15 വര്‍ഷത്തെ പ്രണയം; നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു?

ഡിസംബറിൽ 11 ,12 തീയതികളിൽ ഗോവയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ
15 വര്‍ഷത്തെ പ്രണയം; നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നു?
Published on

പ്രമുഖ തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ദീര്‍ഘകാലമായി സുഹൃത്തായിരുന്ന ആന്റണി തട്ടിലാണ് വരന്‍. 15 വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഡിസംബറിൽ 11 ,12 തീയതികളിൽ ഗോവയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ.  കീര്‍ത്തിയുടെയും ആന്റണിയുടെയും കുടുംബാംഗങ്ങളും സിനിമ മേഖലയില്‍ നിന്നുമുള്ള അടുത്ത സുഹൃത്തുക്കളുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് നടി വരും ദിവസങ്ങളില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് ആസ്ഥാനമാക്കി ബിസിനസ് നടത്തുകയാണ് കീര്‍ത്തിയുടെ പ്രതിശ്രുതവരന്‍ ആന്റണി തട്ടില്‍. സ്‌കൂള്‍കാലം മുതലേ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. സിനിമ മേഖലയില്‍ നിന്നും നടന്‍ വിജയ്, ചിരഞ്ജീവി, വരുണ്‍ ധവാന്‍, ശിവകാര്‍ത്തികേയന്‍, നാനി, സംവിധായകന്‍ അറ്റ്‌ലീ തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നത്. വിവാഹത്തിന്റെ ക്ഷണകത്തുകള്‍ രജനികാന്ത്, പവന്‍ കല്യാണ്‍, ധനുഷ്, ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.

പ്രമുഖ നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച അവര്‍ പിന്നീട് പ്രിയദര്‍ശന്റെ മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെ പ്രധാന നടിയായി അരങ്ങേറുകയായിരുന്നു. തെലുങ്കു ചിത്രമായ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കീര്‍ത്തിക്കു ലഭിച്ചിരുന്നു. ഇന്ന് തമിഴ്- തെലുങ്ക് സിനിമ മേഖലയിലെ അറിയപ്പെടുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ബോളിവുഡിലേക്ക് തന്റെ വരവറിയിച്ചു കൊണ്ടുള്ള വരുണ്‍ ധവാനോടൊപ്പമുള്ള ബേബി ജോണ്‍ ആണ് കീര്‍ത്തി സുരേഷിന്റെ വരാനിരിക്കുന്ന ചിത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com