"എന്തൊരു ഗംഭീര നടൻ, ഫഹദ് സാർ നിങ്ങൾ പ്രചോദനമാണ്"; പ്രശംസിച്ച് മഹേഷ് ബാബു

ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിളി'നെ പ്രശംസിച്ച് മഹേഷ് ബാബു
ഫഹദ് ഫാസിൽ, മഹേഷ് ബാബു
ഫഹദ് ഫാസിൽ, മഹേഷ് ബാബു
Published on: 
Updated on: 

ഫഹദ് ഫാസിൽ നായകനായ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' എന്ന ചിത്രത്തെ പ്രശംസിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു. "മനസ് നിറയ്ക്കുന്ന സിനിമ" എന്നാണ് പ്രിവ്യൂ ഷോയ്ക്ക് പിന്നാലെ മഹേഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെപ്പറ്റിയും മഹേഷ് ബാബു എടുത്തുപറഞ്ഞു.

"ഞാൻ ഡോണ്ട് ട്രബിൾ ദ ട്രബിൾ എന്ന സിനിമ ഇപ്പോൾ കണ്ടു കഴിഞ്ഞതേയുള്ളൂ! എന്തൊരു മനോഹരമായ അനുഭവം! വളരെ നന്നായി നിർമിച്ച, കാണുമ്പോൾ മനസ് നിറയ്ക്കുന്ന ചിത്രം... ഒരേസമയം രസിപ്പിക്കുന്നതും മനസിനെ ആഴത്തിൽ സ്പർശിക്കുന്നതും. സിനിമയിലുടനീളം അപൂർവമായൊരു ഊഷ്മളതയുണ്ട്!

ഫഹദ് സർ - നിങ്ങൾ എന്തൊരു ഗംഭീര നടനാണ്! താങ്കൾ സ്വയം വികസിക്കുന്നതും, പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും, കഥാപാത്രങ്ങളെ പുനർനിർമിക്കുന്നതും കാണുന്നത് സത്യത്തിൽ വലിയ പ്രചോദനമാണ്. ഫഹദ് സാറും നമ്മുടെ കുഞ്ഞു സാറയും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു. കഥാപാത്രങ്ങൾ ഓരോ നിമിഷവും ജീവിക്കുകയും ശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്നത് നമുക്ക് കാണാനാകും!

കാർത്തികേയ - ഇതിലും മികച്ചൊരു തുടക്കം നിങ്ങൾക്ക് കിട്ടാനില്ല. ഈ സിനിമയ്ക്ക് വേണ്ടിയുള്ള നിന്റെ എല്ലാ പരിശ്രമങ്ങൾക്കും ശേഷം, ഇനി നിനക്ക് ആശ്വാസത്തോടെ ശ്വാസമെടുക്കാം. നീയും ശശാങ്ക് യെലേട്ടിയും ചേർന്ന് മനോഹരമായ ഒരു സിനിമയാണ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ടുപേരെ ഓർത്തു വലിയ സന്തോഷം തോന്നുന്നു. ശശാങ്ക്, നീ അപാരമായ ജോലിയാണ് ചെയ്തിരിക്കുന്നത്. ഈ മനോഹരമായ ലോകത്തെ ഇത്ര നന്നായി ഒന്നിച്ചു കൊണ്ടുവന്നത് ശരിക്കും അഭിനന്ദനാർഹമാണ്...

മുഴുവൻ ടീമിനും എന്റെ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു. നിങ്ങളുടെ കയ്യിലുള്ളത് ഒരു അമൂല്യ രത്നമാണ്.. ഒക്ടോബർ രണ്ടിന്... എല്ലാവരും ഈ മാജിക് അനുഭവിച്ചറിയണം!," മഹേഷ് ബാബു കുറിച്ചു.

ഫഹദ് ഫാസിൽ, മഹേഷ് ബാബു
സോഷ്യൽ മീഡിയ 'കത്തിക്കാൻ' ക്രിസ്റ്റോ സേവ്യർ; അമൽ നീരദിന്റെ 'ബാച്ച്‌ലർ പാർട്ടി D'eux' ആദ്യ ഗാനം ഇന്നെത്തും

ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. ചിത്രം ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

News Malayalam 24x7
newsmalayalam.com