ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ; സംവിധായകൻ ആർ. ശരത് അന്തരിച്ചു

'സായാഹ്നം', 'സ്ഥിതി', 'ശീലാബതി', 'ബുദ്ധൻ ചാപ്ലിനും ചിരിക്കുന്നു', 'സ്വയംപറുദീസ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്
സംവിധായകൻ ആർ. ശരത്
സംവിധായകൻ ആർ. ശരത്
Published on
Updated on

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമ- ഡോക്യുമെന്ററി ചലച്ചിത്രകാരൻ, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. 'സായാഹ്നം', 'സ്ഥിതി', 'ശീലാബതി', 'ബുദ്ധൻ ചാപ്ലിനും ചിരിക്കുന്നു', 'സ്വയംപറുദീസ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ്. 'ഫ്രീഡം ഫ്രണ്ട്സ്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് മരണം. ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ഡോക്യുമെന്ററി സംവിധായകനായാണ് ശരത്തിന്റെ തുടക്കം. രാജാ രവിവർമയുടെ ചിത്രങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഡോക്യുമെന്ററി രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ചുമർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ ജൂനിയർ ഫെലോഷിപ്പും ലഭിച്ചു.

2000ൽ പുറത്തിറങ്ങിയ 'സായാഹ്നം' ആണ് ആദ്യ ചിത്രം. സംസ്ഥാന സർക്കാരിന്റെ ഏഴ് പുരസ്കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥ പറഞ്ഞ 'സ്ഥിതി' എന്ന ചിത്രം വളരെയധികം പ്രശംസ നേടി. പിന്നണി ഗായകൻ ഉണ്ണി മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. 'അച്ചിന്റെ കഥ', 'ചുമർചിത്രങ്ങൾ', ഒഎൻവിയുടെ കവിത ആസ്പദമാക്കി ഒരുക്കിയ 'ഭൂമിക്കൊരു ചരമഗീതം', 'മഹാത്മാഗാന്ധി റോഡ്' തുടങ്ങിയ ഹ്രസ്വചിത്രങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

സംവിധായകൻ ആർ. ശരത്
വിദ്യാധരന്റെ 'ഭൂതക്കണ്ണാടി'യിൽ മമ്മൂട്ടിയെ നോക്കുമ്പോൾ; അഭിനയത്തിന്റെ മാസ്റ്റർക്ലാസ്!

കൊല്ലം ജില്ലയിലെ വിളക്കുടിയിലാണ് ജനനം. മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം അപ്രിസിയേഷൻ കോഴ്സും പൂർത്തിയാക്കി. കേരള കൗമുദിയിൽ ജേണലിസ്റ്റായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 2017ൽ വിരമിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഡയറക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംവിധായകൻ ആർ. ശരത്
പറവൈ കൂട്ടിൽ വാഴും മാൻ​; പ്രണയം ശ്വസിച്ച ഭാരതിരാജ

ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ്, മികച്ച മലയാള ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

കെ.ഐ. ബിന്ദുവാണ് ഭാര്യ. മക്കൾ: അഭിജിത്ത് ശരത്ത്, അഭിരാം ശരത്ത്. മരുമക്കൾ: അഞ്ചലി, അഭിരാമി. ചെറുമകൻ: ദേവ് ദത്ത്.

News Malayalam 24x7
newsmalayalam.com