മലയാള സിനിമയുടെ കഥാപുരുഷൻ; അടൂർ ഗോപാലകൃഷ്ണന് ഇന്ന് 84-ാം പിറന്നാൾ

മലയാളത്തിൽ സമാന്തര സിനിമകളെ പരിചയപ്പെടുത്തി, കലാമൂല്യമുള്ള സിനിമകൾ ചെയ്‌ത്, മാറ്റങ്ങൾക്ക് വഴിതെളിച്ച സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ
അടൂർ ഗോപാലകൃഷ്ണന്‍
അടൂർ ഗോപാലകൃഷ്ണന്‍
Published on

മലയാള സിനിമയുടെ കഥാപുരുഷൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 84-ാം പിറന്നാൾ. മലയാള സിനിമയുടെ ബാല്യം മുതല്‍ അടൂര്‍ ഗോപാലകൃഷ്ണനും അദ്ദേഹത്തിൻ്റെ സിനിമകളും ഇവിടെയുണ്ട്. മലയാളത്തിൽ സമാന്തര സിനിമകളെ പരിചയപ്പെടുത്തി, കലാമൂല്യമുള്ള സിനിമകൾ ചെയ്‌ത്, മാറ്റങ്ങൾക്ക് വഴിതെളിച്ച സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ.

"നിങ്ങള്‍ തിരക്കഥയില്‍ വിശ്വസിക്കുന്നുവോ? ഒരവിശ്വാസിയാണ് നിങ്ങളെങ്കില്‍ ഞാനിനി പറയാന്‍ പോകുന്നതൊന്നുംതന്നെ നിങ്ങള്‍ക്കായി ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല." തൻ്റെ 11 സിനിമകളുടെ തിരക്കഥാ സമാഹാരത്തിൻ്റെ ആമുഖത്തില്‍ അടൂർ ഗോപാലകൃഷ്ണൻ ഇങ്ങനെ കുറിച്ചിട്ടത് വെറുതെയല്ല. തിരശീലയിൽ കാണുന്നതിൻ്റെ, കടലാസിലെ രേഖാരൂപമാണ് തിരക്കഥ എന്നത് നിശ്വാസമാക്കിയ ഒരു സംവിധായകൻ്റെ കാഴ്ചപ്പാടാണത്. ആറു പതിറ്റാണ്ടിൻ്റെ സിനിമാ ജീവിതത്തിൽ 12 സിനിമകളാണ് അടൂർ വെള്ളിത്തിരയിലൊരുക്കിയത്.

മുപ്പതിലേറെ ഡോക്യുമെൻ്ററികളും ഷോർട് ഫിലിമുകളും വേറെ. ആ ജീവിതത്തിൽ ഒരു ചലച്ചിത്രകാരന് നേടാനാവുന്ന ഒട്ടുമിക്ക നേട്ടങ്ങളും തേടിയെത്തി. സംവിധാനം ചെയ്ത 10 സിനിമകൾക്കും ദേശീയ പുരസ്കാരങ്ങൾ. പ്രധാനപ്പെട്ട എല്ലാ അന്തർദ്ദേശീയമേളകളിലും സിനിമകൾ പ്രദർശിപ്പിച്ചുവെന്ന ഖ്യാതി. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, അന്തർദ്ദേശീയ നിരൂപക സംഘടനയുടെ ഫിപ്രെസ്കി പ്രൈസ് പുരസ്കാരം, ഫ്രഞ്ച് സർക്കാരിൻ്റെ കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി, രാജ്യം ബഹുമാനിച്ച പത്മശ്രീ- പത്മവിഭൂഷൻ ബഹുമതി, ദാദാ സാഹേബ് ഫാൽക്കേ അവാർഡ്, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം, അമേരിക്കന്‍ സര്‍വ്വകലാശാലയിലെ അടൂര്‍ ഗോപാലകൃഷ്‍ണന്‍ ചെയര്‍ വരെ നീളുന്നു ആ നിറവ്, ആ പെരുമ.

തടവുകാരനായ ബഷീറും മതിലിനപ്പുറത്തുള്ള നാരായണിയും തങ്ങളുടേതായ ലോകം നെയ്‌തെടുക്കുമ്പോൾ. ഭൗതികമായ മതിലുകൾ അതിർവരമ്പുകൾ സൃഷ്‌ടിക്കുന്നില്ലെന്ന ബഷീറിൻ്റെ എഴുത്തിന് അത്രമേൽ ഭംഗിയായി സിനിമാ ഭാഷ്യമൊരുക്കിയതാണ് അടൂരിൻ്റെ പ്രതിഭ. സക്കറിയയുടെ ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും എന്ന നോവലിനെ ആസ്‌പദമാക്കി വിധേയൻ ഒരുക്കിയപ്പോഴും താരപ്രഭയുടെ യാതൊരു പൊടിപ്പുമില്ലാതെ മമ്മൂട്ടിയിലെ നടനെ പ്രതിഫലിപ്പിച്ചു.

മൗട്ടത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്ന പേരിൽ നിന്നും 20-ാം വയസിൽ ജാതിവാൽ മുറിച്ച അടൂർ, ഉദ്യോഗം ഉപേക്ഷിച്ചാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചലച്ചിത്രകാരനാകുന്നത്. 72 ൽ ആദ്യ ചിത്രം സ്വയംവരം ഒരുക്കുമ്പോൾ മലയാളത്തിന്‍റെ നടപ്പുരീതികളെ പൊളിച്ചെഴുതി. അന്ന് ഇന്ത്യന്‍ സിനിമാ ലോകം മുഴുവൻ ശ്രദ്ധിച്ചു അടൂർ ഗോപാലകൃഷ്ണൻ എന്ന നവാഗത സംവിധായകനെ.

അടൂർ ഗോപാലകൃഷ്ണന്‍
മമ്മൂട്ടിയുടെയും ദാക്ഷായണി വേലായുധൻ്റെയും ജീവിതം ഇനി വിദ്യാർഥികൾ പഠിക്കും; മഹാരാജാസ് സിലബസിൽ ഉൾപ്പെടുത്തി

അജയനെന്ന ചെറുപ്പക്കാരനിൽ മനസ് നടത്തുന്ന കണ്ണുപൊത്തിക്കളികളുടെ കഥ പറഞ്ഞപ്പോൾ, അനന്തരം അന്താരാഷ്ട്ര തലത്തിൽ പ്രശംസയും പഠനവിഷയുമായി. അജയൻ്റെ അവസാനിക്കാത്ത കഥയിൽ, അവന് പറയാനുള്ളത് ഇനിയും കേള്‍ക്കാന്‍ തയ്യാറാകുന്ന പ്രേക്ഷകരെ ഒരുക്കിയെടുത്ത പര്യവസാനം ഇന്നും കാഴ്ചയിൽ ഭ്രമിപ്പിക്കുന്നതാണ്.

ആത്മകഥയുടെ ഹൃദയവായ്‌പ്പോടെയുള്ള കഴിഞ്ഞ കാലത്തിൻ്റെ കഥപറഞ്ഞ കഥാപുരുഷൻ, ഒരു കാലഘട്ടത്തിൻ്റെ അവസ്ഥ വിശദീകരിച്ച് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റ്യൂട്ടിന്‍റെ നല്ല മൗലിക രചനയ്ക്കുള്ള പുരസ്‌കാരം നേടിയ എലിപ്പത്തായം, നിരപരാധിയായ ഒരു മനുഷ്യൻ്റെ കഴുത്തിൽ കുരുക്കിടാന്‍ വിധിക്കപ്പെട്ട ആരാച്ചാരുടെ ആന്തരിക സംഘർഷത്തിൻ്റെ നിഴൽക്കൂത്ത്, തകഴിയുടെ ചെറുകഥകളിൽ നിന്നുമുള്ള നാലു പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ടാണും, ഒടുവിൽ 2016 ൽ പിന്നെയും വരെ എത്തിനിൽക്കുന്നു ആടൂരിൻ്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ യാത്രകൾ.

എണ്ണത്തിലല്ല, കലാസൃഷ്‍ടിയുടെ കാമ്പിൽ വിശ്വസിച്ചപ്പോൾ, പതിറ്റാണ്ടുകൾക്കു മുൻപേ ലോക സിനിമാഭൂപടത്തില്‍ മലയാളത്തിന്‍റെ സാന്നിധ്യമായി ആടൂർ മാറി. വെള്ളിവെളിച്ചത്തിന് സ്വന്തം ബോധ്യത്തില്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യാതിരുന്ന സംവിധായകൻ ഒരു കാലഘട്ടത്തിൽ പ്രേക്ഷകരുടെ അഭിരുചികളെ തന്നെ മാറ്റിയെഴുതി. ഇന്നും അടൂരിൻ്റെ സിനിമകൾ തലയെടുപ്പോടെ നിൽക്കുകയാണ്. പലതരംഗങ്ങളും മാറ്റങ്ങളും സിനിമാ ഭാഷ്യത്തിൽ സംഭവിച്ചിട്ടും കാലങ്ങൾക്കിപ്പുറവും, ആ തിരയിളക്കത്തിന് മലയാളത്തിൽ സമാനതകളില്ല എന്നതാണ് സത്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com