ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ അഭിനയത്തോട് ഗുഡ്ബൈ പറയാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പുതിയതായി ആമിർ ഖാന്റേതായി റിലീസിനൊരുങ്ങുന്ന സിതാരെ സമീൻ പറിൻ്റെ പ്രമോഷൻ വേദിയിലാണ് തൻ്റെ സ്വപ്ന സിനിമയെക്കുറിച്ചും അഭിനയം അവസാനിപ്പിക്കുന്നതിനെ കുറിച്ചും ആമിർ സൂചന നൽകിയത്.
തന്റെ സ്വപ്ന സിനിമയായ മഹാഭാരതിനെക്കുറിച്ചാണ് ആമിർ ഖാൻ തന്റെ പ്രമോഷൻ പരിപാടികൾക്കിടെ തുറന്നു പറഞ്ഞത്. ഈ ചിത്രത്തിലെ വേഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ശ്രീ കൃഷ്ണൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം സൂചന നൽകി. "ശ്രീ കൃഷ്ണന്റെ കഥാപാത്രം എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. വ്യക്തിപരമായി, എനിക്ക് ഈ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്, മഹാഭാരതം നിർമിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് ശരിക്കും വളരെ ബുദ്ധിമുട്ടാണ്," ആമിർ ഖാൻ പറഞ്ഞു.
ഇത് തന്റെ അവസാന ചിത്രമായിരിക്കാമെന്നും ആമിർ സൂചന നൽകി. മഹാഭാരതത്തിൽ എല്ലാം ഉണ്ട്, വികാരങ്ങൾ, ആഴം, ഗാംഭീര്യം. ലോകത്തിൽ എന്തൊക്കെയുണ്ടോ, അതൊക്കെ ഈ കഥയിൽ കാണാം. ഒരുപക്ഷേ ഇത് ചെയ്തുകഴിഞ്ഞാൽ, എനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് എനിക്ക് തോന്നാം. ഇതിന്റെ കഥ വളരെ പ്രത്യേകതയുള്ളതാണ്, ഇതിനുശേഷം മറ്റെന്തെങ്കിലും ചെയ്യാൻ പ്രയാസമായിരിക്കുമെന്നും ആമിർ പറഞ്ഞു. എന്നാൽ, മഹാഭാരതിന് ശേഷം മറ്റൊന്നും ചെയ്യാനില്ല എന്ന ആമിറിൻ്റെ പ്രസ്താവന ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ചയാകുകയാണ്.
അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'സിത്താരേ സമീന്‍ പറില്‍' ആമിര്‍ ഖാന്‍ ഒരു ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന കോച്ചായാണ് ആമിര്‍ എത്തുന്നത്. ആര്‍.എസ്. പ്രസന്നയാണ് ഈ ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. സിത്താരെ സമീൻ പറിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.