"വീട് ജപ്തിയിലാണ്, രണ്ട് തവണ ജീവനൊടുക്കാൻ ശ്രമിച്ചു"; വൈകാരിക കുറിപ്പുമായി സുബീഷ് സുധി

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണെന്ന് സുബീഷ് സുധി
സുബീഷ് സുധി, 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' സിനിമ
സുബീഷ് സുധി, 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' സിനിമ
Published on
Updated on

കൊച്ചി: ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം'. സുബീഷ് സുധി ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമ സാമ്പത്തികമായി വിജയമായിരുന്നില്ല. ടൈറ്റിലിനെ ചൊല്ലി സെൻസർ പ്രതിസന്ധിയും നേരിട്ടിരുന്നു. 'ഒരു സർക്കാർ ഉൽപ്പന്നം' എന്ന് ടൈറ്റിൽ മാറ്റിയ ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പരാജയം നിർമാണ പങ്കാളി കൂടിയായ തന്നെ കടക്കെണിയിലാക്കിയെന്നും രണ്ട് തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തി ദീർഘമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ സുബീഷ് സുധി.

"എന്റെ വീട് ജപ്തിയിലാണ്. സിനിമയ്ക്ക് വേണ്ടി ഫണ്ട്‌ തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിലാണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകൾ ആണ് വരുന്നത് കടകാരുടേത്. പിടിച്ചു നിൽക്കാനാവാതെ രണ്ടുതവണ അത്മഹത്യക്ക് വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട," സുബീഷ് സുധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സുബീഷ് സുധി, 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' സിനിമ
'പേട്രിയറ്റി'നൊപ്പം 'ഐ, നോബഡി' ടീസർ; ഒരു പൃഥ്വിരാജ് - നിസാം ബഷീർ സർപ്രൈസ്!

സുബീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത് . 2024 മാർച്ച്‌ എട്ട് 'പ്രേമലു'വും 'മഞ്ഞുമ്മൽ ബോയിസും' തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു .

റിലീസിനു രണ്ട് ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.

ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട്‌ തന്നവർ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി . എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകൾ ആണ് വരുന്നത് കടകാരുടേത്.

പിടിച്ചു നിൽക്കാനാവാതെ രണ്ട് തവണ അത്മഹത്യക്ക് വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡിന് ശ്രമിക്കുന്നതിന് മുന്നേ ഞാൻ രണ്ടു മൂന്ന് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിൽ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിൽ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com