ആമിര്‍ ഖാനുമൊത്തുള്ള ചിത്രം ലോകേഷ് കനകരാജ് പങ്കുവെച്ചപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ഇരുവരും ഒന്നിച്ച് സിനിമ വരുന്നു എന്ന ചര്‍ച്ചകള്‍. അതിന് ശേഷം ആമിര്‍ ഖാന്‍ തന്നെ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. ലോകേഷിനൊപ്പം ഒരു സിനിമ താന്‍ ചെയ്യുന്നുണ്ടെന്ന് സിനിമയുടെ ജോണര്‍ വെളിപ്പെടുത്താതെ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ആമിര്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
"ഞാനും ലോകേഷും ഒരുമിക്കുന്നത് ഒരു സൂപ്പര്‍ ഹീറോ ചിത്രത്തിന് വേണ്ടിയാണ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ്. കാരണം അദ്ദേഹം മികച്ച ഒരു സംവിധായകനാണ്. രാജ്കുമാര്‍ ഹിരാണിയുമായുള്ള ചിത്രത്തിന് ശേഷം ലോകേഷിന്റെ ചിത്രം ആരംഭിക്കും. 2026 സെപ്റ്റംബറില്‍ ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുന്നുണ്ടാകും", എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.
"ഞാന്‍ അതിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നെ സംബന്ധിച്ച് ആവേശമുണര്‍ത്തുന്ന കാര്യമാണിത്. കാരണം ഞാന്‍ വര്‍ഷങ്ങളായി ഒരു ആക്ഷന്‍ സിനിമ ചെയ്തിട്ട്", എന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ലോകേഷ് കനകരാജിന്റെ ചിത്രത്തിന് മുന്‍പ് രാജ്കുമാര്‍ ഹിരാണിയുടെ ചിത്രത്തിലാണ് ആമിര്‍ അഭിനയിക്കുക. ദാദാസാഹേബ് ഫാല്‍ക്കെയുടെ ബയോപികാണ് രാജ്കുമാര്‍ ഹിരാണി ഒരുക്കുന്നത്. അതേസമയം ലോകേഷിന്റെ പുതിയ ചിത്രമായ 'കൂലി'യില്‍ ആമിര്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ആമിര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'സിത്താരേ സമീന്‍ പര്‍' ആണ് അവസാനമായി തിയേറ്ററിലെത്തിയ ആമിര്‍ ഖാന്‍ ചിത്രം. ജൂണ്‍ 20ന് തിയേറ്ററിലെത്തിയ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 100 കോടി നേടിയിട്ടുണ്ട്. ചിത്രത്തില്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിര്‍ എത്തുന്നത്.