സംഘര്‍ഷവും സൗന്ദര്യവും; ക്വിയര്‍ പ്രണയങ്ങളുടെ കഥ പറഞ്ഞ ഇന്ത്യന്‍ സിനിമകള്‍

പ്രൈഡ് മാസത്തില്‍ മാത്രമല്ല മറിച്ച് എല്ലായിപ്പോഴും ഇന്ത്യന്‍ സിനിമയിലെ ക്വിയര്‍ പ്രതിനിധാനത്തിന്റെ വളര്‍ച്ചയും അതിന്റെ പ്രാധാന്യവും തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
Pride Month Indian Movies
Pride Month Indian Movies Source : YouTube Screen Grab
Published on

പ്രൈഡ് മാസമായ ജൂണ്‍ എത്തിയതോടെ ക്വിയര്‍ കമ്മ്യൂണിറ്റികള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിരവധി പരിപാടികളും പോസ്റ്റുകളുമെല്ലാം സമൂഹമാധ്യമത്തിലും അല്ലാതെയും നിറഞ്ഞു നില്‍ക്കുകയാണ്. ഇന്ത്യന്‍ സിനിമയിലും ഇത്തരത്തില്‍ ക്വിയര്‍ കമ്മ്യൂണിറ്റിയെ കുറിച്ചുള്ള വിവിധ തരത്തിലുള്ള സിനിമകള്‍ വന്നിട്ടുണ്ട്. പ്രൈഡ് മാസത്തില്‍ മാത്രമല്ല മറിച്ച് എല്ലായിപ്പോഴും ഇന്ത്യന്‍ സിനിമയിലെ ക്വിയര്‍ പ്രതിനിധാനത്തിന്റെ വളര്‍ച്ചയും അതിന്റെ പ്രാധാന്യവും തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരത്തില്‍ LGBTQIA+ സമൂഹത്തിന്റെ കഥകള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ച 10 ഇന്ത്യന്‍ സിനിമകളിലൂടെ നമുക്ക് കടന്ന് പോകാം...

ഫയര്‍ (1996)

1996ല്‍ പുറത്തിറങ്ങിയ ദീപാ മേത്ത സംവിധാനം ചെയ്ത 'ഫയര്‍' ദാമ്പത്യ ജീവിതം നയിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് പറയുന്നത്. ഒരു കൂട്ടുകുടുംബത്തില്‍ അകപ്പെട്ട അവര്‍ പ്രണയരഹിതമായ വൈവാഹിക ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഷബാന അസ്മിയുടെ രാധ എന്ന കഥാപാത്രവും നന്ദിത ദാസിന്റെ സീത എന്ന കഥാപാത്രവും തമ്മില്‍ പിന്നീടുണ്ടാകുന്ന വൈകാരികവും ശാരീരികവുമായ അടുപ്പത്തെ കുറിച്ചാണ് സിനിമ പറഞ്ഞു വെക്കുന്നത്. ഇന്ത്യയിലെ മെയിന്‍സ്ട്രീം സിനിമകളില്‍ ലെസ്ബിയന്‍ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ച ആദ്യ സിനിമ കൂടിയാണ് 'ഫയര്‍'. ചിത്രം സിനിമയില്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. എന്നിരുന്നാലും 'ഫയര്‍' രാജ്യത്തെ LGBTQIA+ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. അതുപോലെ തന്നെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്ന ഒരു സിനിമ കൂടിയാണിത്.

മൈ ബ്രദര്‍ നിഖില്‍ (2005)

2005ല്‍ പുറത്തിറങ്ങിയ 'മൈ ബ്രദര്‍ നിഖില്‍' ഒനിര്‍ സംവിധാനം ചെയ്ത ചിത്രമാണ്. ഡൊമിനിക് ഡി'സൂസയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥയാണിത്. നീന്തല്‍ ചാമ്പ്യനും ഗേയുമായ നിഖില്‍ കപൂറിന്റെ ജീവിതത്തെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. നിഖില്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ ശേഷം അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന സാമൂഹിക അവഗണനയും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയെയും കുറിച്ചാണ് ചിത്രം പറഞ്ഞുവെക്കുന്നത്. രോഗ ബാധിതനായതിനെ തുടര്‍ന്ന് നിഖില്‍ നീന്തല്‍ ടീമില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരി അനാമികയും സുഹൃത്ത് നൈജലുമാണ് നിഖിലിനെ പിന്തുണയ്ക്കുന്നത്. അവര്‍ ഒരുമിച്ച് 'പീപ്പിള്‍ പോസിറ്റീവ്' എന്ന എച്ച്ഐവി/എയ്ഡ്‌സ് സഹായ സംഘടന ആരംഭിക്കുന്നു. ഇത് ഇന്ത്യന്‍ സിനിമയില്‍ എച്ച്ഐവി/എയ്ഡ്‌സ് വിഷയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ കാരണമായ സിനിമകളില്‍ ഒന്നാണ്. അതോടൊപ്പം തന്നെ പ്രണയബന്ധത്തിലുള്ള സ്‌നേഹത്തിന്റെയും സ്വീകാര്യതയുടെയും പ്രാധാന്യത്തെ കുറിച്ചും സിനിമ പറഞ്ഞു വെക്കുന്നുണ്ട്.

അലിഗഢ് (2016)

2016ല്‍ പുറത്തിറങ്ങിയ ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത ചിത്രമാണ് 'അലിഗഢ്'. പ്രൊഫസര്‍ ശ്രീനിവാസ് രാമചന്ദ്ര സിറാസിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നെടുത്ത കഥയാണ് ചിത്രം പറയുന്നത്. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ മറാത്തി പ്രൊഫസറായ സിറാസിനെ ഗേ ആയതിന്റെ പേരില്‍ അവിടെ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നു. ഇതുമൂലം അദ്ദേഹം സമൂഹത്തില്‍ നിന്നും കടുത്ത അവഗണന നേരിടുന്നു. മനോജ് ബാജ്പായ് ആണ് ചിത്രത്തില്‍ സിറാസ് ആയി വേഷമിട്ടിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ദീപു സെബാസ്റ്റ്യന്‍ (രാജ്കുമാര്‍ റാവു) എന്ന ഡല്‍ഹി ആസ്ഥാനമായുള്ള മലയാളി പത്രപ്രവര്‍ത്തകന്‍ സിറാസിന്റെ കഥ അന്വേഷിക്കാന്‍ അലിഗഢിലേക്ക് എത്തുന്നു. സിറാസ് തന്റെ അനുഭവങ്ങള്‍ ദീപുവുമായി പങ്കുവെക്കുമ്പോള്‍, ഈ സംഭവത്തിന് പിന്നില്‍ സഹപ്രവര്‍ത്തകരുടെ അസൂയയും, സര്‍വകലാശാലയിലെ അധികാര രാഷ്ട്രീയവും ഉള്ളതായി വെളിപ്പെടുത്തുന്നു. തുടര്‍ന്ന് നിയമപോരാട്ടത്തിനൊടുവില്‍ സിറാസ് സര്‍വകലാശാലയില്‍ പ്രൊഫസറായി തിരിച്ചെത്തുകയാണ് ചെയ്യുന്നത്. 'അലിഗഢ്' ഇന്ത്യയിലെ ക്വിയര്‍ സമൂഹത്തെയും വ്യക്തിഗത സ്വാതന്ത്ര്യത്തേയും ഗൗരവത്തോടെ അവതരിപ്പിച്ച പ്രധാനപ്പെട്ട ഒരു ചിത്രമാണ്.

ലൗ (2015)

സുദര്‍ശന്‍ സാരിയയുടെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയാണ് 'ലൗ'. വീക്കെന്‍ഡില്‍ വെസ്‌റ്റേണ്‍ ഘട്ടിലേക്ക് യാത്ര പോയപ്പോള്‍ സാഹില്‍, ജയ് എന്നീ രണ്ട് സുഹൃത്തുക്കള്‍ക്കിടയില്‍ ഉടലെടുക്കുന്ന ഒരു സങ്കീര്‍ണമായ ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് 'LOEV' എന്നത് 'LOVE' എന്ന വാക്കിനെ തന്നെയാണ് ഉദ്ദേശിക്കുന്നത്. അത് ക്വിയര്‍ ബന്ധങ്ങളുടെ സങ്കീര്‍ണതയെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയിലെ ക്വിയര്‍ പ്രണയ ബന്ധങ്ങളെ സൂക്ഷമതയോടെ പരിശോധിച്ച ചിത്രങ്ങളിലൊന്നാണ് 'ലൗ'.

ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ (2019)

ഷെല്ലി ചോപ്ര ധര്‍ സംവിധാനം ചെയ്ത 'ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ' ലെസ്ബിയന്‍ ബന്ധത്തെ കുറിച്ച് സംസാരിച്ച ആദ്യ ബോളിവുഡ് മെയിന്‍സ്ട്രീം ചിത്രങ്ങളിലൊന്നാണ്. യാഥാസ്ഥിതിക പഞ്ചാബി കുടുംബത്തിന്റെ പരിധിക്കുള്ളില്‍ തന്റെ ലൈംഗികതയിലൂടെ സഞ്ചരിക്കുന്ന സ്വീറ്റി എന്ന യുവതിയുടെ കഥ പറയുന്ന സിനിമ, സ്‌നേഹത്തിന്റെ സ്വീകാര്യതയുടെയും പ്രണയത്തിന്റെയും പുരോഗമനപരമായ സന്ദേശമാണ് നല്‍ക്കുന്നത്. ബോളിവുഡ് താരം സോനം കപൂര്‍ ആണ് ചിത്രത്തിലെ നായിക.

ഛണ്ഡീഗഢ് കരെ ആഷിഖി (2021)

അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത സിനിമ ഒരു സ്ത്രീയുമായി പ്രണയത്തിലാകുന്ന ഫിറ്റ്‌നസ് പരിശീലകന്റെ കഥയാണ് പറയുന്നത്. പിന്നീട് അവള്‍ ഒരു ട്രാന്‍സ് വുമണ്‍ ആണെന്ന് അയാള്‍ കണ്ടെത്തുകയാണ്. ചിത്രം ഒരു വാണിജ്യ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, മുഖ്യധാരാ പ്രേക്ഷകര്‍ക്കിടയിലേക്ക് ലിംഗ സ്വത്വ സംഭാഷണങ്ങള്‍ പരിചയപ്പെടുത്തുകയും ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന പോരാട്ടങ്ങള്‍ എടുത്തുകാണിക്കുകയും ചെയ്ത സിനിമയാണ് 'ഛണ്ഡീഗഢ് കരെ ആഷിഖി'. ആയുഷ്മാന്‍ ഖുറാന, വാണി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

ഷീര്‍ ഖോര്‍മ (2021)

ഫറാസ് ആരിഫ് അന്‍സാരിയുടെ സംവിധാനത്തില്‍ ഷബാന ആസ്മി, ദിവ്യ ദത്ത, സ്വര ഭാസ്‌കര്‍ എന്നിവര്‍ അഭിനയിച്ച ഒരു ഹ്രസ്വചിത്രമാണ് ഷീര്‍ ഖോര്‍മ. ഒരു നോണ്‍-ബൈനറി മുസ്ലീം വ്യക്തി തന്റെ പങ്കാളിയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന സന്ദര്‍ഭത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. തലമുറകളുള്‍ തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍, സാംസ്‌കാരിക പ്രതീക്ഷകള്‍, ഒരു ക്വിയര്‍ സാഹചര്യത്തില്‍ മാതാപിതാക്കളുടെ സ്വീകാര്യതയ്ക്കു വേണ്ടിയുള്ള ആഗ്രഹം എന്നി പ്രമേയങ്ങള്‍ സിനിമ അവതരിപ്പിക്കുന്നു. സാമൂഹിക നിബന്ധനകളും വ്യക്തിഗത വിശ്വാസങ്ങളും മറികടന്ന് സ്‌നേഹവും അംഗീകാരവും തേടുന്ന ഈ യാത്ര, കുടുംബബന്ധങ്ങളുടെ സങ്കീര്‍ണ്ണതയുടെയും ലിംഗപരമായ തിരിച്ചറിയലിന്റെയും പ്രാധാന്യത്തെ കൂടിയാണ് ചര്‍ച്ച ചെയ്യുന്നത്. ഇത് ഇന്ത്യയിലെ LGBTQIA+ സമൂഹത്തിന്റെ അനുഭവങ്ങള്‍, സ്‌നേഹവും അംഗീകാരവും തേടുന്ന അവരുടെ യാത്ര എന്നിവയെ സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന ഒരു പ്രധാന സിനിമയായി കണക്കാക്കപ്പെടുന്നു.

ബദായ് ദോ (2022)

ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണിയുടെ സംവിധാനത്തില്‍ നര്‍മവും ഹൃദയസ്പര്‍ശിയായ നിമിഷങ്ങളും സംയോജിപ്പിച്ച് സ്വവർണാനുരാഗികളായ പുരുഷനും സ്ത്രീയും തമ്മിലുള്ള ലാവെന്‍ഡര്‍ വിവാഹത്തിന്റെ മനോഹരമായ കഥ പറയുകയാണ് 'ബദായി ദോ'. കുടുംബ പ്രേക്ഷകരിലേക്ക് ക്വിയര്‍ വ്യക്തികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എത്തിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്ന് പറയാനാകും. ബദായ് ദോ തീര്‍ച്ചയായും ഒരു ബോളിവുഡ് എന്റര്‍ടെയിനര്‍ ആണ്. എന്നാല്‍ അതിലൂടെ കൃത്യമായി തന്നെ ക്വിയര്‍ വ്യക്തികളുടെ ജീവിത സാഹചര്യങ്ങളെയും താല്‍പര്യങ്ങളെയും പ്രശ്‌നങ്ങളെയും സിനിമ പറഞ്ഞു വെക്കുന്നുണ്ട്.

സൂപ്പര്‍ ഡീലക്‌സ് (2019)

ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്ത 'സൂപ്പര്‍ ഡീലക്സ്' എന്ന തമിഴ് സിനിമയില്‍ വിജയ് സേതുപതി ശില്‍പ എന്ന ട്രാന്‍സ് വനിതയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തുന്ന ശില്‍പയുടെ കഥ 'സൂപ്പര്‍ ഡീലക്‌സി'ന്റെ പ്രധാന ആകര്‍ഷണത്തില്‍ ഒന്നാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി സമൂഹത്തിലൂടെ കടന്ന് പോകുന്ന പ്രശ്‌നങ്ങളെയും അവരുടെ ആഗ്രഹങ്ങളെയുമെല്ലാം കൃത്യമായി തന്നെ ചിത്രത്തിലൂടെ സംവിധായകന്‍ പറഞ്ഞുവെക്കുന്നുണ്ട്.

കോബാള്‍ട്ട് ബ്ലൂ (2022)

'കോബാള്‍ട്ട് ബ്ലൂ' (2022) സച്ചിന്‍ കുന്ദല്‍ക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു ഹിന്ദി ഭാഷാ ഡ്രാമാ ചിത്രമാണ്. ഇത് അദ്ദേഹത്തിന്റെ തന്നെ പ്രശസ്തമായ മറാത്തി നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. തനയ് എന്ന യുവാവും അവന്റെ സഹോദരി അനുജയും അവരുടെ വീട്ടില്‍ താമസിക്കാന്‍ എത്തുന്ന യുവാവുമായി പ്രണയത്തിലാകുന്നു. ഈ ബന്ധം അവരുടെ പരമ്പരാഗതമായ കുടുംബത്തെ ആകെ മാറ്റി മറയ്ക്കുന്നു. സ്‌നേഹം, ലൈംഗികത, കുടുംബ ബന്ധങ്ങള്‍, സ്വാതന്ത്ര്യം എന്നിവയെ ആഴത്തില്‍ പരിശോധിക്കുന്ന ചിത്രമാണ് 'കോബാള്‍ട്ട് ബ്ലൂ'. ഇന്ത്യയിലെ LGBTQIA+ സമൂഹത്തെ കുറിച്ച് സംസാരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com