
ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന എപിക് സാഗയാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം : ദി ഇന്‍ട്രൊഡക്ഷന്‍'. അടുത്തിടെ ചിത്രത്തിന്റെ ആദ്യ ഗ്ലിംസ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന് സംഗീതം നല്‍കുന്നത് എ.ആര്‍. റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ് എന്നത് 'രാമായണത്തിന്റെ' വലിയ ആകര്‍ഷണമാണ്. ചിത്രത്തില്‍ ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും 'രാമായണ'ത്തെ കുറിച്ചും എ.ആര്‍. റഹ്‌മാന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ചര്‍ച്ചയാവുന്നത്.
"ഈ പ്രൊജക്ടിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്. ഇത് നല്ല രീതിയിലാകണം എന്ന് ആഗ്രഹിക്കുന്നു", എന്നാണ് റഹ്‌മാന്‍ കണക്ട് സിനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതോടൊപ്പം ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "രാമായണം പോലൊരു സിനിമയില്‍ ഹാന്‍സ് സിമ്മറിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് ആരാണ് കരുതുക?" എന്നും റഹ്‌മാന്‍ പറഞ്ഞു.
"ഞങ്ങള്‍ തമ്മിലുള്ള ആദ്യത്തെ കുറച്ച് സെഷനുകള്‍ ശരിക്കും മികച്ചതായിരുന്നു. ലണ്ടണിലായിരുന്നു ആദ്യ സെഷന്‍. രണ്ടാമത്തേത് ലോസ് ആഞ്ചലസിലും മൂന്നാമത്തേത് ദുബൈയിലുമായിരുന്നു. അദ്ദേഹത്തോട് സംസാരിക്കാന്‍ വളരെ എളുപ്പമാണ്. ഞങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായി സാമ്യമുണ്ട്. സംസ്‌കാരത്തെ കുറിച്ച് അദ്ദേഹത്തിന് ജിജ്ഞാനസയുണ്ട്. വിമര്‍ശനം വന്നാല്‍ നേരിടാന്‍ തയ്യാറാണ്", എന്നും റഹ്‌മാന്‍ ഹാന്‍സ് സിമ്മറിനെ കുറിച്ച് പറഞ്ഞു.
അവതാരകന്റെ 'രാമായണ'ത്തിന് 'അവതാര്‍', 'ടൈറ്റാനിക്' എന്നീ സിനിമകള്‍ക്ക് ഒപ്പം നില്‍ക്കാനാകുമോ എന്ന ചോദ്യത്തിന്, "തീര്‍ച്ചയായും സാധിക്കും" എന്നാണ് റഹ്‌മാന്‍ മറുപടി പറഞ്ഞത്.
രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രത്തില്‍ യാഷ് ആണ് രാവണന്‍. സായ് പല്ലവി സീതയും രവി ഡൂബേ ലക്ഷ്മണനും സണ്ണി ഡിയോള്‍ ഹനുമാനുമായി എത്തുന്നു. പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ബജറ്റ് 4000 കോടിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നമിത് മല്‍ഹോത്രയുടെ തന്നെ ഉടമസ്ഥതയിലുള്ള വിഷ്വല്‍ എഫക്ട് കമ്പനിയായ DNEG ആണ് രാമായണത്തിനായി വിഎഫ്എക്‌സ് ഒരുക്കുന്നത്. എട്ട് തവണ മികച്ച വിഷ്വല്‍ ഇഫക്ടിനുള്ള ഓസ്‌കാര്‍ നേടിയ പാരമ്പര്യവും ഈ കമ്പനിക്കുണ്ട്.
നിതേഷ് തിവാരി ഒരുക്കുന്ന രാമായണത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ക്കു പുറമെ, വിവേക് ഒബ്‌റോയ്, രാകുല്‍ പ്രീത് സിങ്, ലാറ ദത്ത, കാജല്‍ അഗര്‍വാള്‍, രവി ദുബെ, കുനാല്‍ കപൂര്‍, അരുണ്‍ ഗോവില്‍, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ദീപാവലി റിലീസായാണ് ചിത്രം എത്തുക.