നഡ സൂപ്പർ താരവും അവതാരകനുമായ കിച്ചാ സുദീപ്. കർണാടക മലിനീകരണ നിയന്ത്രണ ബോർഡാണ് ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സജ്ജമാക്കിയ വേല്‍സ് (ജോളിവുഡ്) സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയായിരുന്നു ഉപമുഖ്യമന്ത്രിയുടെ ഇടപെടല്‍.

എക്സിലൂടെയാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കിച്ചാ സുദീപ് നന്ദി അറിയിച്ചത്. "ബഹുമാനപ്പെട്ട ഡി.കെ. ശിവകുമാറിന്റെ സമയോചിതമായ പിന്തുണയ്ക്ക് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. സമീപകാലത്തുണ്ടായ പ്രശ്നങ്ങളില്‍ ബിബികെ ഉള്‍പ്പെട്ടിട്ടില്ലെന്നും അതില്‍ പങ്കാളികള്‍ ആയിരുന്നില്ലെന്നും അംഗീകരിച്ചതില്‍ ബന്ധപ്പെട്ട അധികാരികൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ കോളിനോട് ഉടനടി പ്രതികരിച്ച ഉപമുഖ്യമന്ത്രിയെ ശരിക്കും അഭിനന്ദിക്കുന്നു. #BBK12 ഇവിടെ തന്നെ തുടരും," കിച്ചാ സുദീപ് കുറിച്ചു.

ബിഗ് ബോസ് കന്നഡ ഷോയുടെ സംഘാടകർ ജല, വായു മലിനീകരണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ഷോ നടക്കുന്ന സ്റ്റുഡിയോ അടുച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ തന്നെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി നിയമ ലംഘനങ്ങള്‍ പരിഹരിക്കാന്‍ സ്റ്റുഡിയോയ്ക്ക് സമയം നല്‍കണമെന്നായിരുന്നു ശിവകുമാറിന്റെ നിലപാട്. ഇക്കാര്യം എക്സിലൂടെ ഉപമുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. കന്നഡ വിനോദ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തോടുള്ള ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനും താന്‍ പ്രതിജ്ഞാബദ്ധനാണെന്നാണ് ഡി.കെ. ശിവകുമാർ എക്സില്‍ കുറിച്ചത്.

അതേസമയം, വേല്‍സ് സ്റ്റുഡിയോയില്‍ ബിഗ് ബോസോ മറ്റെന്തെങ്കിലുമോ പരിപാടി നടക്കുന്നതായി തങ്ങള്‍ക്ക് അറിയില്ലെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മെമ്പർ സെക്രട്ടറി എസ്.എസ്. ലിംഗരാജു പ്രതികരിച്ചത്. ആ ഭൂമിയുടെ ഉടമസ്ഥർ വെൽസ് സ്റ്റുഡിയോ ആണ്. വായു- ജല നിയമങ്ങള്‍ ഇവർ ലംഘിച്ചതിനാലാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്നും ലിംഗരാജു വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com