
അച്ഛന്റെ പാത പിന്തുടർന്ന് ധ്യാന്‍ ശ്രീനിവാസന്‍ കൃഷിയിലേക്ക് കടക്കുന്നു. കണ്ടനാട് പാടശേഖര സമിതിക്കൊപ്പമാണ് നടന്‍ കൃഷി ഇറക്കുന്നത്. പുന്നച്ചാലിലെ പാടശേഖരത്തിലാണ് നെല്‍ കൃഷിക്ക് വിത്ത് വിതയ്ക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന വിത മഹോത്സവം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും.
ശ്രീനിവാസന്റെ നേതൃത്വത്തിലാണ് തരിശായിക്കിടന്ന കണ്ടനാട് പാടശേഖരത്ത് കൃഷി ചെയ്തുവന്നിരുന്നത്. രണ്ട് ഏക്കറിലാണ് ശ്രീനിവാസന്‍ കൃഷി ആരംഭിച്ചത്. എന്നാല്‍ ഇത്തവണ 80 ഏക്കറിലാകും കൃഷി. 1,500 കിലോഗ്രാമില്‍ ഏറെ ഉമ വിത്തുകളാണ് ഇവിടെ വിതയ്ക്കുക. അഞ്ച് ഏക്കറില്‍ നാടന്‍ വിത്തുകളും കൃഷി ചെയ്യും. വിതയ്ക്കാനായി പാടം തയ്യാറാക്കാനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
നാട്ടുകാരായ മനു ഫിലിപ്പ് തുകലന്‍,സാജു കുര്യന്‍ വൈശ്യംപറമ്പില്‍ എന്നിവർക്കൊപ്പമാണ് ധ്യാന്‍ ശ്രീനിവാസന്‍ കൃഷി ഇറക്കുന്നത്. പഞ്ചായത്ത്, കൃഷിഭവൻ, മധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് നാളെ വിത മഹോത്സവം നടക്കുന്നത്.
ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി വിത മഹോത്സവത്തിന് അധ്യക്ഷയാകും. ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, മണികണ്ഠൻ ആചാരി, മധ്യ കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഫൗണ്ടർ ജോർജ് കുളങ്ങര എന്നിവർ മുഖ്യാതിഥികളാകും.