

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയിലെ തന്റെയും മോഹൻലാലിന്റെയും കഥാപാത്രങ്ങളെപ്പറ്റി മനസുതുറന്ന് മമ്മൂട്ടി. സിനിമയിൽ സുഹൃത്തുക്കളുടെ വേഷത്തിലാണ് തങ്ങൾ എത്തുന്നതെന്ന് പറഞ്ഞ മമ്മൂട്ടി അന്താരാഷ്ട്ര നിലവാരമുള്ള പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും പറഞ്ഞു. 18 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'പേട്രിയറ്റ്'.
"രണ്ട് താരങ്ങൾ - ഞാനും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയ്ക്ക് പേട്രിയറ്റിനായി പ്രേക്ഷകർ കാത്തിരിക്കുക സ്വാഭാവികം. പക്ഷേ ഈ സിനിമയെ നയിക്കുന്നത് ഈ സ്റ്റാർഡം അല്ല. ഞങ്ങൾ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയെ അതിന്റെ ഉള്ളടക്കമാണ് നയിക്കുന്നത്. കൊമേഷ്യൽ സിനിമയാണ് പക്ഷേ, ഞങ്ങൾ പരീക്ഷിക്കുക കൂടിയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരെ ചിത്രം കാണാന്‍ തയ്യാറാക്കേണ്ടതുണ്ട്.
രണ്ട് നായകന്മാർ രണ്ട് സൈഡിൽ നിന്നും വന്ന് കൈകൊടുക്കുന്ന പരിപാടി അല്ല ഇത്. ഞങ്ങൾ സുഹൃത്തുക്കളായാണ് വേഷമിടുന്നത് പക്ഷേ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഞങ്ങൾക്ക് രണ്ട് പേർക്കും നായികമാരില്ല. പക്ഷേ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. ഇത് ഫോര്‍മുലയെ അടിസ്ഥാനമാക്കിയുണ്ടാക്കിയ ചിത്രമല്ല. ഭാവിയിലെ ഫോർമുല സൃഷ്ടിക്കുന്ന ചിത്രമായിരിക്കും," ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് മമ്മൂട്ടി പറഞ്ഞു.
ഡാറ്റ സെക്യൂരിറ്റിയുടെയും ഡിജിറ്റൽ കാലത്തെ സ്വകാര്യതാ ലംഘനങ്ങളുടെയും കഥയാണ് 'പേട്രിയറ്റ്' പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കേണൽ റഹിം നായിക് എന്ന വേഷത്തിലാണ് മോഹൻലാൽ എത്തുക. മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം. മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'പേട്രിയറ്റ്' പ്രദർശനത്തിനെത്തും.