കൊച്ചി: അമ്മയിൽ നിന്ന് രാജിവച്ച് മല്ലികാ സുകുമാരൻ. സത്യത്തിനും ന്യായത്തിനും ശ്വേതയ്ക്കുമൊപ്പമെന്ന് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് മല്ലികാ സുകുമാരൻ ഈ വിവരം പുറത്തുവിട്ടത്. അതേസമയം, ഭരണസമിതി അംഗങ്ങളുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മറ്റിയിൽ നിന്ന് ആശ അരവിന്ദും രാജിവച്ചു. ഈ കമ്മിറ്റിയിലെ ആദ്യ രാജിയാണിത്. കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് രാജിവെക്കുന്നതായി മെസേജ് അയച്ചത്. അമ്മയുടെ സഞ്ജീവനി പദ്ധതിയുടെ ചുമതല ആശയ്ക്ക് ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് തർക്കത്തെ തുടർന്ന് അമ്മയിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും രാജിവച്ചത്. സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെ ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് അംഗങ്ങൾ രാജിവയ്ക്കാൻ തയ്യാറായത്.
ആരുടേയും കയ്യിലെ പാവയാകാനില്ലെന്ന് പറഞ്ഞ ശ്വേതാ മേനോൻ 'അമ്മ'യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നതായും അറിയിച്ചിരുന്നു. നടി ലക്ഷ്മി പ്രിയയും 'അമ്മ'യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചു. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുന്നേയാണ് ശ്വേതാ മേനോൻ അടക്കമുള്ള പതിനേഴ് അംഗങ്ങളുടെ രാജി.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയിരുന്നു. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗത്തിൽ തർക്കം രൂക്ഷമായത്.
തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെ ശ്വേത രാജി പ്രഖ്യാപിക്കുകയായിരുന്നു. മുതിർന്ന അംഗങ്ങൾ ചേർന്ന് ശ്വേതയെ അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചെങ്കിലും ഭരണസമിതി ഒന്നാകെ രാജിവയ്ക്കുകയാണ് ഉണ്ടായത്.