"മഹാഭാരത് എന്റെ അവസാന സിനിമയല്ല"; വിരമിക്കല്‍ വാര്‍ത്തകളില്‍ പ്രതികരിച്ച് ആമിര്‍ ഖാന്‍

"ഇപ്പോഴത്തെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ എന്ത് പറഞ്ഞാലും അതിന്റെ തെറ്റായ വ്യാഖ്യാനമാണ് പ്രചരിക്കുന്നത്", ആമിര്‍ ഖാന്‍
Aamir Khan
ആമിർ ഖാൻSource : X
Published on

ബോളിവുഡ് താരം ആമിര്‍ ഖാന്‍ മഹാഭാരത് എന്ന എപിക് സിനിമയ്ക്ക് ശേഷം അഭിനയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 'സിത്താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം തന്റെ സ്വപ്ന സിനിമയെക്കുറിച്ചും അഭിനയം അവസാനിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചത്. ഇപ്പോഴിതാ അക്കാര്യത്തില്‍ ആമിര്‍ ഖാന്‍ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

"മഹാഭാരത് എന്റെ അവസാന സിനിമയായിരിക്കില്ല. ഇപ്പോഴത്തെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, നിങ്ങള്‍ എന്ത് പറഞ്ഞാലും അതിന്റെ തെറ്റായ വ്യാഖ്യാനമാണ് പ്രചരിക്കുന്നത്", ആമിര്‍ ഖാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം അന്ന് ചോദിച്ച ചോദ്യം വിശദീകരിച്ചു. അന്ന് ആമിറിനോട് ചോദിച്ചത്, പിന്നീട് ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം സംതൃപ്തി നല്‍കുന്ന ഒരു സിനിമയെ കുറിച്ച് സങ്കല്‍പ്പിക്കാനായിരുന്നു. "അത്തരത്തില്‍ ശക്തിയുള്ള ഒരു കാര്യം മാത്രമെ ഞാന്‍ കാണുന്നുള്ളു. ഈ സന്ദര്‍ഭത്തിലാണ് ഞാന്‍ അതിന് ഉത്തരം നല്‍കിയത്. ആളുകള്‍ മഹാഭാരതം എന്റെ അവസാന സിനിമയാണെന്ന് കരുതി", എന്നും അദ്ദേഹം വ്യക്തമാക്കി.

മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്റെ വേഷം അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. "ശ്രീ കൃഷ്ണന്റെ കഥാപാത്രം എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്. വ്യക്തിപരമായി, എനിക്ക് ഈ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്, മഹാഭാരതം നിര്‍മിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് ശരിക്കും വളരെ ബുദ്ധിമുട്ടാണ്", ആമിര്‍ ഖാന്‍ പറഞ്ഞു.

Aamir Khan
ഹൊറര്‍ കോമഡിയുമായി മാത്യു തോമസ്; 'നൈറ്റ് റൈഡേഴ്‌സ്' ഫസ്റ്റ് ലുക്ക്

മഹാഭാരതത്തില്‍ എല്ലാം ഉണ്ട്, വികാരങ്ങള്‍, ആഴം, ഗാംഭീര്യം. ലോകത്തില്‍ എന്തൊക്കെയുണ്ടോ, അതൊക്കെ ഈ കഥയില്‍ കാണാം. ഒരുപക്ഷേ ഇത് ചെയ്തുകഴിഞ്ഞാല്‍, ഇനി ഒന്നും ചെയ്യാനില്ലെന്ന് തനിക്ക് തോന്നാം. ഇതിന്റെ കഥ വളരെ പ്രത്യേകതയുള്ളതാണ്, ഇതിനുശേഷം മറ്റെന്തെങ്കിലും ചെയ്യാന്‍ പ്രയാസമായിരിക്കുമെന്നും ആമിര്‍ പറഞ്ഞിരുന്നു.

അതേസമയം അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'സിത്താരേ സമീന്‍ പറില്‍' ആമിര്‍ ഖാന്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിര്‍ എത്തുന്നത്. ആര്‍.എസ്. പ്രസന്നയാണ് ഈ ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സിത്താരെ സമീന്‍ പറില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com