ദേശീയ - സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടനാകാന്‍ രണ്ടിടത്തും ഒരേയൊരു മമ്മൂട്ടി

പ്രതിഭാധനരായ കലാകാരന്മാരുടെ നീണ്ട നിരകളില്‍ ഇക്കുറി രണ്ടിടത്തും മികച്ച നടനായി ഉയര്‍ന്ന് കേള്‍ക്കുന്നത് ആകട്ടെ സാക്ഷാല്‍ മമ്മൂട്ടിയുടെ പേര്
ദേശീയ - സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടനാകാന്‍ രണ്ടിടത്തും ഒരേയൊരു മമ്മൂട്ടി
Published on



70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരവും 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഒരേ ദിവസം പ്രഖ്യാപിക്കുക എന്ന അപൂര്‍വതയ്ക്കാണ് സിനിമാലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. പ്രതിഭാധനരായ കലാകാരന്മാരുടെ നീണ്ട നിരകളില്‍ ഇക്കുറി രണ്ടിടത്തും മികച്ച നടനായി ഉയര്‍ന്ന് കേള്‍ക്കുന്നത് ആകട്ടെ സാക്ഷാല്‍ മമ്മൂട്ടിയുടെ പേര്. വര്‍ഷങ്ങള്‍ പിന്നിട്ട അഭിനയ സപര്യയില്‍ സ്വയം തേച്ചുമിനുക്കിയെടുത്ത തിളക്കമാണ് മമ്മൂട്ടിയെ ഇപ്പോഴും മുന്നില്‍ നിര്‍ത്തുന്നത്.

രണ്ട് സിനിമകളാണ് മമ്മൂട്ടിയുടെതായി ഇത്തവണ ദേശീയ പുരസ്കാരത്തിനായി മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള നാലാം ദേശീയ പുരസ്കാരത്തിനായി അവസാന റൗണ്ടിലുള്ളത്. കന്നഡ സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കാന്താരയിലെ നായകന്‍ ഋഷഭ് ഷെട്ടിയാണ് മമ്മൂട്ടിയോട് മത്സരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിലും സ്ഥിതി വിഭിന്നമല്ല. ജിയോ ബേബി ചിത്രം കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് എന്നി സിനിമകളിലൂടെ മികച്ച നടനാകാന്‍ ഇക്കുറിയും മമ്മൂട്ടി മത്സരിക്കുന്നു. മികച്ച നിരൂപക പ്രശംസ നേടിയ രണ്ട് സിനിമകളും മമ്മൂട്ടിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ബെന്യാമിന്‍ നോവലിലൂടെ വരച്ചിട്ട ആടുജീവിതത്തിലെ നജീബിനെ വെള്ളിത്തിരയില്‍ അവിസ്മരീണയമാക്കിയ പൃഥ്വിരാജാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ തൊട്ടുപിന്നിലുള്ളത്. കഥാപാത്രത്തിനായി പൃഥ്വി തന്‍റെ ശരീര ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. മികച്ച സിനിമക്കുള്ള മത്സരത്തിലും മേല്‍പ്പറഞ്ഞ സിനിമകളെല്ലാം മത്സരിക്കുന്നുണ്ട്.

ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്ര അധ്യക്ഷനായ സമിതിയാണ് സംസ്ഥാന പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജേതാക്കളെ പ്രഖ്യാപിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com