ലോകസുന്ദരിപ്പട്ടം നേടിയതിനു പിറകെ തന്നെ ഇന്ത്യൻ സിനിമയിലെ താരറാണിമാരുടെ ഇടയിലേക്ക് ഉയർന്ന നടിയാണ് ഐശ്വര്യറായ്. ബോളിവുഡിനു പിറകെ തെന്നിന്ത്യൻ ചിത്രങ്ങളിലും ഐശ്വര്യ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ ആണ് ഐശ്വര്യ റായുടെ ആദ്യ ചിത്രം. പിന്നീട് 'ഓർ പ്യാർ ഹോ ഗയ' എന്ന ചിത്രത്തിലൂടെയാണ് ലോകസുന്ദരിയുടെ ബോളിവുഡ് പ്രവേശം.
ബോബി ഡിയോള്‍ ആയിരുന്നു ഐശ്വര്യ റായുടെ ബോളിവുഡിലെ ആദ്യ നായകൻ. ഇപ്പോഴിതാ ബോബി ഡിയോൾ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. 'ഓർ പ്യാർ ഹോ ഗയ' ചിത്രീകരണം സ്വിറ്റ്സർ ലാൻ്റിൽ നടക്കുന്ന സമയം ഉണ്ടായ അപകടത്തെക്കുറിച്ചാണ് നടൻ വിശദീകരിച്ചത്.
രാജ്യത്തെ ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായ്.അവര്‍ നല്ല കഴിവുള്ള നര്‍ത്തകിയായിരുന്നു'. പക്ഷെ അത് അവരുടെ ആദ്യത്തെ സിനിമയായിരുന്നതുകൊണ്ട് അൽപ്പം പേടിയുണ്ടായിരുന്നു. 40 ദിവസം മൊത്തം ഷൂട്ടിംഗ് സെറ്റും സ്വിറ്റ്‌സര്‍ലാൻഡിൽ ഉണ്ടായിരുന്നുവെന്നും നടൻ പറയുന്നു. അവിടെ ഷൂട്ട് മുൻകൂട്ടി തീരുമാനിച്ചിരുന്നില്ല. രാവിലെ ഏഴ് മണിയ്ക്ക് യൂണിറ്റ് മുഴുവന്‍ ഒരു ബസില്‍ കയറി യാത്ര ആരംഭിക്കും. ബസ് എവിടെ നിര്‍ത്തുന്നുവോ അവിടെയാകും അന്നത്തെ ഷൂട്ട് എന്നും ബോബി പറഞ്ഞു.
അന്ന് എയർ ബലൂണിലും ഷൂട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ നടൻ അപ്പോഴുണ്ടായ അപകടത്തേക്കുറിച്ചും വിശദീകരിച്ചു. "എയർ ബലൂണിൽ ഒരു തവണ ലാന്റിങ് ശരിയായില്ല. ഐശ്വര്യയുടെ തലയ്ക്ക് പരുക്കേറ്റു. ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് ഞാന്‍ ഇതുവരേയും സംസാരിച്ചിട്ടില്ല. ഭാഗ്യത്തിന് അവര്‍ക്ക് ഒന്നും സംഭവിച്ചില്ല" എന്നായിരുന്നു ബോബി ഡിയോളിന്റെ വാക്കുകൾ.
1997 ൽ പുറത്തിറങ്ങിയ ഓർ പ്യാർ ഹോ ഗയ എന്ന ചിത്രം രാഹുല്‍ റാവെയ്ല്‍ ആണ് സംവിദാനം ചെയ്തത്. ബോബി ഡിയോളും , ഐശ്വര്യ റായും നായികാ നായകന്മാരായെത്തിയ ചിത്രത്തിൽ ഷമ്മി കപൂര്‍, അനുപം ഖേര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.