

മുംബൈ: തൊണ്ണൂറുകളില്‍ പ്രേക്ഷകഹൃദയം കവർന്ന ബോളിവുഡ് നടി മഹിമ ചൗധരിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം. നടി വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന ഒരു വീഡിയോ വൈറലാണ്. സമീപത്തായി വരന്റെ വേഷത്തില്‍ നടന്‍ സഞ്ജയ് മിശ്രയേയും വൈറല്‍ വീഡിയോയില്‍ കാണാം. ഇതിന്റെ സത്യാവസ്ഥ തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
മഹിമയ്ക്കും സഞ്ജയ് മിശ്രയ്ക്കും ചുറ്റും ആരാധകരും പാപ്പരാസികളും തടിച്ചുകൂടുന്നത് കാണാം. "ഇത് വിവാഹ സത്കാരമാണ്. എല്ലാവരും മധുരം കഴിച്ച ശേഷമേ മടങ്ങാവൂ," എന്ന് ചിരിച്ചുകൊണ്ട് നടി പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്.
വീഡിയോ വൈറലായി മിനുട്ടുകള്‍ക്കുള്ളില്‍ നടിയുടെ പേര് ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടി. "മഹിമ ശരിക്കും വിവാഹം കഴിച്ചോ? 52 വയസുള്ള നടിയുടെ രണ്ടാം വിവാഹമാണോ ഇത്?," എന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്. മഹിമയ്ക്കും സഞ്ജയ് മിശ്രയ്ക്കും ആശംസകള്‍ നേർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്.
എന്നാല്‍, താരങ്ങളുടെ 'വിവാഹം' ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു. 'ദുർലഭ് പ്രസാദ് കി ദൂസരി ശാദി' എന്ന സിനിമയുടെ പ്രമേഷന്‍ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായിട്ടാണ് വധു വരന്മാരുടെ വേഷത്തില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹതരായുള്ള ഇരുവരുടെയും അഭിനയത്തില്‍ കാണികള്‍ വീണുപോയി എന്നതാണ് വാസ്തവം.
'ദുർലഭ് പ്രസാദ് കി ദൂസരി ശാദി' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റർ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവച്ചിരുന്നു. ഒരു 55 കാരന്റെ രണ്ടാം വിവാഹത്തിന്റെ ക്ഷണക്കത്ത് ഈ മോഷന്‍ പോസ്റ്ററില്‍ കാണാം. "വധുവിനെ കണ്ടെത്തി! തയ്യാറാകൂ...വിവാഹഘോഷയാത്ര ഉടൻ പുറപ്പെടും" എന്നായിരുന്നു നടി ഈ പോസ്റ്റിന് നല്‍കിയ ക്യാപ്ഷന്‍.