29-ാമത് ഐഎഫ്എഫ്‌കെയുടെ സിഗ്നേച്ചര്‍ ഫിലിമായ 'സ്വപ്‌നായനം' പുറത്ത്

ഒരു നഗരത്തിന്റെ വളര്‍ച്ചയെയും പുതിയ തീയേറ്ററിന്റെ ഉത്ഭവത്തെയും വരച്ചിടാനാണ് സ്വപ്നായനം ശ്രമിക്കുന്നത്.
29-ാമത് ഐഎഫ്എഫ്‌കെയുടെ സിഗ്നേച്ചര്‍ ഫിലിമായ 'സ്വപ്‌നായനം' പുറത്ത്
Published on


ഇരുപത്തൊന്‍പതാമത് ഐഎഫ്എഫ്‌കെ സിഗ്നേച്ചര്‍ ഫിലിം 'സ്വപ്നായനം' പുറത്ത്. മലയാള സിനിമയുടെ ഉറവിടത്തില്‍ നിന്നും ആരംഭിക്കുന്നൊരു യാത്രയാണ് 'സ്വപ്നായനം'. തിരുവനന്തപുരത്തെ ഒരു ഗ്രാമീണ തീയേറ്ററില്‍ അരങ്ങേറാന്‍ പോവുന്ന 'വിഗതകുമാര'ന്റെ ആദ്യപ്രദര്‍ശനത്തെക്കുറിച്ചുള്ള ചരിത്രപ്രധാനമായ വിളംബരത്തിലാണ് സ്വപ്നായനം ആരംഭിക്കുന്നത്. ഒരു നഗരത്തിന്റെ വളര്‍ച്ചയെയും പുതിയ തീയേറ്ററിന്റെ ഉത്ഭവത്തെയും വരച്ചിടാനാണ് സ്വപ്നായനം ശ്രമിക്കുന്നത്.

മലയാള സിനിമയിലെ ആദ്യനായികയായ പി.കെ.റോസിയുടെ ധീരപാരമ്പര്യത്തിലൂടെയും അധ്വാനവര്‍ഗത്തിന്റെ കഠിനതകള്‍ നിറഞ്ഞ പോരാട്ടങ്ങളിലൂടെയും സഞ്ചരിക്കുന്ന 'സ്വപ്നായനം' യാത്ര അവസാനിപ്പിക്കുന്നത് ഏകത്വവും സാംസ്‌കാരിക വൈവിധ്യവും സിനിമയുടെ ശാശ്വതമായ കരുത്തും സൂചിപ്പിക്കുന്ന, ഐഎഫ്എഫ്‌കെയുടെ മുദ്രയായ ലങ്കാലക്ഷ്മിയുടെ പ്രകാശനത്തിലാണ്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിമിന്റെ ആശയം, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് കെ.ഒ. അഖില്‍ ആണ്. സജി ജൂനിയര്‍ ആണ് ആനിമേഷനും വിഎഫ്എക്‌സും. സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് മ്യൂസിക് ബാന്‍ഡ് ആയ 6091 ആണ്.

15 തിയേറ്ററുകളിലായി നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 14 സിനിമകളും, മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസിന്റെ 'ഐ ആം സ്റ്റില്‍ ഹിയര്‍' ( I'm Still Here) ആണ് ഉദ്ഘാടന ചിത്രം. 1971ല്‍ സൈനിക സ്വേച്ഛാധിപത്യത്തിനു കീഴില്‍ ഞെരിഞ്ഞമരുന്ന ബ്രസീലിന്റെ സാമൂഹിക സാഹചര്യങ്ങളാണ് ഈ ചലച്ചിത്രത്തിലൂടെ വാള്‍ട്ടര്‍ സാലസ് ആവിഷ്‌കരിക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com