
കൊച്ചി: അഭിനേതാവും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്ന ആൻ റോയിയും നടന്‍ കിച്ചു ടെല്ലസും വിവാഹബന്ധം വേർപിരിഞ്ഞു. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലുടെ ശ്രദ്ധേയനായ നടനാണ് കിച്ചു.
ഒരുമിച്ചുള്ള അഞ്ച് മനോഹരമായ വർഷങ്ങള്‍ക്ക് ശേഷം വേർപിരിയാന്‍ തീരുമാനിച്ചതായി റോഷ്ന ആൻ റോയ് ഫേസ്ബുക്കില്‍ കുറിച്ചു. "രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. അതുകൊണ്ടാണ് ഞാൻ മാറി നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ഇടം നല്‍കിയത്," റോഷ്ന എഴുതി. താനും അദ്ദേഹവും ഇപ്പോള്‍ സ്വന്ത്രരാണ്. സെപ്റ്റംബർ 30, ഇന്ന് തന്റെ അച്ഛനെ നഷ്ടപ്പെട്ട ദിവസമാണ്. ജീവിതത്തിലെ ആദ്യ വേദന. ഈ ദിനം, ഞാന്‍ മറ്റൊരു അവസാനം കൂടി അടയാളപ്പെടുത്തുന്നു. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്കാണ് പോകുന്നതെന്നും താന്‍ ഉയരാന്‍ ആഗ്രഹിക്കുന്നതായും നടി കുറിപ്പില്‍ കൂട്ടിച്ചേർത്തു.
'ഒരു അഡാര്‍ ലൗ' എന്ന ഒമർ ലുലു ചിത്രത്തിലൂടെയാണ് റോഷ്‌ന പ്രേക്ഷകരുടെ ശ്രദ്ധനേടിയത്. കിച്ചു ടെല്ലസുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ അത്ര സജീവമല്ലെന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.
സോഷ്യൽ മീഡിയയിൽ ഒരു ആഘോഷമാക്കാൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത് മറിച്ച് ഇത് വെളിപ്പെടുത്താൻ ഇപ്പോഴാണ് ശരിയായ സമയമെന്ന് തോന്നുന്നു. ഞങ്ങൾ രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്. ഞങ്ങൾ രണ്ടുപേരും സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്. പക്ഷേ വ്യത്യസ്ത വഴികളിലാണെന്ന് മാത്രം.
അതെ, രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. അതുകൊണ്ടാണ് ഞാൻ മാറി നിന്ന് നിങ്ങൾ ആഗ്രഹിച്ച എല്ലാ ഇടവും നിങ്ങൾക്ക് നൽകിയത്. ഞാൻ സ്വതന്ത്രയാണ്, അവൻ സ്വതന്ത്രനാണ്, "എല്ലാവർക്കും സമാധാനം ആശംസിക്കുന്നു"!
എളുപ്പമല്ലെങ്കിലും ഞാന്‍ ഇത് പുറത്തുവന്ന് എല്ലാവരോടും പങ്കിടണം. ചിലർക്ക് സന്തോഷം തോന്നിയേക്കാം. അവരുടെ സന്തോഷമായി തുടരണമെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. പല തരത്തിൽ, ഞങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ. കിച്ചുവും ഞാനും ഒരിക്കൽ ഒരുമിച്ചായിരുന്നു. ഇപ്പോൾ വേർപിരിഞ്ഞു. ജീവിതം മുന്നോട്ട് പോകുന്നു.
ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. ഇത് മറച്ചുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വേർപിരിഞ്ഞ ശേഷം ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ എല്ലാവരും ഞങ്ങളുടെ വ്യക്തിപരമായ ഇടത്തെ ബഹുമാനിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.