
നാഗ് അശ്വിന്‍ ചിത്രം കല്‍ക്കി വമ്പന്‍ കളക്ഷനുമായി തിയേറ്റുകളില്‍ നിറഞ്ഞോടുകയാണ്. സിനിമ റിലീസായതിന് പിന്നാലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു സിനിമയുടെ തുടക്കത്തില്‍ വരുന്ന കൃഷ്ണന്‍റേത്. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ അശ്വത്ഥാമാവുമായി സംഭാഷണത്തിലേര്‍പ്പെടുന്ന രംഗങ്ങള്‍ക്ക് വലിയ കൈയ്യടിയാണ് തീയേറ്ററില്‍ നിന്ന് ഉയര്‍ന്നത്.
തമിഴ് നടന്‍ കെകെയാണ് ഈ കഥാപാത്രമായെത്തിയത്. സൂരരൈ പോട്രില്‍ സൂര്യയുടെ സുഹൃത്തായ പൈലറ്റ് ചൈതന്യയെ അവതരിപ്പിച്ചത് കെകെ ആയിരുന്നു. അപ്പോഴും പ്രേക്ഷകര്‍ തിരഞ്ഞത് കൃഷ്ണന്‍റെ ഗാംഭീര്യമുള്ള ശബ്ദത്തിന്‍റെ ഉടമ ആരാണെന്നായിരുന്നു.
കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസാണ് കൽക്കിയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ കൃഷ്ണന് ശബ്ദം നൽകിയത്. സിനിമയുടെ ഭാഗമാകുക എന്നതിനപ്പുറം താൻ ഏറെ ആരാധിച്ചിരുന്ന അമിതാഭ് ബച്ചനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൻറെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ നടന്‍ പങ്കുവെക്കുകയും ചെയ്തു.
" പ്രൊഡ്യൂസര്‍ സ്വപ്നയാണ് ആഴ്ചകള്‍ക്ക് മുന്‍പ് കല്‍ക്കിയിലെ കൃഷ്ണന് ഡബ് ചെയ്യാനായി വിളിക്കുന്നത്. ആദ്യം ഒന്ന് മടിച്ചെങ്കിലും അവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒന്ന് 'നിങ്ങൾ അമിതാഭ് ബച്ചനോടാകും സംസാരിക്കേണ്ടത്', രണ്ട് 'ഞങ്ങളെ വിശ്വസിക്കുക'. ഓർമ്മ വെച്ച നാൾ മുതൽ അമിതാഭ് ബച്ചന്റെ ആരാധകനാണ് ഞാൻ. സ്കൂളിലും കോളേജിലും അദ്ദേഹത്തിൻ്റെ ശബ്ദം അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഡബ്ബ് ചെയ്യാൻ വിധത്തിൽ ഞാൻ ഉണ്ടോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.
അങ്ങനെ ഹൈദരാബാദിലെ സ്റ്റുഡിയോയിൽ പോയി, ബച്ചൻ സാറിൻ്റെ ഡബ്ബ് ചെയ്ത പതിപ്പ് കേൾപ്പിക്കാൻ എൻജിനീയറോട് അഭ്യർഥിച്ചു. ബച്ചൻ സാറിൻ്റെ ശബ്ദം കേട്ടപ്പോൾ തന്നെ അത് എനിക്ക് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുത്തു. അദ്ദേഹത്തിൻ്റെ ഐതിഹാസിക ഡയലോഗുകൾ മാത്രമാണ് എൻ്റെ തലയിൽ അപ്പോൾ ഓടിക്കൊണ്ടിരുന്നത്. പണ്ട്, സ്കൂളിൽ അദ്ദേഹത്തിൻ്റെ ഡയലോഗുകൾ സദസ്സിനോട് പറഞ്ഞ ഞാൻ ഇന്ന് അദ്ദേഹത്തിൻ്റെ ശബ്ദം കേൾക്കുകയാണ്, അദ്ദേഹവുമായി സംഭാഷണങ്ങൾ പങ്കിടുകയാണ്. സ്വബോധത്തിലേയ്ക്ക് തിരിച്ചെത്താൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു.
തിരക്കേറിയ സമയമായിരുന്നിട്ടും നാഗ് അശ്വിന്‍ ഒപ്പമിരുന്ന് കാര്യങ്ങള്‍ പറഞ്ഞു തന്നു. സമയക്കുറവ് മൂലം തെലുങ്ക്, ഹിന്ദി പതിപ്പ് മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളു.എനിക്കു വേണ്ടി വളരെയധികം ക്ഷമയും ദയയും കാണിച്ച നാഗ് അശ്വിന് നന്ദി. നന്ദി സ്വപ്‌ന, നിങ്ങൾ ആഗ്രഹിച്ച കാര്യത്തോട് അൽപ്പമെങ്കിലും അടുത്തെത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
എൻ്റെ ശബ്ദം മനസിലാക്കി എനിക്ക് മെസേജ് അയച്ചവര്‍ക്ക് നന്ദി. ഈ വലിയ ചിത്രത്തിൽ ചെറിയൊരു ഭാഗമാകാൻ സാധിച്ചത് അഭിമാനമായി കാണുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. ചെറുപ്പത്തിൽ, ബച്ചൻ സാറിനോട് സംഭാഷണം നടത്തേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ടീം കൽക്കിക്ക് നന്ദി. ആ കുട്ടിയുടെ മുഖത്ത് ജീവിതകാലം മുഴുവൻ പുഞ്ചിരിയുണ്ടാകും. എനിക്ക് ഒരു കെട്ടിടമുണ്ട്, ഒരു വസ്തുവുണ്ട്, ബാങ്ക് ബാലൻസ് ഉണ്ട്, ഒരു കാർ ഉണ്ട്, നിങ്ങൾക്ക് എന്താണ് ഉള്ളതെന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, എനിക്ക് ബച്ചൻ സാറുമായി ഒരു ഡയലോഗ് ഉണ്ടെന്ന് " - അര്‍ജുന്‍ ദാസ് കുറിച്ചു.