ലെസ്ബിയന്‍ കപ്പിൾസായ ആദിലയും നൂറയും ബിഗ് ബോസ് ഷോയിൽ മത്സരാർഥികളായി എത്തിയത് ഏറെ വാർത്തയായിരുന്നു. ഇരുവരും മികച്ച ഗെയിം തന്നെയാണ് കാഴ്ചവയ്ക്കുന്നത്. അതു കൊണ്ടു തന്നെ ഇതിനോടകം നിരവധിപ്പേരെ ആരാധകരായി നേടിക്കഴിഞ്ഞു. അതുപോലെ തന്നെ ഹേറ്റേഴ്സുമുണ്ട്. ഷോയ്ക്കകത്തും ആദില-നൂറയെ അപമാനിക്കുന്ന കമന്റുകൾ മത്സരാർഥികൾ ഉപയോഗിച്ചിരുന്നു.
അത്തരത്തിൽ ഒരു കമന്റിന് മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ലെന്ന് ലക്ഷ്മി എന്ന മത്സരാർത്ഥി പറഞ്ഞത് സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരുന്നു. നിരവധിപ്പേരാണ് ലക്ഷ്മിയെ അനുകൂലിച്ചും, വിമർശിച്ചും പ്രതികരിച്ചത്.
ലക്ഷ്മിയുടെ കമന്റിന് പൊട്ടിത്തെറിച്ചുകൊണ്ടാണ് മോഹൻലാൽ പ്രതികരിച്ചത്. മോഹൻലാൽ തന്നെ വന്ന് അവരോട് വിശദീകരണം ചോദിക്കണമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. പ്രേക്ഷകരെ തന്നെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
'സമൂഹത്തിൽ ഇറങ്ങി നടക്കാൻ സാധിക്കാത്തവൾമാർ, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കേണ്ട കാര്യം തനിക്കില്ല, നിന്റെയൊന്നും വീട്ടിൽ പോലും ഇവളുമാരെ കയറ്റില്ല' എന്നൊക്കെയായിരുന്നു ആദിലയെയും നൂറയെയും കുറിച്ചുള്ള ലക്ഷ്മിയുടെ പരാമര്‍ശം.
'എന്‍റെ വീട്ടില്‍ കയറ്റുമല്ലോ അവരെ' എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി. അവരെ അധിക്ഷേപിക്കാൻ ആർക്കാണ് അധികാരം എന്നും മോഹൻലാൽ ചോദിച്ചു. അവരോട് യോജിപ്പില്ലാത്തവർക്കും, ബുദ്ധിമുട്ടുള്ളവർക്കും ഷോ വിട്ട് പോകാമെന്നും ലക്ഷ്മിയോടും, മസ്താനിയോടുമായി അദ്ദേഹം പറഞ്ഞു.
മോഹൻലാൽ തന്നെ ഇത്തരത്തിലൊരു മറുപടി നൽകിയത് മികച്ച കാര്യമായാണ് ആരാധകർ കാണുന്നത്. സമൂഹത്തിൽ LGBT വിഭാഗങ്ങളോട് നിലനിൽക്കുന്ന വിവേചനം പലപ്പോഴും രൂക്ഷമാകുന്ന സാഹചര്യമുണ്ട്. മോഹൻലാലിനെപ്പോലെ പൊതുസമ്മതനായ ഒരു വ്യക്തി അദില- നൂറ ദമ്പതികൾക്ക് അനുകൂലമായി നടത്തിയ പ്രതികരണം സമൂഹത്തിൽ ഈ വിഭാഗങ്ങളോടുള്ള സമീപനത്തിൽ മാറ്റം കൊണ്ടുവരും എന്നാണ് നെറ്റിസൺസ് പറയുന്നത്.