കൊച്ചി: ശ്രീനിവാസൻ അർപ്പിച്ച വിശ്വാസമാണ് തന്നെ സംവിധായകനാക്കിയതെന്നും അദ്ദേഹം തനിക്ക് ജ്യേഷ്ഠസഹോദരനാണെന്നും സംവിധായകാൻ ലാൽ ജോസ് ന്യൂസ് മലയാളം ഹലോ മലയാളത്തിൽ പറഞ്ഞു. ഇരുപത്തിയേഴിലധികം വർഷത്തെ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ. എല്ലാക്കാലത്തും തന്നെ അത്ഭുതപ്പെടുത്തിയ മനുഷ്യനായിരുന്നു അദ്ദേഹം. ആരെയും ഭയമില്ലാതെ ഉള്ളിലുള്ളത് തുറന്നു പറയുന്ന സ്വഭാവമായിരുന്നു. എല്ലാകാര്യങ്ങളും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. അത്ഭുതപ്പെടുത്തുന്ന സൂക്ഷ്മനിരീക്ഷണമായിരുന്നു അദ്ദേഹത്തിൻ്റേത്. രാഷ്ട്രീയ കാര്യങ്ങളിലും ആ വിലയിരുത്തലുണ്ടായിരുന്നു. എതിർപക്ഷക്കാരുടെ നന്മകൾ പോലും അംഗീകരിക്കാൻ മനസുണ്ടായിരുന്നു. സിനിമയ്ക്കായി നൂറുശതമാനവും സമർപ്പിക്കുന്ന കലാകാരനായിരുന്നു ശ്രീനിവാസൻ എന്നും ലാൽ ജോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
വധു ഡോക്ടർ ആണ് എന്ന സിനിമയുടെ നിർമാതാക്കളാണ് എന്നോട് സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചത്. അസോസിയേറ്റായാണ് അന്ന് ഞാൻ സിനിമയിലുള്ളത്. ശ്രീനിവാസനെ പോലുള്ള ഒരാളുടെ തിരക്കഥ സംവിധാനം ചെയ്യാനുള്ള ധൈര്യം എനിക്കില്ലെന്ന് അന്ന് ഞാൻ പറഞ്ഞു. അവർ അന്ന് ശ്രീനിവാസനോട് അടുത്ത സിനിമയ്ക്ക് തിരക്കഥ തരാമോ എന്ന് ചോദിച്ചു. അന്ന് ആരാണ് സംവിധായകൻ എന്ന് അറിഞ്ഞാൽ മാത്രമേ തിരക്കഥ നൽകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ എനിക്കത് ചെയ്യാനാകും എന്ന് എന്നേക്കാൾ മുന്നേ പറഞ്ഞത് ശ്രീനിയേട്ടനാണ്. അദ്ദേഹത്തിൻ്റെ ആ വാക്കാണ് എനിക്ക് ധൈര്യം തന്നതും എന്നെ സംവിധായകനാക്കിയതും, ലാൽ ജോസ്.
വെറും മൂന്ന് സിനിമകളിൽ മാത്രമാണ് അന്ന് തന്നെ ശ്രീനിവാസൻ കണ്ടത്. എന്നിട്ടും അദ്ദേഹം തന്നെ വിശ്വസിച്ചുവെന്നത് വലിയ കാര്യമാണ്. അത് അന്നും ഇന്നും തന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. എന്താകും തന്നിൽ അദ്ദേഹം കണ്ടിട്ടുണ്ടാവുകയെന്നത് എന്നും താൻ ഓർക്കാറുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ഒരു മറവത്തൂർ കനവ് എന്ന സിനിമയ്ക്കായി രണ്ടുവർഷക്കാലം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ശ്രീനിവാസൻ പോകുന്ന സിനിമാ സെറ്റിലൊക്കെ താനും കൂടെ പോകാറുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. എല്ലാ കാലത്തും എൻ്റെ കഥകൾ കേൾക്കാൻ അദ്ദേഹം താൽപ്പര്യം കാണിച്ചിരുന്നുവെന്നും ലാൽ ജോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.