"ആ വൃദ്ധദമ്പതിമാരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു, നാല് സെന്റ് ഭൂമി നല്‍കി"; നിയാസ് ബക്കറിനെ ഞെട്ടിച്ച ശിവജി ഗുരുവായൂർ

ശിവജിയുടെ മനുഷ്യത്വപരമായ ഇടപെടലുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് നിയാസ് ഫേസ്ബുക്കില്‍ കുറിച്ചു
ശിവജി ഗുരുവായൂരിന് ഒപ്പം ജയദേവ് കലവൂരും നിയാസ് ബക്കറും
ശിവജി ഗുരുവായൂരിന് ഒപ്പം ജയദേവ് കലവൂരും നിയാസ് ബക്കറുംSource: Facebook / Niyas Backer
Published on

കൊച്ചി: നടനും സുഹൃത്തുമായ ശിവജി ഗുരുവായൂരിനെപ്പറ്റി നടന്‍ നിയാസ് ബക്കർ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ശിവജിയുടെ മനുഷ്യത്വപരമായ ഇടപെടലുകള്‍ തന്നെ ഞെട്ടിച്ചുവെന്നാണ് നിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഒന്നാശ്വസിപ്പിക്കാൻ പോലും ആരോരുമില്ലാത്ത വൃദ്ധ ദമ്പതിമാരെ ചേർത്തുപിടിച്ച് സ്വന്തം വീട്ടിൽ കൊണ്ടുപോയി പാർപ്പിച്ച വ്യക്തിയാണ് ശിവജി ഗുരുവായൂർ എന്ന് നിയാസ് ബക്കർ പറയുന്നു. വലിയ സാമ്പത്തിക ശേഷിയില്ലാത്ത നടന്‍ സ്വന്തം പുരയിടത്തിൽ നിന്ന് നാല് സെന്റ് ഭൂമി അവർക്കായ് നീക്കി വച്ചുവെന്നും നടന്‍ കുറിച്ചു.

ശിവജി ഗുരുവായൂരിന് ഒപ്പം ജയദേവ് കലവൂരും നിയാസ് ബക്കറും
"ഓർക്കുന്നില്ലേ ബിലാലിന്റെ മേരി ടീച്ചറിനെ...; കാന്‍സറിനെ തോല്‍പ്പിക്കുന്ന നഫീസ അലിയുടെ പുഞ്ചിരി

ഗുരുവായൂര്‍ മെട്രോ ലിങ്ക്‌സ് കുടുംബസംഗമ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിയാസ് തന്റെ സുഹൃത്ത് കൂടിയായ നടന്റെ ഈ സത്‌പ്രവൃത്തികള്‍ അറിയുന്നത്. നിയാസിനൊപ്പം നടന്‍ ജയദേവ് കലവൂരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

നിയാസ് ബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്നെ നെട്ടിച്ചുകളഞ്ഞ നടൻ ശിവജിചേട്ടൻ (ശിവജി ഗുരുവായൂർ)

ശിവജി ചേട്ടന്റെ ക്ഷണം സ്വീകരിച്ച് കഴിഞ്ഞ 27th 2025 Saturday ആണ് ഞാൻ ഗുരുവായൂർ metro links കുടുംബസംഗമ ഓണാഘോഷ പ്രോഗ്രാമിന് ഗസ്റ്റ്‌ ആയി പങ്കെടുക്കുന്നത്.

കൂടെ ഞാൻ സ്വന്തം അനുജനെപ്പോലെ കാണുന്ന ജയദേവ് കലവൂരും ഉണ്ടായിരുന്നു. അല്പസംസാരത്തിനു ശേഷം കൊച്ചു കോമഡി പ്രോഗ്രാം അവർക്കായി ഞങ്ങൾ അവതരിപ്പിച്ചു. വലിയ സ്വീകരണമാണ് metro links members ഞങ്ങൾക്ക് നൽകിയത്. എന്നെ ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. അറബിക്കഥ സിനിമയിലെ വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച് നമ്മളെയൊക്കെ അത്ഭുതപ്പെടുത്തിയ മഹത്തായ നടൻ ശിവജി ഗുരുവായൂരിന്റെ മനുഷ്യത്വപരമായ ഇടപെടലുകൾ.

സ്വാഗത പ്രാസംഗികൻ ശിവജി ചേട്ടനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ പറഞ്ഞ ഒരു കാര്യം.

അദ്ദേഹത്തിന്റെ പരിചയത്തിലുള്ള വൃദ്ധരായ രണ്ട് മനുഷ്യരെ ദത്തെടുത്ത കഥ.

പ്രവാസിയായിരുന്ന ഒരു പാവം മനുഷ്യൻ ജീവിത സാഹചര്യങ്ങളാൽ എല്ലാം നശിച്ച് തകർന്നു പോയ പ്രായമായ ആ മനുഷ്യൻ പത്നിയുടെ കയ്യും പിടിച്ച് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നപ്പോൾ. ഒന്നാശ്വസിപ്പിക്കാൻ പോലും ആരോരുമില്ലാത്ത ആ രണ്ട് വൃദ്ധരെ ചേർത്തുപിടിച്ച് സ്വന്തം വീട്ടിൽ കൊണ്ടുപോയി പാർപ്പിച്ചു. തീർന്നില്ല സ്വന്തം പുരയിടത്തിൽ നിന്ന് നാല് സെന്റ് ഭൂമി അവർക്കായ് നീക്കി വച്ചു.

പ്രസംഗത്തിനിടെ തൊട്ടടുത്തിരുന്ന സുഹൃത്തിനോട് ഞാൻ ചോദിച്ചു.

ശിവജിച്ചേട്ടൻ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള ആളാണല്ലേ...?

അല്ല കാര്യമായ സമ്പാദ്യമൊന്നും അദ്ദേഹത്തിനില്ല വളരേ സാധാരണക്കാരനായ ഒരാളാണ്. ഉള്ളതിൽ നിന്നും അദ്ദേഹം പങ്കു വയ്ക്കുന്നു അത്രേ ഉള്ളൂ...

ഇക്കാര്യം ശിവാജിച്ചേട്ടനോട് സ്വകാര്യമായി ചോദിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് അത്രേ ഉള്ളൂ നിയാസ് നാളത്തെ നമ്മുടെയൊക്കെ സ്ഥിതി എന്തായിരിക്കുമെന്ന് നമുക്കറിയില്ലല്ലോ...

അദ്ദേഹം ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിച്ചു.

പിന്നെ ഞാൻ മാത്രമല്ലാട്ടോ മെട്രോ ഫാമിലിയും മറ്റു പല സുഹൃത്തുക്കളും അവരോടൊപ്പമുണ്ട്.

ഞാൻ മനസ്സിൽ മന്ദ്രിച്ചു.

അറബിക്കഥ സിനിമയിൽ വില്ലനായി വന്ന് എന്നെ ചൊടിപ്പിച്ച ശിവജി ഗുരുവായൂർ എന്ന ഈ നടൻ സ്വന്തം ജീവിതം കൊണ്ട് നമ്മെ പലതും പഠിപ്പിക്കുന്ന വീരനായകനാണ്.സത്യത്തിൽ ഇവരെപോലുള്ളവരുടെ ഫാനല്ലേ... നമ്മളാകേണ്ടത്.

പ്രിയപ്പെട്ട ശിവജിച്ചേട്ടനും metro links നും എന്റെ big salute... നിറഞ്ഞ സ്നേഹം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com