ചിരി മാഞ്ഞു; സലിംകുമാർ അന്തരിച്ചു

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ചിരി മാഞ്ഞു; സലിംകുമാർ അന്തരിച്ചു
Published on
Updated on

എറണാകുളം: മലയാളത്തിന്റെ പ്രിയങ്കരനായ നടൻ സലിംകുമാർ (56) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ന്യുമോണിയ ബാധയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

നാളെ രാവിലെ ഒമ്പത് മണി മുതൽ പറവൂർ ടൗൺഹാളിൽ പൊതുദര്‍ശനമുണ്ടാകും. നാളെ വൈകിട്ടായിരിക്കും സംസ്കാരം.

മലയാളികളെ മതിമറന്ന് ചിരിപ്പിച്ച ഹാസ്യനടനായാണ് സലിംകുമാറിന്റെ തുടക്കം. എന്നാൽ പതിയെ ​ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് നടൻ തെളിയിച്ചു. ഇതിനിടയിൽ സംവിധായകനായും തിളങ്ങി. വെള്ളിത്തിരയിൽ മാത്രമല്ല നിത്യജീവിതത്തിലും ഹാസ്യം സലിംകുമാറിന്റെ സന്തതസഹചാരിയായിരുന്നു. നർമം കലർന്ന കമന്റുകളിലൂടെ തന്റെ നിലപാടുകൾ വ്യക്തമാക്കുന്നതിൽ നടൻ ഒരിക്കലും വിമുഖത കാട്ടിയിരുന്നില്ല.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായി 1969 ഒക്ടോബര്‍ 10നാണ് സലിം കുമാറിന്റെ ജനനം. വടക്കൻ പറവൂരിലുള്ള സർക്കാർ ലോവർ പ്രൈമറി സ്കൂളിലും ഗവൺമെന്റ് ബോയിസ് സ്കൂളിലൂമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാല്യങ്കര എസ്.എൻ.എം. കോളേജിൽ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും എടുത്തു.

മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. എംജി സർവകലാശാല യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ മൂന്നു തവണ വിജയിയായിരുന്നു. ഇവിടെ നിന്നാണ് കൊച്ചിൻ കലാഭവന്റെ വേദികളിലേക്ക് എത്തുന്നത്. പിന്നീട് കൊച്ചിൻ സാഗർ എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. നാല് വര്‍ഷത്തോളം കൊച്ചിയിലെ പ്രൊഫഷണല്‍ നാടക ട്രൂപ്പായ ആരതി തിയറ്റേഴ്‌സിലും പ്രവർത്തിച്ചിരുന്നു. 'കൊച്ചിൻ സ്റ്റാലിയൻസ്' എന്ന് സ്വന്തമായൊരു മിമിക്രി ട്രൂപ്പും നടത്തിയിരുന്നു.

സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത 'ഇഷ്ടമാണ് നൂറുവട്ടം' (1996) എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശം. പിന്നീട് നിരവധി സിനിമകളിൽ ചെറിയ ചില വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2000ൽ ഇറങ്ങിയ സുരേഷ് ഗോപി ചിത്രം 'സത്യമേവ ജയതേ'യിലെ കള്ളൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈകാതെ ഹിറ്റ് സംവിധായകരായ റാഫി - മെക്കാർട്ടിൻ ടീമിന്റെ വിളിവന്നു. ഇവരുടെ സംവിധാനത്തിൽ ഇറങ്ങിയ 'തെങ്കാശിപ്പട്ടണ'ത്തിലെ വേഷം സലിം കുമാറിന്റെ തലവര മാറ്റിയെഴുതി. നടനെ മലയാളി ഏറ്റെടുത്തു.

പിന്നീടങ്ങോട്ട് നമ്മൾ കണ്ടത് തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കിയ നിരവധി സലിംകുമാർ കഥാപാത്രങ്ങളെയാണ്. 'പുലിവാല്‍ കല്യാണ'ത്തിലെ മണവാളന്‍, 'മീശമാധവനി'ലെ അഡ്വ. മുകുന്ദനുണ്ണി, 'ചതിക്കാത്ത ചന്തു'വിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, 'കല്യാണരാമനി'ലെ പ്യാരി, 'മായാവി'യിലെ ആശാന്‍, 'തിളക്ക'ത്തിലെ അളിയൻ എന്നിങ്ങനെ നിരവധി ഐക്കോണിക് വേഷങ്ങിൽ സലിംകുമാറിനെ പ്രേക്ഷകർ കണ്ടു. ഈ കഥാപാത്രങ്ങൾ ഇന്ന് പോപ്പ് കൾച്ചറിന്റെ ഭാഗമാണ്. അടൂർ ഭാസി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ എന്നിങ്ങനെ ചിരിയുടെ ആശാൻമാരുടെ നിരയിലാണ് നടന് മലയാളി ഇരിപ്പിടം ഒരുക്കിയത്. നിത്യജീവിതത്തിലേക്ക് കളിയായും കാര്യമായും സലിംകുമാർ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും ചേഷ്ടകളും സ്വാഭാവികമായി മലയാളി സന്നിവേശിപ്പിക്കുന്നു.

ഹാസ്യ വേഷങ്ങളിൽ തിളങ്ങിയിരുന്ന നടന്റെ മറ്റൊരു മുഖം മലയാളി കാണുന്നത് 2004ൽ പുറത്തിറങ്ങിയ കമൽ ചിത്രം 'പെരുമഴക്കാല'ത്തിലാണ്. ആമു എളാപ്പ എന്ന കഥാപാത്രമായുള്ള നടന്റെ പകർന്നാട്ടം ഏവരേയും ഞെട്ടിച്ചു. പിന്നാലെ, 2005ൽ റിലീസ് ചെയ്ത ലാല്‍ ജോസ് ചിത്രം 'അച്ഛനുറങ്ങാത്ത വീട്ടി'ലെ സാമുവൽ എന്ന കഥാപാത്രം. ഒരച്ഛന്റെ വേദന വെള്ളിത്തിരയിൽ നിന്ന് കാണികളിലേക്ക് സലിം കുമാർ എത്തിച്ചു. 2010ല്‍ എത്തിയ 'ആദാമിന്റെ മകന്‍ അബു'വിലെ കഥാപാത്രം നടനിൽ ഭദ്രമാണെന്ന് മലയാളികൾക്ക് ഉറപ്പായിരുന്നു. വൈകാരികമായ പ്രകടനം കൊണ്ട് അദ്ദേഹം അത് അക്ഷരംപ്രതി ശരിവച്ചു.

2005ലാണ് സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. 'അച്ഛനുറങ്ങാത്ത വീട്ടി'ലെ പ്രകടനത്തിനായിരുന്നു അംഗീകാരം. 'ആദാമിന്റെ മകന്‍ അബു'വിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. 2012ല്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും (അയാളും ഞാനും തമ്മില്‍) അദ്ദേഹത്തെ തേടിയെത്തി.

തിരക്കിട്ട അഭിനയജീവിതത്തിന് ഇടയിൽ 'കറുത്ത ജൂതന്‍' (2017), 'ദൈവമേ കൈതൊഴാം കെ കുമാറാകണം' (2018) എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ അദ്ദേഹം സംവിധാനവും ചെയ്തു. സംവിധായകനായി അരങ്ങേറിയ 'കറുത്ത ജൂതൻ' മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹമായി.

News Malayalam 24x7
newsmalayalam.com