"അങ്ങനെയൊരു അഭിമുഖം നല്‍കിയിട്ടില്ല, രജനികാന്തിനോട് ബഹുമാനം മാത്രം"; കൂലിയെ വിമര്‍ശിച്ചെന്ന വിവാദത്തില്‍ ആമിര്‍ ഖാന്റെ ടീം

ആമിര്‍ ഖാന്‍ ഇതുവരെ കൂലി കണ്ടിട്ടില്ലെന്നും ടീം വെളിപ്പെടുത്തി.
aamir khan
ആമിർ ഖാന്‍Source : X
Published on

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലിയെ ആമിര്‍ ഖാന്‍ വിമര്‍ശിച്ചു എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ആമിര്‍ ഖാനും ചിത്രത്തില്‍ കാമിയോ റോളില്‍ എത്തിയിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കും വ്യക്തത നല്‍കിയിരിക്കുകയാണ് ആമിര്‍ ഖാന്റെ ടീം. ആ റിപ്പോര്‍ട്ടുകളെല്ലാം നിഷേധിക്കുകയും രജനികാന്തിനോട് ആമിറിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് പറയുകയും ചെയ്തു.

"ആമിര്‍ ഖാന്‍ അത്തരമൊരു അഭിമുഖം നല്‍കിയിട്ടില്ല. കൂലിയെ കുറിച്ച് ഒരു മോശം പരാമര്‍ശവും നടത്തിയിട്ടില്ല. ലോകേഷിനോടും രജനികാന്തിനോടും കൂലിയുടെ മുഴുവന്‍ ടീമിനോടും ആമിര്‍ ഖാന് വലിയ ബഹുമാനമാണ് ഉള്ളത്. ചിത്രം ബോക്‌സ് ഓഫീസില്‍ 500 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്. അതില്‍ ഇനി ഒന്നും പറയേണ്ടതില്ല", എന്നാണ് താരത്തിന്റെ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

കൂലി എന്ന ചിത്രത്തിന്റെ ഭാഗമായതില്‍ ഖേദമുണ്ടെന്നും ചിത്രത്തില്‍ തന്റെ കഥാപാത്രം എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചതെന്നും അറിയില്ലെന്ന് ആമിര്‍ പറയുന്ന ഒരു പത്രവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

aamir khan productions
ആമിർ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ഔദ്യോഗിക പ്രസ്താവനSource : Instagram

ഈ വിഷയത്തില്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കൂടുതല്‍ വ്യക്തത വരുത്തി. "കൂലി എന്ന ചിത്രത്തെ കുറിച്ച് ആമിര്‍ ഖാന്‍ ഒരു അഭിമുഖവും നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭിമുഖത്തില്‍ ആമിര്‍ കൂലിയെ വിമര്‍ശിച്ചെന്ന് പറയപ്പെടുന്നു. അത് വ്യാജ അഭിമുഖമാണ്", എന്നായിരുന്നു പ്രസ്താവന.

അദ്ദേഹം ചെയ്യുന്ന എല്ലാ ജോലികളോടും ആമിറിന് വലിയ ബഹുമാനമാണെന്നും ജോലിയെ നിസാരമായി കണ്ട് സംസാരിക്കാറില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അതോടൊപ്പം ആമിര്‍ ഖാന്‍ ഇതുവരെ കൂലി കണ്ടിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com