കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും അങ്ങേയറ്റം വേദനാജനകവുമാണെന്നും നടൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
"എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും അങ്ങേയറ്റം വേദനാജനകവുമാണ്. ഈ വലിയ ദുഃഖത്തിൽ എന്റെ മനസ് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. അദ്ദേഹം എനിക്ക് ഒരു സുഹൃത്തിനപ്പുറമായിരുന്നു. സ്നേഹത്തോടും ഊഷ്മളതയോടും കൂടി അദ്ദേഹം എന്നും ഓർമിക്കപ്പെടും," എന്നാണ് മോഹൻലാൽ കുറിച്ചത്.
മോഹൻലാലുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയാണ് സി.ജെ. റോയി. സിനിമാ നിർമാതാവ് കൂടിയായ റോയി ഏറ്റവും കൂടുതൽ നിർമിച്ചതും മോഹൻലാൽ സിനിമകളാണ്. മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമാ നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് 2013ൽ മോഹൻലാൽ, മീരാ ജാസ്മിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'ലേഡീസ് ആൻഡ് ജെന്റിൽമാൻ' എന്ന ചിത്രം ആശിർവാദ് സിനിമാസിനൊപ്പം നിർമിച്ചു. മോഹൻലാൽ-പ്രിയദർശൻ കോംബോയിൽ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രം 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ സഹനിർമാതാവും റോയി ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സി.ജെ. റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദായനികുതി റെയ്‌ഡിനിടെ സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. ആദായനികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ദുബായ്‌യിൽ നിന്നും റോയി നാട്ടിലെത്തിയത്.
എട്ടംഗ ആദ്യനികുതി ഉദ്യോഗസ്ഥരാണ് റെയ്‌ഡിന് എത്തിയത്. ഇവർ ചില രേഖകൾ ആവശ്യപ്പെട്ടെങ്കിലും റോയിക്ക് അത് ഹാജരാക്കാനായില്ല. തുടർന്നാണ് റോയ് സ്വയം വെടിവച്ചത്. ഉദ്യോഗസ്ഥർ റോയ്‌യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൂന്ന് ദിവസമായി കോൺഫിഡന്റ് ഓഫീസുകളിൽ റെയ്ഡ് തുടരുകയായിരുന്നു.