

'തുടരും' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന 'L366'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തൊടുപുഴയാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ഇപ്പോഴിതാ സെറ്റിലെ ചില മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് തരുൺ.
കാരവാനിൽ നിന്ന് ഇറങ്ങുന്ന മോഹൻലാലിലാണ് വീഡിയോ ആരംഭിക്കുന്നത്. തരുണിനോടും സംഘത്തോടും, "കണ്ണാടി വയ്ക്കണോ? എല്ലാവരും വച്ചിട്ടുണ്ടല്ലോ" എന്ന് നടൻ നിഷ്കളങ്കമായി ചോദിക്കുന്നിടത്ത് സെറ്റിൽ ചിരിപടരുന്നു. തുടർന്ന് അണിയറപ്രവർത്തകരും അഭിനേതാക്കളും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. അങ്ങനെ കളിയും ചിരിയും കൂടിച്ചേരലുകളുമായി 'L366'ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആ സന്തോഷം കൂടിയാണ് ഈ ദൃശ്യങ്ങളിലൂടെ ആരാധകരുമായി തരുൺ പങ്കുവച്ചിരിക്കുന്നത്.
ലൗലജൻ എന്ന പൊലീസ് സബ് ഇൻസ്പക്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മീരാ ജാസ്മിൻ ആണ് നായിക. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രാഹകൻ - ഷാജികുമാർ, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.