'ഞങ്ങളുടേത് വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന കുടുംബം'; ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാൻ

താരപദവിയുടെ പേരിൽ ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നവരെ നിശബ്ദരാക്കുമെന്നും മുന്നറിയിപ്പ്
aamir khan
aamir khan
Published on
Updated on

ഗൗരി സ്പ്രാട്ടുമായുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന 'ലവ് ജിഹാദ്' ആരോപണങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം ആമിർ ഖാൻ. തൻ്റെ കുടുംബം വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ഒന്നാണെന്നും, വിവാഹത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നെന്നും താരം പറഞ്ഞു.

യഥാർത്ഥത്തിൽ ഞങ്ങളുടേത് വളരെ ഉൾക്കൊള്ളലുകളുള്ള ഒരു കുടുംബമാണ്. എന്റെ രണ്ട് സഹോദരിമാരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണ്; എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചത്. എന്റെ കസിൻ മൻസൂർ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യാനിയെയാണ്.

തൻ്റെ മുൻഭാര്യമാരായ റീനയോ കിരണോ, അതല്ലെങ്കിൽ പുതിയ പങ്കാളി ഗൗരിയോ ആരും തന്നെ ഇസ്‌ലാം മതത്തിലേക്ക് മാറിയിട്ടില്ലെന്നും ആമിർ വ്യക്തമാക്കി. സിവിൽ നിയമപ്രകാരമാണ് തന്റെ എല്ലാ വിവാഹങ്ങളും നടന്നത്. ആചാരങ്ങൾ പിന്തുടരുന്ന ഒരാളല്ല തൻ്റ ഭാര്യയെന്ന് പറഞ്ഞ അമീർ കാലം കടന്നുപോകുന്തോറും ജീവിതം കൂടുതൽ തമാശയായി മാറിക്കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ലവ് ജിഹാദ് ആരോപിച്ച് അമീർ ഖാന് നേരെ വധഭീഷണിയുമായി ലോറൻസ് ബിഷ്‌ണോയ് സംഘമെത്തി. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അർസു ബിഷ്‌ണോയ്, ടൈസൺ ബിഷ്‌ണോയ് എന്നിവർ ചേർന്നാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. അമീർ ഖാനെപ്പോലുള്ള ആളുകൾ രാജ്യത്തിന്റെ സംസ്കാരത്തിന് വിരുദ്ധമായി ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത് സനാതന ധർമത്തിനും രാജ്യത്തിനും എതിരാണെന്നും പോസ്റ്റിൽ ആരോപിക്കുന്നു. താരപദവിയുടെ പേരിൽ ഇത്തരം പ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുന്നവരെ നിശബ്ദരാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ 13 കാരിക്ക് നേരെയുണ്ടായ ആക്രമണത്തെയും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. കേസിൽ വേഗത്തിൽ നടപടിയെടുത്ത ഭരണകൂടത്തെ അഭിനന്ദിക്കുന്ന സംഘം, പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് കടുത്ത താക്കീത് നൽകുന്നുണ്ട്.

ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്കിലെ പോസ്റ്റും ഒരു ശബ്ദസന്ദേശവും വഴിയാണ് പൊലീസിന് ഈ വിവരങ്ങൾ ലഭിച്ചത്. എന്നാൽ അമീർ ഖാനിൽ നിന്നോ, ടീം അംഗങ്ങളിൽ നിന്നോ ഔദ്യോഗകമായി പരാതി ലഭിച്ചിട്ടില്ല. അമീർ ഖാൻ പരാതി നൽകുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നടൻ സൽമാൻ ഖാനെതിരെ വർഷങ്ങളായി വധഭീഷണി മുഴക്കുകയും 2022-ൽ ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തുകയും ചെയ്ത അതേ സംഘത്തിൽ നിന്നാണ് ഇപ്പോൾ അമീർ ഖാനും ഭീഷണി ഉയർന്നിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com