
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' റിലീസിന് മുന്‍പ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. രജനികാന്ത് - ലോകേഷ് കോമ്പോ എന്നതിന് അപ്പുറത്തേക്ക് ചിത്രത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍ അഭിനയിക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങളായിരുന്നു അതിന് കാരണം. ആ അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ ആമിര്‍ ഖാന്‍ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. സൂമിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഒരു ആരാധകനാണ് താരത്തോട് 'കൂലി'യെ കുറിച്ച് ചോദിച്ചത്.
"ഇതു വളരെ പ്രയാസമേറിയ ചോദ്യമാണ്. എനിക്ക് ഇതിനൊന്നും ഉത്തരം പറയാനുള്ള അനുവാദമില്ല. നിങ്ങള്‍ എന്നെ പ്രശ്‌നത്തിലാക്കുകയാണ്. തീര്‍ച്ചയായും ഞാന്‍ ലോകേഷുമായി ഒരു സിനിമ ചെയ്യുന്നുണ്ട്. കൂലിയില്‍ ഞാന്‍ കാമിയോ വേഷത്തിലെത്തും", ആമിര്‍ ഖാന്‍ പറഞ്ഞു.
എങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമായത് എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഞാന്‍ വളരെ ആസ്വദിച്ചാണ് സിനിമ ചെയ്തത്. രജനിക്കൊപ്പം അഭിനയിക്കുന്നത് നല്ല അനുഭവമായിരുന്നു. ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. രജനി സാറിനോട് ഒരുപാട് ബഹുമാനമുണ്ട് എനിക്ക്. അതുകൊണ്ട് തന്നെ തിരക്കഥ പോലും ഞാന്‍ കേട്ടില്ല. ലോകേഷ് എന്നോട് രജനി സാറിന്റെ സിനിമയില്‍ ഒരു കാമിയോ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍, അതെന്തായാലും ഞാന്‍ ചെയ്യുമെന്നാണ് പറഞ്ഞത്", ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
"ലോകേഷിനൊപ്പം വീണ്ടും ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. കൈതി 2 പൂര്‍ത്തിയാക്കിയതിന് ശേഷം. അതുകൂടാതെ അടുത്ത വര്‍ഷം തുടക്കത്തിലും പിന്നീട് വര്‍ഷത്തിന്റെ പകുതിയിലും ഞാന്‍ സിനിമ ചെയ്യുന്നതായിരിക്കും", എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഥാപാത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 2024ലാണ് ചിത്രത്തിന്റെ പ്രാഥമിക പരിപാടികള്‍ ആരംഭിച്ചത്. 2025 ആഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്‌ചേഴ്‌സ് നിര്‍മാണവും.