സ്വരമാധുര്യം; 88ന്റെ നിറവിൽ എസ്. ജാനകി

സിനിമയിൽ വന്ന് ആദ്യ വർഷം തന്നെ അഞ്ചു വ്യത്യസ്ത ഭാഷാചിത്രങ്ങളിൽ ജാനകി പാടി
എസ്. ജാനകി
എസ്. ജാനകി
Published on
Updated on

ഇന്ത്യൻ സിനിമയിലെ നാദവിസ്മയം എസ്. ജാനകി 88ന്റെ നിറവിൽ. പ്രതിഭ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുകയും അവരുടെ നിലവാരം ഉയർത്തുകയും ചെയ്ത അനശ്വര ​ഗായിക ഇന്ന് വിശ്രമ ജീവിതം നയിക്കുകയാണ്. പൊതു വേദികളിൽ പാടുന്നത് അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും ജാനകി നമ്മുടെ കാതുകളിൽ മധുരിതമായ ​ഗാനങ്ങൾ പാടുന്നു. ഒരു വാനമ്പാടിയെപ്പോലെ.

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പള്ളപട്ടലയിൽ 1938 ഏപ്രിൽ 23 നാണ് ജാനകിയുടെ ജനനം. നാദസ്വരം വിദ്വാൻ പൈദിസ്വാമിയാണ് സം​ഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. എന്നാൽ, തുടർന്ന് ശാസ്ത്രീയമായി അഭ്യസിച്ചില്ല. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയാകുന്നത്.

1957ൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ പിന്നണി ​ഗാനരം​ഗത്ത് അരങ്ങേറി.19 വയസായിരുന്നു അപ്പോൾ പ്രായം. പക്ഷേ, ആ ചിത്രം പുറത്തുവന്നില്ല. അതേ വർഷം തന്നെ തമിഴിൽ 'മഗ്ദലനമറിയം' എന്ന ചിത്രത്തിന് വേണ്ടി പാടി. ഇതാണ് എസ്. ജാനകിയുടേതായി പുറത്തു വന്ന ആദ്യ ചലച്ചിത്രഗാനം. സിനിമയിൽ ഒരു പുതുമുഖത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് ജാനകിക്ക് ലഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ സം​ഗീതപ്രേമികൾ ​ഗായികയെ ഏറ്റെടുത്തു. ആ ശബ്ദത്തിലെ സവിശേഷതയും മനോഹാരിതയും ശ്രോതാക്കൾ തിരിച്ചറിഞ്ഞു എന്ന് പറയുന്നതാകും ശരി.

എസ്. ജാനകി
MELODIA | തേനും വയമ്പും നാവിൽ തൂകും വാനമ്പാടി... മലയാളത്തിന്റെ ജാനകിയമ്മ

സിനിമയിൽ വന്ന് ആദ്യ വർഷം തന്നെ അഞ്ചു വ്യത്യസ്ത ഭാഷാചിത്രങ്ങളിൽ ജാനകി പാടി. തമിഴ് കൂടാതെ മലയാളം, കന്നഡ, തെലുങ്ക്, സിംഹള എന്നീ ഭാഷകളിലും ആ സ്വരമാധുര്യം ഒഴുകിയെത്തി.

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിനു വേണ്ടിയാണ് ജാനകി ആദ്യമായി മലയാളത്തിൽ പാടുന്നത്. 'ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ.. കരൾ നീറുകയോ എൻ വാഴ്‌വിൽ' എന്ന ​ഗാനം. പി.എൻ. ദേവിന്റെ വരികൾക്ക് ഈണം പകർന്നത് എസ്.എൻ. ചാമി.

കഷ്ടപ്പെട്ടാണ് ജാനകി മലയാള ഭാഷ പഠിച്ചെടുത്തത്. വരികൾ തെലുങ്കിൽ എഴുതി വായിച്ചായിരുന്നു പഠനം. ഉച്ചാരണം പലരോട് ചോദിച്ച് മനസിലാക്കിയെടുത്തു. പിന്നീടങ്ങോട്ട് മലയാളത്തിൽ 'ജാനകിക്കാല'മായിരുന്നു. നിരവധി ക്ലാസിക് ​ഗാനങ്ങൾ ആ ശബ്ദത്തിൽ മലയാളി കേട്ടു. പ്രണയം, വിരഹം , ഭക്തി, വാത്സല്യം, കുട്ടിത്തം എന്നിങ്ങനെ പല ഭാവങ്ങളിൽ ഒരു നാദ പ്രപഞ്ചം തന്നെ നമുക്കുള്ളിൽ ആ ​പ്രതിഭ പണിതീർത്തു. ആ പാട്ടുകൾ മലയാളിയെ ഉറക്കുകയും ഉണർത്തുകയും പ്രണയിപ്പിക്കുകയും താലോലിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക മികച്ച സംഗീതസംവിധായകർക്കൊപ്പവും എസ്. ജാനകി പാടിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, കെ. രാഘവൻ, എം.ബി. ശ്രീനിവാസ്, ആർ.കെ. ശേഖർ, ജി. ദേവരാജൻ, എം.എസ്. വിശ്വനാഥൻ, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ, എ.ആ‍‍. റഹ്മാൻ തുടങ്ങിയവരുടെ ​ഈണങ്ങൾക്ക് ജാനകി ജീവശ്വാസം നൽകി. ആറ് പതിറ്റാണ്ടു നീണ്ടുകിടക്കുന്ന സം​ഗീത സപര്യയിൽ 18 ഭാഷകളിലായി 40,000ത്തിൽ ഏറെ ​ഗാനങ്ങളാണ് ജാനകി പാടി അനശ്വരമാക്കിയത്.

എസ്. ജാനകി
പി. ഭാസ്കരന്‍; പാരഡി പാട്ടുകളുടെ മാസ്റ്റര്‍

മികച്ച ​ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണയാണ് ജാനകിയെ തേടിയെത്തിയത്. 1977ൽ ഭാരതിരാജ സംവിധാനം ചെയ്ത 'പതിനാറു വയതിനിലേ' എന്ന തമിഴ്‌ ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌. ഇളയരാജയായിരുന്നു സം​ഗീതം. 80ൽ മലയാള ചിത്രത്തിലൂടെയാണ് രണ്ടാമത്തെ ദേശീയ അവാർഡ് നേട്ടം. 'ഓപ്പോളി'ലെ ‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത്... എന്ന ഗാനമാണ് ഇത്തവണ ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്. മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 11 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ പുരസ്കാരം 10 തവണയുമാണ് ജാനകി സ്വന്തമാക്കിയത്. 2013ൽ പത്മഭൂഷൺ ലഭിച്ചു. എന്നാൽ ഏറെ വൈകിയെത്തിയ ഈ ബഹുമതി ജാനകി നിരസിച്ചു. ബഹുമതികൾ തന്നെ പ്രലോഭിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

2017 ഒക്ടോബർ 28ന് മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ജാനകി സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സ്വരം നന്നായിരിക്കെ തന്നെ പാട്ടവസാനിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com