"ഇരിക്ക് മോനെ...നിനക്ക് ഞാൻ മേക്കപ്പ് ചെയ്ത് തരാം"; മോഹൻലാലിനെക്കുറിച്ച് കുറിപ്പുമായി ഷാജോൺ

ഷോയ്‌ക്ക് എത്തിയ ഷാജോൺ തന്റെ മേക്കപ്പ് കിറ്റ് എടുക്കാൻ മറന്നുപോയിരുന്നു...
കലാഭവൻ ഷാജോണിന് മേക്കപ്പ് ചെയ്ത് നൽകുന്ന മോഹൻലാൽ
കലാഭവൻ ഷാജോണിന് മേക്കപ്പ് ചെയ്ത് നൽകുന്ന മോഹൻലാൽSource: Instagram / kalabhavan_shajohn
Published on
Updated on

മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയ്‌ക്ക് പോയപ്പോഴുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ച് നടൻ കലാഭവൻ ഷാജോൺ. ഷോയ്‌ക്ക് എത്തിയ ഷാജോൺ തന്റെ മേക്കപ്പ് കിറ്റ് എടുക്കാൻ മറന്നുപോയിരുന്നു. എന്തുചെയ്യുമെന്ന് അറിയാതെ നിന്ന ഷാജോണിന് രക്ഷകനായത് സാക്ഷാൽ മോഹൻലാൽ.

മേക്കപ്പ് ബാഗ് എടുക്കാൻ മറന്ന കാര്യം മോഹൻലാലിന്റെ പേഴ്സണൽ അസിസ്റ്റന്റായ വിജീഷിനെയാണ് ഷാജോൺ അറിയിച്ചത്. മേക്കപ്പ് സാധനങ്ങൾ തന്ന് സഹായിക്കുമോയെന്നും ചോദിച്ചു. 'ലാലേട്ടൻ അറിയരുത്' എന്ന് പ്രത്യേകം പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിജീഷിന്റെ വിളി വന്നു. മേക്കപ്പ് ചെയ്യാനായി ചെന്നപ്പോൾ അവിടെയതാ മോഹൻലാൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.

കലാഭവൻ ഷാജോണിന് മേക്കപ്പ് ചെയ്ത് നൽകുന്ന മോഹൻലാൽ
വിസ്മയയ്‌ക്കും ആശിഷിനും നല്ല 'തുടക്കം' | Thudakkam Review

ഷാജോണിനെ കണ്ടതും 'ഞാൻ മേക്കപ്പിട്ട് തരാം' എന്നായി മോഹൻലാൽ. പറയുക മാത്രമല്ല നിർബന്ധിച്ചു പിടിച്ചിരുത്തി മേക്കപ്പ് ചെയ്തും കൊടുത്തു. ഈ അനുഭവത്തെക്കുറിച്ചാണ് കലാഭവൻ ഷാജോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം മോഹൻലാൽ തനിക്ക് മേക്കപ്പ് ചെയ്തു തരുന്ന ചിത്രങ്ങളും നടൻ പങ്കുവച്ചു.

കലാഭവൻ ഷാജോൺ പങ്കുവച്ച കുറിപ്പ്:

ചില മറവികൾ ചിലപ്പോൾ......ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടെന്റെ പേർസണൽ അസിസ്റ്റന്റ്)കാണുന്നത്.. കാര്യം പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെൽപ്പ് ചെയ്യാമോന്ന് ചോദിച്ചു. ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഇരിക്ക് മോനെ. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു. ഒന്ന് ഞെട്ടി. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു... ഒരുപാട് നന്ദി ലാലേട്ടാ... ഈ സ്നേഹത്തിന്...ചേർത്ത് നിർത്തലിന്...ദൈവത്തിന് ഒരുപാട് നന്ദി. സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന് ചില മറവികൾ ചിലപ്പോൾ നമുക്ക് ഒരിക്കലും മറക്കാത്ത ഓർമകൾ തരും.

News Malayalam 24x7
newsmalayalam.com