കൊച്ചി: ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ ഓർമകളിൽ ഒന്നാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുമായുള്ള ആത്മബന്ധം എന്ന് മോഹൻലാൽ. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ പുരസ്കാരം പ്രമുഖ രേഖാചിത്രകാരൻ സി. ഭാഗ്യനാഥിനു സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
ചിലരെ പരിചയപ്പെടുക എന്നത് കാലത്തിന്റെ നിശ്ചയമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകൾ പോലെ നീണ്ട സ്നേഹം പകർന്നു നൽകുന്നത് ആയിരുന്നു അദ്ദേഹവുമായുള്ള സൗഹൃദം. നമ്പൂതിരി വരച്ച 160ലേറെ ചിത്രങ്ങൾ താൻ വീട്ടിൽ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ ദേശീയ പുരസ്കാരം സമ്മാനിക്കാൻ ആയത് ഭാഗ്യമായി കാണുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
"നമ്പൂതിരി സാർ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അദ്ദേഹത്തിന്റെ നീണ്ട വരകൾ പോലെയാണ്. പിന്നെ, അത് പടർന്നു.. ഒരുപാട് സ്നേഹം ആ പടർച്ചയില്‍ ഉണ്ടായിരുന്നു. പലയിടങ്ങളില്‍ വച്ച് ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ട്. എല്ലായ്‌പ്പോഴും തന്റെ മൃദുലമായ വിരലുകള്‍ കൊണ്ട് എന്നെ അനുഗ്രഹിച്ചു. കണ്ണൊന്നടച്ചാൽ ആ മൃദുസ്പർശം ഇപ്പോഴും എനിക്ക് അനുഭവിക്കാനാകുന്നുണ്ട്," നമ്പൂതിരി ഓർമയില്‍ മോഹന്‍ലാല്‍ പറഞ്ഞു. മലയാള സാഹിത്യത്തിലെ 10 പ്രശസ്ത കഥാപാത്രങ്ങളെ താൻ വേദിയിൽ അവതരിപ്പിച്ച ‘കഥയാട്ടം’ എന്ന പരിപാടിക്കിടെ നമ്പൂതിരിക്കൊപ്പം ചേർന്നു ചിത്രം വരച്ച അപൂർവ നിമിഷവും നടന്‍ ഓർത്തെടുത്തു.
സൗന്ദര്യ ലഹരിയിലെ എട്ടാമത്തെ ശ്ലോകം ആസ്പദമാക്കി ഒരു ചിത്രം വരച്ചു തരണം എന്നു നമ്പൂതിരിയോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. 'എന്ത് പണിയാണ് ലാല്‍ എനിക്ക് തന്നിരിക്കുന്നത്' എന്നായിരുന്നു നമ്പൂതിരിയുടെ ആദ്യ പ്രതികരണം. വളരെ സങ്കീർണമായ ആ ചിത്രം അഞ്ച് വർഷമെടുത്താണ് നമ്പൂതിരി വരച്ചുപൂർത്തിയാക്കിയത്. ചിത്രം കണ്ട താന്‍ നമ്പൂതിരിയുടെ അനുഗ്രഹം വാങ്ങിയെന്ന് നടന്‍ പറഞ്ഞു. 'ഞാൻ തന്നെയാണോ ലാലേ ഇതു വരച്ചത്!' എന്ന് ആ അതുല്യ കലാകാരന്‍ അത്ഭുതപ്പെട്ടതും ലാല്‍ ഓർക്കുന്നു.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണാർഥം രൂപീകരിച്ച ദ് ആർടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റാണ് പുരസ്കാരം (ഒരു ലക്ഷം രൂപ) ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ട്രസ്റ്റിന്റെ രക്ഷാധികാരി കൂടിയാണ് മോഹന്‍ലാല്‍. എറണാകുളം ടിഡിഎം ഹാളില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ട്രസ്റ്റിയായ ബാബു ജോസഫ് ആയിരുന്നു അധ്യക്ഷന്‍. ജൂറി ചെയർമാൻ കെ.സി. നാരായണന്‍, ജൂറി അംഗങ്ങളായ കേരള ലളിതകലാ അക്കാദമി ചെയർ പേഴ്സണ്‍ മുരളി ചീരോത്ത്, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ രവിശങ്കർ ഏട്ടേത്ത്, ട്രസ്റ്റ് അംഗങ്ങളായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവ്‍, കാർട്ടൂണിസ്റ്റ് സുധീർനാഥ്, ഡോക്യുമെന്ററി ഡയറക്ടർ ബിനുരാജ് കലാപീഠം എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.