
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തിയ അഭിനയ തന്റെ പ്രകടന മികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2024 ഒക്ടോബര്‍ 24ന് തിയേറ്ററിലെത്തിയ ചിത്രം നിലവില്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് തുടരുകയാണ്. ചിത്രത്തിന്റെ റിലീസ് സമയത്ത് തന്നെ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ വിവാദമായ റേപ്പ് സീന്‍ ചിത്രീകരിച്ച രീതിയെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയ വ്യക്തിയെ ജോജു വിളിച്ച് ഭീഷണിപ്പെടുത്തുകയുണ്ടായി. ഈ വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ചിത്രത്തിലെ വിവാദമായ ആ റേപ്പ് സീനില്‍ അതിജീവിതയായി അഭിനയിച്ചത് അഭിനയയാണ്. അതേ കുറിച്ച് അഭിനയ സ്‌ക്രീന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചു.
'അത് പൂര്‍ണ്ണമായും സംവിധായകന്റെ ചോയിസാണ്. ജോജു സര്‍ വളരെ അധികം അനുഭവ സമ്പത്തുള്ള നടനാണ്. നിരവധി ഭാഷകളിലും നിരവധി സംവിധായകരുമായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ആ സീന്‍ സംവിധായകന്റെ ചോയിസാണ്. എനിക്ക് അതില്‍ കൂടുതലായൊന്നും ചേര്‍ക്കാനില്ല. അത് അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റിയാണ്. എങ്ങനെ സിനിമയില്‍ കാര്യങ്ങള്‍ ചിത്രീകരിക്കണമെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അവസാന വാക്ക് സംവിധായകന്റേതായിരിക്കും', എന്നാണ് അഭിനയ പറഞ്ഞത്.
എന്തുകൊണ്ട് പണി എന്ന സിനിമ തിരഞ്ഞെടുത്തു എന്നതിനെ കുറിച്ചും അഭിനയ സംസാരിച്ചു. 'എനിക്ക് തിരക്കഥ വളരെ അധികം ഇഷ്ടപ്പെട്ടു. ഗൗരി എന്ന കഥാപാത്രം ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്. അത് എന്റെ കരിയറിനെ മികച്ചതാക്കുമെന്ന് എനിക്ക് തോന്നി. പിന്നെ ജോജു സാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. അതും എന്നില്‍ ആവേശം കൂട്ടി', എന്നും അഭിനയ പറഞ്ഞു.
ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചും അഭിനയ തുറന്ന് സംസാരിച്ചു. 'മലയാള സിനിമയില്‍ അഭിനയിക്കുന്നത് തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ്. കാരണം വളരെ വ്യത്യസ്തമായ രീതിയിലാണ് മലയാളത്തില്‍ അഭിനയിക്കേണ്ടത്. മറ്റ് സിനിമ മേഖലകളില്‍ വളരെ ലൗഡായാണ് അഭിനയിക്കേണ്ടി വരാറ്. എന്നാല്‍ മലയാളത്തിലേക്ക് വരുമ്പോള്‍ അങ്ങനെയല്ല. കൂടുതലും സ്വാഭാവികമായ അഭിനയമാണ് മലയാളത്തില്‍ ആവശ്യം. പിന്നെ പണിയുടെ ചിത്രീകരണ സമയത്ത് ജോജു സര്‍ എന്നെ മികച്ച രീതിയില്‍ ഗൈഡ് ചെയ്തിരുന്നു. എപ്പോഴൊക്കെ അഭിനയത്തിന്റെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ചെയ്യുമ്പോഴും അദ്ദേഹം പറഞ്ഞു തരുമായിരുന്നു. വളരെ സ്വാഭാവികമായ രീതിയില്‍ വേണം അഭിനയിക്കാന്‍. എക്‌സ്‌പ്രെഷന്‍ വളരെ മിതമായ രീതിയില്‍ മതി എന്നെല്ലാം അദ്ദേഹം പറയുമായിരുന്നു', അഭിനയ കൂട്ടിച്ചേര്‍ത്തു.