വേറിട്ട ശൈലി, വിസ്മയിപ്പിച്ച പകർന്നാട്ടങ്ങൾ; വെള്ളിത്തിരയുടെ നെയ്ത്തുകാരൻ്റെ ഓർമകളിൽ നടൻ മുരളി

സൂക്ഷ്മ തലങ്ങളിൽ ഒരഭിനേതാവ് പാലിക്കേണ്ട മനോധര്‍മങ്ങളോടെ സഞ്ചരിക്കുന്നതിൽ അയാൾ നല്ല നടനായി മാറിയത്. ആ നടന ഭാവത്തെ മലയാളികൾ വിളിച്ചു, അഭ്രപാളികളിലെ നടന വിസ്മയം, ഭരത് മുരളി.
നടൻ മുരളി
നടൻ മുരളിSource; ഫയൽ ചിത്രം
Published on

കഥാപാത്രത്തെ ഉൾക്കൊണ്ട്, ആ സംഭാഷണം തന്‍റേതായി അടയാളപ്പെടുത്തുന്ന ഏതൊരാളും മികച്ച നടനാണ്. മലയാളത്തിൻ്റെ പ്രിയ താരം മുരളി, നടനത്തെ വാക്കുകളിൽ ഒരിക്കൽ കുറിച്ചിട്ടത് ഇങ്ങനെയാണ്. അഭിനയം അനായാസമാക്കി വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത നടൻ മുരളിയുടെ ഓർമയ്‌ക്ക് ഇന്ന് 16 വർഷം.

അധികം ഉയരമില്ലാത്ത രൂപം. കരുത്തും പേശീവലിവും പ്രകടമാകുന്ന മുഖം. നെറ്റിയിലെ നീണ്ട മുറിപ്പാട്. അത് വിശേഷമാക്കുന്ന പരുഷബലം. ഒപ്പം കരുത്തുറ്റ ശബ്ദം. മുഴങ്ങാനും മൃദുവാകാനും വേണ്ട അനുനേയതയോടെയുള്ള നാട്യവിഭവം. ഇതുകൊണ്ടൊക്കെ തന്നെയാണ്, സൂക്ഷ്മ തലങ്ങളിൽ ഒരഭിനേതാവ് പാലിക്കേണ്ട മനോധര്‍മങ്ങളോടെ സഞ്ചരിക്കുന്നതിൽ അയാൾ നല്ല നടനായി മാറിയത്. ആ നടന ഭാവത്തെ മലയാളികൾ വിളിച്ചു, അഭ്രപാളികളിലെ നടന വിസ്മയം, ഭരത് മുരളി.

താരപരിവേഷത്തിനപ്പുറം ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരുന്നു മുരളിയുടെ ഓരോ കഥാപാത്രങ്ങളും. അത് അരങ്ങിൻ്റെ അനുഭവ ജ്ഞാനങ്ങളുടെ പിൻബലമായിരുന്നു. അവിടെ ഭാവാഭിനയവും ശരീരഭാഷയും ശബ്ദവിന്യാസത്തിലെ തനതായ ശൈലിയുടെയും സമവാക്യങ്ങൾ നെയ്തെടുത്തു. തമിഴ്, മലയാള, തെലുങ്ക് ഭാഷകളിലായി 200 ൽ അധികം കഥാപാത്രങ്ങൾ. അവ ഓരോന്നും അപരസാമ്യങ്ങളില്ലാത്ത നാട്യവും.

കൊട്ടാരക്കരയിലെ കുടവട്ടൂരിലെ കാർഷിക കുടുംബം. ആരോഗ്യ വകുപ്പിലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും രാജിവെച്ച് നാടകരംഗത്തേക്ക്. വെള്ളിത്തിരയുടെ നെയ്ത്തുകാരനായി ചുവടു വെയ്ക്കുന്നത് ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലൂടെ. മുരളി എന്ന നടൻ്റെ വരവ് അറിയിച്ചത് പഞ്ചാഗ്നിയിലെ വില്ലൻ കഥാപാത്രവും മീനമാസത്തിലെ സൂര്യനിലെ കയ്യൂർ രക്തസാക്ഷിയും. ആധാരത്തിലൂടെ നായകനിരയിലേക്ക്. ശേഷം മുരളിയിലെ നടനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങൾ ഏറെ പ്രേക്ഷകർ കണ്ടു. പരുക്കൻ വേഷങ്ങളെടുത്തണിയുമ്പോഴും സഹനടനായും സ്‌നേഹവും വാത്സല്യവുമുള്ള അച്ഛനായും കാമുകനായും രാഷ്‌ട്രീയക്കാരനായും മുരളി നിറഞ്ഞു നിന്നു.

വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി, കാരുണ്യത്തിലെ അച്ഛൻ, ചമ്പക്കുളം തച്ചനിലെ രാഘവൻ, നിഴല്‍ക്കൂത്തിലെ വാസു. അതിശയിപ്പിച്ച ഈ പ്രകടനങ്ങൾക്കും മുകളിൽ, നെയ്ത്തുകാരനില്‍ അസാധാരണമായ അഭിനയം, പുലിജന്മത്തിലെ വിസ്മയിപ്പിച്ച പകർന്നാട്ടം. അങ്ങനെ മുരളി പകര്‍ന്നാടിയ വേഷങ്ങൾ അനവധിയാണ്. ആ യാത്രയിൽ മികച്ച നടനെന്ന അടയാളപ്പെടുത്തൽ ദേശിയ തലത്തിൽ വരെയും.

നടനം മുരളിയെ ഭ്രമിപ്പിച്ചിരുന്നില്ല. എഴുത്തുകാരന്‍, സംഘാടകന്‍, രാഷ്ട്രീയക്കാരന്‍ ഇങ്ങനെ വ്യത്യസ്ത വേഷങ്ങളിലൂടെ നല്ല മനുഷ്യൻ്റേതായിരുന്നു ആ ഇമേജ്. കാലങ്ങൾക്ക് ഇപ്പുറത്തു നിന്നും നോക്കുമ്പോൾ, അഭിനയകലയുടെ അമരത്താണ് ആ മഹാപ്രതിഭ. ആ പരുക്കൻ ശബ്ദത്തിൻ്റെ നിശബ്ദത, നടനത്തിലെ അനായാസത. ഇന്നും സൃഷ്ടിക്കുന്നത് ശൂന്യതയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com