മലയാളിക്ക് മറക്കാൻ കഴിയാത്ത ദൃശ്യാനുഭവത്തിന് അറുപതാണ്ട്. ചെമ്മീൻ എന്ന മലയാളത്തിന്റെ ക്ലാസിക് ഇന്നും സനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്. സിനിമാപ്രവർത്തകർക്ക് പാഠപുസ്തകവും. 1965ൽ പൂർത്തിയായി സെൻസർ ചെയ്ത ചെമ്മീൻ 1966 ഓഗസ്റ്റ് 19 ന് ഓണച്ചിത്രമായാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. 165 ദിവസം നിറഞ്ഞോടിയ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തി. കണ്ടിറങ്ങിയവർ വീണ്ടും വീണ്ടും തീയേറ്ററുകളിലെത്തി.
കറുത്തമ്മയും, പരീക്കുട്ടിയും, പളനിയും ചെമ്പൻ കുഞ്ഞുമെല്ലാം മലയാളികളോട് സംവദിച്ചു. ചെമ്മീനിലെ പാട്ടുകൾ അവരേറ്റുപാടി. പെണ്ണാളെ, പെണ്ണാളെ, മാനസ മൈനേ..., കടലിനക്കരെ പോണോരെ, പുത്തൻവലക്കാരെ... തുടങ്ങിയ പാട്ടുകൾ തലമുറകൾ മാറിയിട്ടും മാറ്റുകുറയാതെ നിന്നു.
മലയാള സാഹിത്യത്തിലെ അതികായനായിരുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ. പുറക്കാട് കടപ്പുറത്തുകൂടി നടത്തിയിരുന്ന സായാഹ്സന സവാരികളാണ് തകഴിയെ ചെമ്മിനിലേക്കെത്തിച്ചത്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ആസ്പദമാക്കിയ ഒരു സാധാരണ പ്രണയ കഥ എന്നായിരുന്നു ആദ്യകാലത്ത് പല നീരീക്ഷകരുടേയും ധാരണ. എന്നാൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിലെത്തിയ ചെമ്മീൻ എന്ന ക്ലാസിക് ചിത്രം കടലിന്റെയും , കടപ്പുറത്തെ ജീവിതങ്ങളുടേയും കഥ പറഞ്ഞപ്പോൾ അത് മലയാളിയുടെ ദൃശ്യസംസ്കാരത്തിന്റെ ചരിത്ര രേഖയായി മാറി.
1964 ഒക്ടോബര്‍ 16. ആലപ്പുഴ കടല്‍പ്പാലത്തിൽ നിന്നാണ് ചെമ്മീൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് തൃശൂരിലെ നാട്ടികയിലും മറ്റുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കൊട്ടാരക്കര ശ്രീധരന്‍ നായർ, സത്യൻ, ഷീല, മധു, അടൂര്‍ ഭവാനി, എസ് പി പിള്ള എന്നിങ്ങനെ മലയാളത്തിലെ പ്രഗത്ഭരായ അഭിനേതാക്കൾ കഥാപാത്രങ്ങളായി ജീവിച്ചു.
തകഴിയുടെ നോവലിൽ എസ്. എൽ പുരം സദാനന്ദന്റെ തിരക്കഥ, രമു കാര്യാട്ടിന്റെ സംവിധാനം, ഛായാഗ്രാഹകനായി മര്‍കസ് ബര്‍ട്ട്‌ലി, ചിത്രസംയോജകനായി ഋഷികേശ് മുഖര്‍ജി, വയലാറിന്റെ അനശ്വരമായ ഗാനങ്ങൾക്ക് സംഗീത സംവിധായകനായി സലില്‍ ചൗധരി, ഗായകരായി മന്നാഡെ, യേശുദാസ്, കെ.പി. ഉയഭാനു, പി.ലീല, ശാന്താ പി. നായർ എന്നിങ്ങനെ രാജ്യത്തെ മുൻനിരപ്രതിഭകൾ ചിത്രത്തിന് പിന്നിൽ അണിനിരന്നു. വൈദ്യനാഥ അയ്യരായിരുന്നു ആദ്യം നിർമാതാവ്. സാമ്പത്തിക പ്രശ്നം മൂലം അദ്ദേഹം പിന്മാറിയതോടെ പതിനെട്ടുകാരനായിരുന്ന മട്ടാഞ്ചേരിക്കാരന്‍ കണ്‍മണി ബാബു (ബാബു സേഠ്) നിർമാതാവായി എത്തി.
തീയേറ്ററുകൾ നിറച്ച മലയാളത്തിന്റെ ക്ലാസിക് ചിത്രം അംഗീകാരത്തിലും കേരളത്തിന് അഭിമാന നേട്ടം നൽകി. രാഷ്ട്രപതിയുടെ സ്വർണ പതക്കം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രം. ഇംഗ്ലീഷ്, റഷ്യൻ, ജർമൻ, അറബിക്, ഇറ്റാലിയൻ, ഫ്രഞ്ച്, ജാപ്പനീസ് എന്നിങ്ങനെ വിവിധ ഭാഷാന്തരങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളിലേക്കെത്തി. കഥയും, പശ്ചാത്തലവും, സംഗീതവുമെല്ലാം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കടലിന്റെ താളം ഉൾപ്പെടെ പിൻപറ്റി വിവിധ ഭാഷകളിൽ സിനിമകൾ ഉണ്ടായി.
കറുത്തമ്മയെ സ്വന്തമാക്കാനല്ല എക്കാലവും സ്നേഹിക്കാൻ മാത്രം ആഗ്രഹിച്ച പരീക്കുട്ടി എന്ന കാമുകൻ. കറുത്തമ്മാ എന്ന നിലവിളിയോടെ കടലിൽ മറഞ്ഞ പളനി. പ്രണയത്തിനും, വിരഹത്തിനും, ഒറ്റപ്പെടലിനും, മരണത്തിനുമെല്ലാം സാക്ഷിയായി അലയടിച്ച കടൽ. ചെമ്മീൻ എന്ന ദൃശ്യകാവ്യം പകർന്നുതന്ന അനുഭവങ്ങൾ അറുപതാണ്ട് പിന്നിടുമ്പോൾ മാറിയ ശൈലികളിലും, അത്യാധുനിക ദൃശ്യസംവിധാനങ്ങളിലും സിനിമ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുകയാണ്. എങ്കിലും സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഇന്നും മലയാളത്തിന്റെ ക്ലാസിക് ആയ ചെമ്മീൻ നിലനിൽക്കുന്നു.